Fact Check: ഗാസയില്‍ ബങ്കറില്‍ നിന്ന് നാല്‍പതോളം ഹമാസുകാരെ പൊക്കി ഇസ്രയേല്‍ സേന, ചിത്രം സത്യമോ?
ഇസ്രയേൽ പട്ടാളം ഗാസയില്‍ കടന്ന് ബങ്കറുകളില്‍ നിന്ന് ആദ്യ ഓപ്പറേഷനില്‍ പിടികൂടിയ ഹമാസ് ഭീകരുടെ ചിത്രം എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോയുടെ വസ്‌തുത
ആശങ്കകള്‍ കൂട്ടി ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇത്രയും ദിവസം വ്യോമാക്രമണമാണ് ഇസ്രയേല്‍ സേന നടത്തിയിരുന്നത് എങ്കില്‍ ഐഡിഎഫ് (Israel Defense Forces) കരമാര്‍ഗം ഗാസയിലേക്ക് പ്രവേശിച്ചതായും ബങ്കറിൽ ഒളിച്ചിരുന്ന ഹമാസ് ഭീകരരെ പിടികൂടിയതായും ചിത്രം സഹിതം പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. ഏകദേശം നാല്‍പതോളം ഹമാസ് ഭീകരരെ പിടികൂടിയെന്ന് പറഞ്ഞാണ് ഈ ചിത്രം പ്രചരിക്കുന്നത്. ചിത്രത്തിന്‍റെ വസ്‌തുത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം പരിശോധിച്ചു.
പ്രചാരണം
'ഇസ്രയേൽ പട്ടാളം ഗാസയിൽ പ്രവേശിച്ചു... ആദ്യ ഓപ്പറേഷൻ ബങ്കറിൽ ഒളിച്ചിരുന്ന ഹമാസ് ഭീകരരെ പിടിക്കുക... ഏകദേശം 40 ഓളം പേരെ പുകച്ചു പുറത്തു ചാടിച്ചു, ഭീകരർ കീഴടങ്ങി, ഇനി ഇവരെ വെച്ച് ബാക്കിയുള്ളവരെ പൊക്കാം ഫോട്ടോയിൽ കാണാം കുഴിയിൽ നിന്നും എലിയെ പിടിക്കുന്നത് പോലെ ഭീകരരെ പോകുന്നത്' എന്നുമാണ് ഗംഗ ബി വാര്യര്‍ 2023 ഒക്ടോബര്‍ 24-ാം തിയതി മലയാളത്തില്‍ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
എന്നാല്‍ ഇസ്രയേൽ സൈന്യം ഗാസയിലെ ബങ്കറുകളില്‍ നിന്ന് പിടിച്ച ഹമാസ് ഭീകരുടെ ചിത്രം എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം കണ്ടെത്തിയത്. ഈ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഗാസയില്‍ നിന്നല്ല, വെസ്റ്റ് ബാങ്കില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിടികൂടിയ പലസ്തീനികളുടെ ചിത്രമാണിത് എന്നാണ് റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ ലഭിച്ച വിവിധ ട്വീറ്റുകളില്‍ പറയുന്നത്. 2023 ഒക്ടോബര്‍ 21-ാം തിയതി ചെയ്‌തിട്ടുള്ള ട്വീറ്റില്‍ പറയുന്നത് വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ പട്ടണമായ റാമല്ലയ്‌ക്ക് അടുത്ത അറോറ ഗ്രാമത്തില്‍ നിന്നാണ് ഇവരെ ഇസ്രയേല്‍ സേന പിടികൂടിയത് എന്നാണ്. ട്വീറ്റുകളുടെ സ്ക്രീന്‍ഷോട്ട് ചുവടെ.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഗാസയില്‍ നിന്ന് ഇസ്രയേലിനെ ആക്രമിച്ചതിന് പിന്നാലെ വെസ്റ്റ് ബാങ്കിലുള്ള നൂറുകണക്കിന് പേരെ ഇസ്രയേല്‍ പിടികൂടി ജയലിലടച്ചു എന്ന് വിവിധ മാധ്യമ വാര്‍ത്തകളില്‍ പറയുന്നുണ്ട്. എന്നാല്‍ ഗാസയില്‍ ബങ്കറുകളില്‍ നിന്ന് നാല്‍പതോളം ഹമാസ് ഭീകരരെ പിടികൂടിയതായി ഈ ഫോട്ടോ സഹിതം വാര്‍ത്തകളൊന്നും കീവേഡ് സെര്‍ച്ചില്‍ കണ്ടെത്താനായില്ല.
നിഗമനം
ഈ ചിത്രം 2023 ഒക്ടോബര്‍ 21-ാം തിയതി മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ കാണാം. ഇരുപത്തിയൊന്നും തിയതിയോ അതിന് മുമ്പേ ഐഡിഎഫ് കരമാര്‍ഗം ഗാസയില്‍ പ്രവേശിച്ചിരുന്നതായി നിലവില്‍ സ്ഥിരീകരണമില്ല. അതിനാല്‍ തന്നെ ചിത്രം ഗാസയില്‍ നിന്നുള്ളതാണ് എന്ന് ഇപ്പോള്‍ ഉറപ്പിക്കാനാവില്ല. ഫോട്ടോ വെസ്റ്റ് ബാങ്കില്‍ നിന്നുള്ളതാണ് എന്നാണ് നിലവിലെ സൂചനകള്‍ വച്ച് നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നത്.
Read more: Fact Check | ഇസ്രയേല്‍ ക്രൂരത, വെള്ളം കുടിക്കുകയായിരുന്ന കുട്ടികള്‍ക്ക് നേര്‍ക്ക് ബോംബിട്ടു?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം