കേരളതീരത്തേക്ക് എത്തുന്നത് അതിശക്ത സൈക്ലോണോ? പ്രചാരണത്തിലെ വസ്തുത ഇതാണ്

മഴക്കെടുതിയും ഉരുള്‍പൊട്ടലുമുണ്ടായതിന് പിന്നാലെ ആളുകളെ ഭീതിയിലാക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വെറലാവുന്നത്. കാലാവസ്ഥ അധികൃതര്‍ വിശദമാക്കുന്നത് എന്ന പേരില്‍ ഇത്തരം നിരവധി സന്ദേശങ്ങളാണ് വാട്ട്ആപ്പിലും ഫേസ്ബുക്കിലും കറങ്ങി നടക്കുന്നത്

is a heavy cyclone approaching kerala soonwhat is the reality of the social media claim

കാലാവസ്ഥയില്‍(Weather) പെട്ടന്നുണ്ടാകുന്ന മാറ്റങ്ങളേക്കുറിച്ച് പല രീതിയിലാണ് ആളുകള്‍ പ്രതികരിക്കുന്നത്. മഴക്കെടുതിയും(Kerala Rains) ഉരുള്‍പൊട്ടലുമുണ്ടായതിന്(Landslide) പിന്നാലെ ആളുകളെ ഭീതിയിലാക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വെറലാവുന്നത് (Social media claim). കാലാവസ്ഥ അധികൃതര്‍ വിശദമാക്കുന്നത് എന്ന പേരില്‍ ഇത്തരം നിരവധി സന്ദേശങ്ങളാണ് വാട്ട്ആപ്പിലും ഫേസ്ബുക്കിലും കറങ്ങി നടക്കുന്നത്. കേരളത്തിന്‍റെ തീരത്തേക്ക് അടുക്കുന്നത് അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ്(Cyclone) എന്നതാണ് ഇത്തരം പ്രചാരണങ്ങളില്‍ അവസാനമെത്തിയത്. ഈ തലമുറയിലെ ആരും കണ്ടിട്ടില്ലാത്ത അത്ര ശക്തമായ സൈക്ലോണ്‍ ആവും വരുന്നതെന്നും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണെന്നും വിശദമാക്കുന്നതാണ് ഈ സന്ദേശം. 

വ്യാപകമായി പ്രചരിച്ച സമൂഹമാധ്യങ്ങളിലെ അവകാശവാദം ഇതാണ്

അതി ശക്തമായ സൈക്ളോൺ ആണ് ഇപ്പോൾ കേരളത്തിന്റെ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ ഇത്ര ശക്തമായ ഒരു സൈക്ളോൺ ഈ തലമുറയിലെ ആരും കണ്ടിട്ടുണ്ടാവില്ല. അത്ര ശക്തമാണ് അത്. കനത്ത കാറ്റോ, ഇടിമിന്നലോ രണ്ടും ചേർന്നോ ഉള്ള പേമാരിയാണ് വരും ദിവസങ്ങളിൽ കേരളത്തിൽ കാലാവസ്ഥാ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. കനത്ത വെള്ളപ്പൊക്ക സാധ്യതയുണ്ട്.  ജാഗ്രത ആവശ്യമാണ്. കേരളത്തിലും, അതിർത്തികളായ കുടക്, തമിഴ്നാട്ടിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ ഒക്കെ ജാഗ്രത പാലിക്കേണ്ടതുണ്ട്. വരുന്ന മൂന്നോ, നാലോ ദിവസങ്ങളിൽ യാത്രകൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. മൊബൈൽ ഫോണുകൾ, എമർജൻസി ലൈറ്റുകൾ, പവർ ബാങ്കുകൾ ഇവ ചാർജ് ചെയ്തു വയ്ക്കുക. കുട്ടികളെയും, പ്രായമായവരെയും ശ്രദ്ധിക്കുക. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ എമർജൻസി കിറ്റുകൾ തയ്യാറാക്കി വയ്ക്കുക.


എന്നാല്‍ കാലാവസ്ഥാ വിദഗ്ധരോ അന്തരീക്ഷ ശാസ്ത്ര വിദഗ്ധരോ കേരള തീരത്തേക്ക് എത്തുന്ന ഇത്തരമൊരു ചുഴലിക്കൊടുങ്കാറ്റിനേക്കുറിച്ചോ പറയുന്നില്ല. വ്യാപക പ്രചാരം നേടിയ കേരളതീരത്തേക്ക് അടുക്കുന്ന അതിശക്തമായ ചുഴലിക്കൊടുങ്കാറ്റിന്‍റെ വസ്തുതയെന്താണ്? ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് കേരളത്തിലേക്ക് ആദ്യത്തെ ചുഴലിക്കാറ്റ് എത്തുന്നുവെന്ന രീതിയിലുള്ള പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് കുസാറ്റിലെ അന്തരീക്ഷ ശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസറായ ഡോ അഭിലാഷ് എസ് പറയുന്നു. ആളുകളെ ഭീതിയിലാക്കാനാണ് ഇത്തരം സന്ദേശങ്ങള്‍ പ്രയോജനപ്പെടൂ. ഫേസ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും വലിയ രീതിയിലാണ് ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നത്. ശ്രദ്ധിച്ചാല്‍ മനസിലാകും ചില അഭിനവ കാലാവസ്ഥാ വിദഗ്ധരാണ് ഇത്തരത്തിലുള്ള തെറ്റായ സന്ദേശങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇതൊരു സൈക്ലോണിക് സീസണാണ്. മുന്നറിയിപ്പോ മറ്റൊന്നും കൂടാതെ തന്നെ കടലില്‍ ചുഴലിക്കാറ്റ് രൂപം കൊള്ളുന്ന സമയമാണ് ഒക്ടോബര്‍, നവംബര്‍  മാസങ്ങള്‍.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ചെറിയൊരു കറക്കം വന്നാല്‍ ഉടന്‍ അത് ചുഴലിക്കൊടുങ്കാറ്റെന്ന് പറയുന്നത് ഈ ഫേസ്ബുക്ക് പ്രവചനക്കാരാണ്. ചുഴലിക്കാറ്റ് ഉണ്ടായി, ശക്തിയായാല്‍ മാത്രമാണ് അതിന്‍റെ ഗതിയും ഏതെല്ലാം ദിശയിലേക്ക് അതെത്തുമെന്നും പറയാന്‍ സാധിക്കൂവെന്നും ഡോ അഭിലാഷ് പറയുന്നു. സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രചാരണം മൂലം ശരിക്കും അലേര്‍ട്ടുകള്‍ നല്‍കുമ്പോള്‍ പുലി വരുന്നേ പുലി എന്ന് പറയുന്ന അവസ്ഥയാണ് ഇവിടെയുള്ളതെന്നും ഡോ അഭിലാഷ് പ്രതികരിക്കുന്നു. ഇത്തരം വ്യാജ അലേര്‍ട്ടുകള്‍ പുറത്തുവിടുന്നവരെ പുറത്തുകൊണ്ടുവരണമെന്നും ഡോ അഭിലാഷ് ആവശ്യപ്പെടുന്നു. ഇത്തരമൊരു ചുഴലിക്കൊടുങ്കാറ്റ് വരുന്നതിനേക്കുറിച്ച് യാതൊരു മുന്നറിയിപ്പും നിലവില്‍ ഇല്ല. അഥവാ അങ്ങനെ വരുകയാണെങ്കില്‍ രണ്ടോ മൂന്നോ ദിവസം മുന്‍പ് മാത്രമാണ് വ്യക്തമായ വിവരങ്ങള്‍ ലഭ്യമാകൂവെന്നും ഡോ അഭിലാഷ് പറയുന്നു. ഇത്തരം സാധ്യകളേ അപ്പാടെ തള്ളിക്കളയുന്നില്ല എങ്കിലും ആളുകളെ ഭീതിയിലാഴ്ത്തുന്ന രീതിയിലെ ഈ പ്രചാരണം വ്യാജമാണെന്നും ഡോ അഭിലാഷ് വ്യക്തമാക്കി. 

എന്നാല്‍ ഒക്ടോബർ 20 മുതൽ 24 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

 

Latest Videos
Follow Us:
Download App:
  • android
  • ios