നമുക്ക് കിട്ടുന്നത് നിറങ്ങള്‍ കുത്തിവെച്ച തണ്ണിമത്തനോ; ഭയപ്പെടുത്തുന്ന വീഡിയോ വിശ്വസനീയമോ? Fact Check
ഇയാളുടെ മുന്നിലായി നിരവധി സിറിഞ്ചുകളും നിറങ്ങള്‍ നിറച്ച കുപ്പികളും കാണാം
ചൂടുകാലത്ത് നമ്മുടെയെല്ലാം പ്രിയപ്പെട്ട പഴങ്ങളിലൊന്നാണ് തണ്ണിമത്തന്‍. ധാരാളം വെള്ളത്തിന്‍റെ ഉറവിടമായതിനാല്‍ തണ്ണിമത്തന്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമായി കരുതുന്നു. എന്നാല്‍ നിറവും മധുരവും കൃത്രിമമായി ചേര്‍ത്താണോ തണ്ണിമത്തന്‍ നമ്മുടെ കൈകളിലെത്തുന്നത്. തണ്ണിമത്തനില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നു എന്ന ആരോപണം പലകുറി ഉയര്‍ന്നിട്ടുള്ളതാണ്. ഇപ്പോള്‍ സമാന ആരോപണം ഉന്നയിക്കുന്ന ഒരു വീഡിയോയുടെ വസ്തുത പരിശോധിക്കാം.
പ്രചാരണം
മുഖം മൂടിക്കെട്ടിയ ഒരാള്‍ തണ്ണിമത്തനുകളുടെ സമീപത്ത് ഇരിക്കുന്നതാണ് ദൃശ്യത്തില്‍ കാണുന്നത്. ഇയാളുടെ മുന്നിലായി നിരവധി സിറിഞ്ചുകളും നിറങ്ങള്‍ നിറച്ച കുപ്പികളും കാണാം. ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നതായും എങ്ങനെയാണ് നിറം തണ്ണിമത്തനില്‍ നിറയ്ക്കുന്നത് എന്ന് പ്രതി വിവരിക്കുന്നതുമാണ് ഏഴര മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. ഇത്തരം തട്ടിപ്പുകള്‍ക്ക് പിന്നിലുള്ള മാഫിയയെ കണ്ടെത്തി ശക്തമായ ശിക്ഷ നല്‍കുക എന്ന ആഹ്വാനത്തോടെയാണ് വീഡിയോ വിവേക് എന്ന യൂസര്‍ 2024 മെയ് 2ന് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു.
വസ്‌തുതാ പരിശോധന
ഈ വീഡിയോ വ്യക്തമായി നിരീക്ഷിച്ചാല്‍ ഇടയ്‌ക്ക് 28-ാം സെക്കന്‍ഡില്‍ ഒരു മുന്നറിയിപ്പ് (ഡിസ്‌ക്ലൈമര്‍) കയറിവരുന്നത് കാണാം. ഈ വീഡിയോ പൂര്‍ണമായും തിരക്കഥയുടെ അടിസ്ഥാനത്തില്‍ നിര്‍മിച്ചതാണെന്നും ബോധവല്‍ക്കരണത്തിന് വേണ്ടിയുള്ളതാണെന്നുമാണ് ഈ മുന്നറിയിപ്പില്‍ പറയുന്നത്. ഈ സൂചന വച്ച് നടത്തിയ പരിശോധനയില്‍ വീഡിയോയുടെ യഥാര്‍ഥ ഭാഗം ദി സോഷ്യല്‍ ജങ്ഷന്‍ എന്ന യൂട്യൂബ് അക്കൗണ്ടില്‍ 2024 ഏപ്രില്‍ 29ന് പോസ്റ്റ് ചെയ്‌തിട്ടുള്ളതാണ് എന്ന് കണ്ടെത്താനായി. സമാനമായി മറ്റ് നിരവധി ബോധവല്‍ക്കരണ വീഡിയോകളും ഈ യൂട്യൂബ് ചാനലില്‍ അപ‌്‌ലോഡ് ചെയ്‌തിട്ടുള്ളതായി കാണാം.
നിഗമനം
തണ്ണിമത്തനില്‍ കളര്‍ നിറയ്‌കുന്നതായി പ്രചരിക്കുന്ന വീഡിയോ ബോധവല്‍ക്കര ഉദ്ദേശ്യത്തോടെ നിര്‍മിച്ച വീഡിയോയാണ്. യഥാര്‍ഥ സംഭവം ഷൂട്ട് ചെയ്‌ത ദൃശ്യങ്ങളല്ല ഇത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം