മുംബൈയിലേക്ക് പുറപ്പെട്ട കണ്ടെയ്നർ ട്രെയിൻ കാണാതായോ?; പ്രചരിക്കുന്ന വാർത്ത സത്യമല്ലെന്ന് റെയിൽവേ
12 ദിവസം കഴിഞ്ഞിട്ടും കോടിക്കണക്കിന് രൂപയുടെ കയറ്റുമതി സാമഗ്രികൾ നിറച്ച കണ്ടെയ്‌നറുകളുമായി ട്രെയിൻ എത്തിയില്ലെന്നും ട്രെയിൻ എവിടെയാണെന്ന് കണ്ടെത്താൻ അധികൃതർക്ക് സാധിക്കുന്നില്ലെന്നുമാണ് വാർത്ത വന്നത്.
മുംബൈ: നാഗ്പൂരിൽനിന്ന് മുംബൈയിലേക്ക് 90 കണ്ടെയ്നറുകളുമായി പുറപ്പെട്ട ട്രെയിൻ കഴിഞ്ഞ 13 ദിവസമായി കാണാനില്ലെന്ന വാർത്ത സത്യമല്ലെന്ന് റെയിൽവേ അറിയിച്ചു. ഫെബ്രുവരി ഒന്നിന് മിഹാൻ ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ അടുത്ത നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ മുംബൈയിലെ ജെഎൻപിടി എത്തേണ്ടതായിരുന്നു. എന്നാൽ 12 ദിവസം കഴിഞ്ഞിട്ടും കോടിക്കണക്കിന് രൂപയുടെ കയറ്റുമതി സാമഗ്രികൾ നിറച്ച കണ്ടെയ്‌നറുകളുമായി ട്രെയിൻ എത്തിയില്ലെന്നും ട്രെയിൻ എവിടെയാണെന്ന് കണ്ടെത്താൻ അധികൃതർക്ക് സാധിക്കുന്നില്ലെന്നുമാണ് വാർത്ത വന്നത്. PJT1040201 എന്ന ട്രെയിനാണ് കാണാതായതെന്നും പ്രചരിച്ചു.
നാസിക്കിനും കല്യാണിനും ഇടയിലെ ഉംബർമാലി റെയിൽവേ സ്റ്റേഷനിലാണ് ട്രെയിനിനെ അവസാനമായി കണ്ടതെന്നും ഇന്ത്യൻ റെയിൽവേയുടെ ഫ്രൈറ്റ് ഓപ്പറേഷൻ ഇൻഫർമേഷൻ സിസ്റ്റത്തിൽ (എഫ്‌ഒഐഎസ്) നിന്ന് ട്രെയിനിന്റെ ലൊക്കേഷൻ അപ്രത്യക്ഷമാവുകയും അധികാരികൾക്ക് ഇതിനെക്കുറിച്ച് ഇപ്പോൾ യാതൊരു വിവരവുമില്ലെന്ന് നാഗ്പൂർ ടുഡേ റിപ്പോർട്ട് ചെയ്തു.
എന്നാൽ, വാർത്ത അടിസ്ഥാന രഹിതമാണെന്നും ഗുഡ്സ് ട്രെയിൻ ജവഹർലാൽ നെഹ്‌റു തുറമുഖത്തേക്ക് എത്തിയെന്നും കണ്ടെയ്‌നർ കോർപ്പറേഷൻ ട്രെയിൻ എത്തിയതായി അറിയിച്ചെന്നും റെയിൽവേ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. വ്യാജവിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും വാർത്തയുടെ സത്യാവസ്ഥ പരിശോധിച്ച ശേഷം മാത്രം പ്രസിദ്ധീകരിക്കാനും റെയിൽവേ ആവശ്യപ്പെട്ടു.