'മോദിയുടെ വിനീതവിധേയനായ കെജ്‌രി‌വാള്‍'; വി എം സുധീരൻ അടക്കം ഉപയോഗിച്ച ഫോട്ടോ വ്യാജം

ഗുജറാത്തില്‍ ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കുകയായിരുന്നു ആംആദ്‌മി ചെയ്‌തത് എന്ന് വിമര്‍ശിക്കാനാണ് ഈ ചിത്രം പലരും സാമൂഹ്യമാധ്യമങ്ങളില്‍ ഉപയോഗിക്കുന്നത്

Congress leader V M Sudheeran shared fake photo of Arvind Kejriwal with PM Narendra Modi

തിരുവനന്തപുരം: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആംആദ്‌മി പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്‌രിവാളിനെ വിമര്‍ശിക്കാനായി ഉപയോഗിക്കുന്ന ഒരു ചിത്രം വ്യാജം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശ്രിതനാണ് കെജ്‌രിവാള്‍ എന്ന കുറിപ്പുകളോടെയാണ് ഈ ചിത്രം പലരും ഷെയര്‍ ചെയ്യുന്നത്. എന്നാല്‍ ഇതിന്‍റെ യഥാര്‍ഥ ചിത്രത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ ഇല്ല എന്നതാണ് വസ്‌തുത. കെജ്‌രിവാളിന്‍റെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് പ്രചാരണം. 

പ്രചാരണം

'ഗുജറാത്തില്‍ ബിജെപിയുടെ വന്‍വിജയത്തിന് കളമൊരുക്കിയ വിനീതവിധേയന്‍: കെജ്‌രിവാള്‍'- എന്ന തലക്കെട്ടില്‍ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനാണ് ഈ ചിത്രം ഷെയര്‍ ചെയ്‌തവരില്‍ ഒരാള്‍. സമാന ചിത്രം ട്വിറ്ററിലും ഫേസ്‌ബുക്കിലും മറ്റനേകം പേരും പങ്കുവെച്ചിട്ടുണ്ട്. ഗുജറാത്തില്‍ ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കുകയായിരുന്നു ആംആദ്‌മി ചെയ്‌തത് എന്ന് വിമര്‍ശിക്കാനാണ് ഈ ചിത്രം പലരും സാമൂഹ്യമാധ്യമങ്ങളില്‍ ഉപയോഗിക്കുന്നത്. യഥാര്‍ഥ ചിത്രമാണ് ഇതെന്ന് വി എം സുധീരന്‍ പങ്കുവെച്ച കുറിപ്പില്‍ അവകാശപ്പെടുന്നില്ലെങ്കിലും നിരവധി പേരാണ് ഈ ഫോട്ടോ സത്യമാണ് എന്ന് കരുതി ഷെയര്‍ ചെയ്തിരിക്കുന്നത്. 

വസ്‌തുത

എന്നാല്‍ വി എം സുധീരന്‍ അടക്കമുള്ളവര്‍ പങ്കുവെച്ച ചിത്രത്തിന്‍റെ ഒറിജിനലില്‍ അരവിന്ദ് കെജ്‌രിവാള്‍ ഇല്ല എന്നതാണ് സത്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുമാണ് ചിത്രത്തിലുള്ളവര്‍. ഇതില്‍ നിന്ന് മമതാ ബാനര്‍ജിയുടെ ചിത്രം വെട്ടി മാറ്റി പകരം കെജ്‌രിവാളിന്‍റെ ഫോട്ടോ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നു. ഒറിജിനല്‍ ചിത്രം ഡിസംബര്‍ ആറിന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയെ ഉദ്ധരിച്ച് 'ദ് പ്രിന്‍റ്' പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

വസ്‌തുതാ പരിശോധനാ രീതി

Congress leader V M Sudheeran shared fake photo of Arvind Kejriwal with PM Narendra Modi

ദ് പ്രിന്‍റ് നല്‍കിയിരിക്കുന്ന ചിത്രത്തിലാണ് എഡിറ്റ് നടത്തി കെജ്‌രിവാളിന്‍റെ ഫോട്ടോ ചേര്‍ത്തിരിക്കുന്നത് എന്ന് മോദിയുടെ വലത് കൈയുടെ ആംഗ്യവും ഇടത്തേ കൈയിലെ ചായക്കോപ്പയും അല്‍പം തലതാഴ്‌ത്തിയുള്ള വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നില്‍പുമെല്ലാം വ്യക്തമാക്കുന്നു. ദ് പ്രിന്‍റ് പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രത്തിലെയും വി എം സുധീരന്‍ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിലേയും പശ്‌ചാത്തലത്തിലുള്ള കസേരകളും ലൈറ്റും ഇരു ചിത്രങ്ങളും സമാനമാണ് എന്നും ഇപ്പോള്‍ പ്രചരിക്കുന്നതില്‍ എഡിറ്റിംഗ് നടന്നിട്ടുള്ളതായും തെളിയിക്കുന്നു. 

ഹിമാചൽ ജനതക്ക് നന്ദി, വാഗ്ധാനങ്ങൾ പാലിക്കും; ഗുജറാത്തിൽ തെറ്റ് തിരുത്തി കഠിനാധ്വാനം ചെയ്ത് തിരിച്ചുവരും: രാഹുൽ
 


 

Latest Videos
Follow Us:
Download App:
  • android
  • ios