ന്യൂനപക്ഷകാര്യ മന്ത്രാലയം അവസാനിപ്പിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍
ഇത്തരത്തില്‍ ഒരു തീരുമാനമോ ആലോചനയോ പരിഗണനയില്‍ ഇല്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്തു.
ദില്ലി: കേന്ദ്രസര്‍ക്കാറിന്‍റെ കീഴിലുള്ള കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ഇല്ലാതാക്കാന്‍ ആലോചന നടക്കുന്നു എന്നതരത്തില്‍ വരുന്ന മാധ്യമ വാര്‍ത്തകള്‍ വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തെ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പില്‍ ലയിപ്പിക്കും എന്നാണ് ഡെക്കാന്‍ ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് ഇപ്പോള്‍ കേന്ദ്ര വ്യാജ വാര്‍ത്തയാണെന്ന് പറയുന്നത്.
ഇത്തരത്തില്‍ ഒരു തീരുമാനമോ ആലോചനയോ പരിഗണനയില്‍ ഇല്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്തു. വാര്‍ത്ത പ്രസിദ്ധീകരിച്ച ഡെക്കാന്‍ ഹെറാള്‍ഡിനെ ടാഗ് ചെയ്താണ് ട്വീറ്റ് വന്നിരിക്കുന്നത്. 2006ൽ യുപിഎ സർക്കാർ സ്ഥാപിച്ച ന്യൂനപക്ഷകാര്യ മന്ത്രാലയം ഒഴിവാക്കി സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിൽ ലയിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ഈ വാര്‍ത്തയോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തയ്യാറായില്ലെന്നാണ് ഇവരുടെ തന്നെ റിപ്പോര്‍ട്ട പറഞ്ഞത്. സമൂഹത്തെ ധ്രുവീകരിക്കാനുള്ള ബിജെപിയുടെ മറ്റൊരു ശ്രമമമാണ് ഇതെന്ന് കോൺഗ്രസ് രാജ്യസഭാംഗം സയ്യിദ് നസീർ ഹുസൈൻ വിശേഷിപ്പിച്ചതും ഡെക്കാന്‍ ഹെറാള്‍ഡ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു.
2006 ല്‍ യുപിഎ ഭരണകാലത്താണ് മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ, സിഖുകാർ, പാഴ്‌സികൾ, ജൈനർ എന്നീ ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, ക്ഷേമ പ്രവര്‍ത്തന ആസൂത്രണത്തിനുമായും സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിൽ നിന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം രൂപീകരിച്ചത്.