ടിയാന്‍ - ഒരു പ്രതികാര കഥയ്ക്ക് ദൈവത്തിന്‍റെ കൈയ്യൊപ്പ്
പൃഥ്വിരാജും ഇന്ദ്രജിത്തും അഭിനയിച്ച് ജിയാന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ടിയാന്‍. ശ്രദ്ധേയമായ തിരക്കഥകള്‍ ഒരുക്കിയ മുരളി ഗോപിയുടേതാണ് രചന. ഒറ്റനോട്ടത്തില്‍ ഒരു പ്രതികാര കഥയ്ക്ക് ദൈവത്തിന്‍റെ കൈയ്യൊപ്പ് ചാര്‍ത്താനുള്ള ശ്രമമാണ് ടിയാന്‍ നടത്തിയിരിക്കുന്നത്. ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള യുദ്ധമാണ് മതങ്ങള്‍ക്കപ്പുറം ലോകത്തെ എല്ലാ പോരാട്ടങ്ങളുമെന്നതാണ് ചിത്രം മുന്നോട്ടുവെയ്ക്കുന്ന സന്ദേശം.
പട്ടാഭിരാമന്‍ഗിരി എന്ന വേദ പണ്ഡിതന്‍റെ ജീവിതം വഴിയാധാരമാക്കപ്പെടുന്ന അവസ്ഥയില്‍ ദൈവത്തിന്‍റെ പോരാളിയെപ്പോലെ അവതരിക്കുന്ന അസ്ലാന്‍ മുഹമ്മദ്, പട്ടാഭിരാമന്‍ഗിരിയുടെ എതിര്‍വശത്ത് അനീതിയുടെ പ്രതീകമായി ഭഗവാന്‍ എന്ന ആള്‍ ദൈവം. പട്ടാഭിരാമന്‍റെ ധര്‍മ്മയുദ്ധത്തിന് താങ്ങാകുമ്പോഴും അസ്ലാന് മറ്റൊന്നുകൂടി ചെയ്യാനുണ്ട്... ഇത്തരത്തിലാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്.
മലയാള സിനിമയ്ക്ക് അത്ര പരിചതമല്ലാത്ത ഒരു ഭൂമികയാണ് ചിത്രത്തിന്‍റെ പാശ്ചാത്തലം. വരണ്ടുകിടക്കുന്ന ഉത്തരേന്ത്യന്‍ ഭൂമിയിലെ മനുഷ്യപഥത്തിന്‍റെ കാഴ്ചകള്‍ മനോഹരമായിത്തന്നെ പകര്‍ത്തിയിട്ടുണ്ട് സതീഷ് കുറുപ്പിന്‍റെ ക്യാമറ. ആള്‍ക്കൂട്ടത്തിനിടയില്‍ പകര്‍ത്തിയ രംഗങ്ങളാണ് ചിത്രത്തില്‍ അറുപത് ശതമാനത്തോളവും. അതിനൊപ്പം ലയിച്ച് നില്‍ക്കുന്നതാണ് ഗോപി സുന്ദറിന്‍റെ പാശ്ചത്തല സംഗീതം. ചിത്രത്തിലെ ഗാനങ്ങള്‍ കഥയുടെ ഒഴുക്കില്‍ പ്രത്യേകമായി തിരിച്ചെടുക്കാന്‍ സാധിക്കില്ല. പക്ഷേ അതില്‍ പ്രേക്ഷകനെ ആകര്‍ഷിക്കാന്‍ തക്ക ഘടകങ്ങളും കുറവാണ്. ഒരു കൊമേഷ്യല്‍ ചിത്രത്തിന്‍റെ അവിഭാജ്യഘടകമെന്ന നിലയില്‍ അന്‍പ് അരശ്ശ് ഒരുക്കിയ സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ട്.
ഇന്നത്തെക്കാലത്ത് രാജ്യം കടന്നുപോകുന്ന അവസ്ഥയിലേക്ക് ചില അടയാളപ്പെടുത്തല്‍ ചിത്രത്തിലുണ്ടെന്നത്, രാഷ്ട്രീയമായ വായനയും ചിത്രം ആവശ്യപ്പെടുന്നു. ഇത് കേരളത്തില്‍ നടക്കില്ലെന്ന ഒരു മുന്‍കൂര്‍ ജാമ്യം ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ സ്വീകരിക്കുന്നുണ്ട് ഒരു കഥാപാത്രത്തിന്‍റെ ഡയലോഗിലൂടെ അണിയറക്കാര്‍. മലയാളി ഏത് നാട്ടില്‍ പോയാലും മനസില്‍ ഒളിച്ചുവെയ്ക്കുന്ന ഒരു ജാതി ചിന്തയുണ്ടെന്ന് ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്‍റെ കഥാപാത്രം പറയുന്നു. എന്തിനെയും കണ്ണടച്ച് വിശ്വസിക്കുന്ന മലയാളിയുടെ, ആ വരണ്ട ഭൂമിയിലെ പ്രതീകമാണ് നായര്‍ എന്ന ഈ കഥാപാത്രം.
ഗോ രക്ഷയും, ഭാഷവാദവും ഒക്കെ പരാമര്‍ശിക്കപ്പെട്ട ചിത്രത്തിലെ സൂചകങ്ങളില്‍ ദളിത് വാദത്തിന് നല്‍കുന്ന പരിപ്രേക്ഷ്യം, ചിത്രത്തിന്‍റെ നാടകീയതയ്ക്ക് വേണ്ടിയാണെങ്കില്‍ പോലും ഒട്ടും ദഹിക്കുന്നതായി തോന്നില്ല. ചില സമയങ്ങളില്‍ ആത്മീയതയില്‍ ഊന്നിപ്പറയുന്ന വാദങ്ങള്‍ പ്രതിലോമകരമല്ലേയെന്നും തോന്നിയേക്കാം. ചിത്രത്തിന്‍റെ ഒന്നാം പകുതിയില്‍ വേഗത കൈവരിക്കുകയും മികച്ച പ്രതീക്ഷയോടെ അവസാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ വേഗതയും ആഖ്യാനവും രണ്ടാം പകുതിയില്‍ കൈവരിക്കാന്‍ കഴിയുന്നില്ലെന്ന് പ്രേക്ഷകന് തോന്നാം. നാടകീയമായിപ്പോകുന്ന ചില സീനുകളും ഈ ഭാഗത്തുണ്ട്.
അഭിനേതാക്കളിലേക്ക് വന്നാല്‍ അസ്ലാന്‍ എന്ന കഥാപാത്രം, പൃഥ്വിരാജിലെ അഭിനേതാവിന് ഒട്ടും വെല്ലുവിളി ഉയര്‍ത്തുന്നില്ല. എന്നാല്‍ ഇന്ദ്രജിത്ത് സ്ക്രീനില്‍ സ്കോര്‍ ചെയ്യുന്നു. പട്ടാഭിരാമന്‍ ഗിരിയായി ചിത്രത്തിന്‍റെ തൊണ്ണൂറ് ശതമാനം രംഗങ്ങളിലും ഇന്ദ്രജിത്ത് നിറഞ്ഞാടുന്നുണ്ട്. പ്രതിനായക വേഷത്തില്‍ എത്തുന്ന മുരളി ഗോപിയുടെ ഭഗവാന്‍, ചില രംഗങ്ങളില്‍ അടയാളപ്പെടുത്തുന്നെങ്കിലും നാടകീയതയ്ക്ക് ചിലപ്പോഴൊക്കെ കീഴടങ്ങുന്നതായി തോന്നാം. ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട് പോലുള്ളവരും തങ്ങളുടെ സ്ഥാനങ്ങള്‍ ചിത്രത്തില്‍ മികച്ച രീതിയില്‍ തന്നെ അടയാളപ്പെടുത്തുന്നു. അനന്യ അടക്കമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കാര്യമായ ഇടം ടിയാന്‍ നല്‍കുന്നില്ല. മലയാള സിനിമ, മാറ്റങ്ങളാല്‍ അടയാളപ്പെടുത്തപ്പെടുന്ന കാലത്ത് വ്യത്യസ്ഥതയ്ക്ക് വേണ്ടിയുള്ള മികച്ച ശ്രമം തന്നെയാണ് ടിയാന്‍ എന്ന് പറയാം.