സിനിമയിലും സച്ചിന്‍ സെഞ്ച്വറി അടിച്ചോ?- റിവ്യൂ

Sachin a billions of dream review

ഇന്ത്യക്ക് എത്ര സൂപ്പര്‍ ഹീറോമാരുണ്ട്? അതില്‍ ആദ്യത്തെ ഒരു ഉത്തരമാണ് സച്ചിന്‍ രമേശ് ടെന്‍ണ്ടുല്‍ക്കര്‍. അതിനെ ശരിവയ്ക്കുന്ന കാഴ്ചകളാണ് സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രം സമ്മാനിക്കുന്നത്. ഇന്ത്യക്കാരെ സംബന്ധിച്ച് സച്ചിന്റെ ജീവിതം അപരിചിതമായ ഒരു കഥയല്ല. 1989 മുതല്‍ ഇന്ത്യക്കാരന്‍ ഒരു ദിവസം ഒരിക്കലെങ്കിലും സച്ചിന്‍ എന്ന പേര് കേള്‍ക്കുന്നു, അയാളെ സംബന്ധിച്ച വാര്‍ത്തകള്‍ കേള്‍ക്കുന്നു, കാണുന്നു, 2013വരെ അയാളുടെ കളി കണ്ടവര്‍. ഇങ്ങനെ അപരിചത്വമൊട്ടും ഇല്ലാത്ത, ആവേശം വിതറുന്ന ഒരു വ്യക്തിത്വത്തെ ഏതുരീതിയില്‍ ഒരു ചലച്ചിത്രത്തില്‍ അവതരിപ്പിക്കും എന്ന കൗതുകം തന്നെയാണ് സച്ചിന്‍ എന്ന ചിത്രത്തിന് ടിക്കറ്റ് എടുക്കാനുള്ള പ്രാഥമിക കാരണം.

Sachin a billions of dream review

ഇത്തരം ഒരു കൗതുകത്തെ തൃപ്തിപ്പെടുത്താന്‍ ചിത്രത്തിന് സാധിക്കുന്നു എന്നാണ് തീയറ്റര്‍ കാഴ്ചകള്‍ പറയുന്നത്. സച്ചിന്റെ കരിയറിനോളം പോലും വയസില്ലാത്ത ഒരു തലമുറ, ചിത്രത്തിലെ മാറിമറയുന്ന കളികഴ്ചകളില്‍ അത്രയും ആവേശം കാണിക്കുന്നു. ക്രിക്കറ്റിന് അപ്പുറത്ത് സച്ചിന്‍ തന്നെ വിശേഷിപ്പിക്കുന്ന 'അപകടകാരിയായ കുട്ടി' യില്‍ നിന്നും  ബ്രയാന്‍ ലാറ പറയുന്നത് പോലെ ക്രിക്കറ്റ് എന്നാല്‍ സച്ചിന്‍ എന്ന നിലയിലേക്കുള്ള ഇതിഹാസ വളര്‍ച്ചയാണ് ചിത്രം വരിച്ചിടുന്നത്. സച്ചിന്‍ തന്നെയാണ് സിനിമയില്‍ തന്റെ കഥ പറയുന്നത്.

Sachin a billions of dream review

ചലച്ചിത്ര ഗണത്തില്‍ ഡോക്യൂഫിഷന്‍ എന്ന രീതിയിലുള്ള പരിചരണമാണ് സംവിധായകന്‍ ജെയിംസ് ഇറസ്‌കിന്‍ നല്‍കിയിരിക്കുന്നത്. ഒരു ജനതയുടെ ശ്വസഗതിയെ നിയന്ത്രിച്ച കായിക താരത്തിന്റെ ജീവിതം ഉള്‍ക്കൊള്ളുന്നു എന്നത് തന്നെയാണ് ചിത്രത്തെ ഈ ഫോര്‍മാറ്റിലും വിരസതയില്ലാതെ മുന്നോട്ട് നയിക്കുന്നത്. നമ്മള്‍ക്ക് എല്ലാം അറിയാവുന്ന ആ കരിയര്‍ മാത്രമല്ല, അതിന്റെ ഒരോഘട്ടത്തിലും സച്ചിന്‍ അനുഭവിച്ച വ്യക്തിപരമായ പ്രതിസന്ധികള്‍, ഉയര്‍ച്ചതാഴ്ചകള്‍ എല്ലാം ചിത്രത്തിന് പ്രമേയമാകുന്നു. പ്രതികരിക്കാന്‍ മടിച്ച പല കാര്യങ്ങള്‍ സച്ചിന്‍  തുറന്നുപറയുന്നുമുണ്ട്. ലോക ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ കോഴ വിവാദത്തോട് സച്ചിന്‍ എന്താണ് പ്രതികരിക്കാത്തത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് അതില്‍ ഒന്ന്.

സച്ചിനും അസ്‌റുദ്ദീനും തമ്മില്‍ ശീതയുദ്ധമുണ്ടായിരുന്നോ, ക്യാപ്റ്റന്‍ സ്ഥാനം സച്ചിന്റെ കളിയെ ബാധിച്ചോ, 2007 ക്രിക്കറ്റ് ലോകക്കപ്പില്‍ സംഭവിച്ചത് എന്ത് തുടങ്ങിയ ഇന്ത്യക്കാര്‍ ഇന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നുണ്ട് ചിത്രം. ഇതിനെല്ലാം അപ്പുറം സച്ചിന്‍ എന്ന ഫാമിലിമാനെ പരിചയപ്പെടുത്തുന്ന വലിയൊരു ഭാഗവുമുണ്ട് ചിത്രത്തില്‍. താരതിളക്കത്തിന്റെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും കുടുംബമാണ് തന്റെ കരുത്തെന്ന് പറയാറുള്ള സച്ചിന്‍ അത് എങ്ങനെ സാധ്യമാക്കുന്നു എന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

Sachin a billions of dream review

1990 കളില്‍ ജനിച്ചവര്‍ക്ക് അനവധി നൊസ്റ്റാള്‍ജികളുണ്ടാകും. അതില്‍ എല്ലാം ഒരറ്റത്ത് സച്ചിനുണ്ടാകും. ആ കാഴ്ച തന്നെയാണ് ഈ ചിത്രത്തിലെയും ആവേശം. സച്ചിന്‍ വോണ്‍ വൈരം, കോഴ വിവാദത്തിന് ശേഷമുള്ള ഇന്ത്യന്‍ ക്രിക്കറ്റിലെ വൈരം, ഇങ്ങനെ ആവേശകാഴ്ചകള്‍ വീണ്ടും പ്രേക്ഷകനെ ഓര്‍മ്മിപ്പിക്കുന്നു ചിത്രം. അതേസമയം 24 കൊല്ലം നീണ്ട സച്ചിന്റെ ക്രിക്കറ്റ് ജീവിതം ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയ പ്രതിഫലനം എന്തെന്നും ചിത്രം പറയുന്നുണ്ട്. സച്ചിന്‍ എന്നത് എന്താണ് ഇന്ത്യക്ക്എന്ന് അറിയാവുന്നവര്‍ക്കും, അത് അറിയേണ്ടവര്‍ക്കും കാണേണ്ട കാഴ്ചയാണ് സച്ചിന്‍ ഒരു നൂറുകോടി ജനതയുടെ സ്വപ്‍നം.

Latest Videos
Follow Us:
Download App:
  • android
  • ios