രാമന്റെ ഏദന്‍തോട്ടത്തിലെ കാഴ്ചകള്‍- ഫസ്റ്റ് റിവ്യൂ
ഒരു കുഞ്ഞു സിനിമയാണ് രാമന്റെ ഏദന്‍തോട്ടം. ലാളിത്യമുള്ള സിനിമ. സിനിമയുടെ പേരില്‍ നിന്നും പോസ്റ്ററില്‍ നിന്നുമൊക്കെയുള്ള സൂചനകള്‍ നല്‍കുന്ന ഒരു റൊമാന്റിക് ഫിലിം എന്ന ലേബലില്‍ കാണേണ്ട സിനിമയല്ല ഇത്. രഞ്ജിത് ശങ്കര്‍ ഒരുക്കിയ രാമന്റെ ഏദന്‍തോട്ടം അനുഭവിച്ചറിയാനുള്ള സിനിമയാണ്.
അനു സിത്താര അവതരിപ്പിക്കുന്ന മാലിനിയാണ് സിനിമയിലെ കേന്ദ്രകഥാപാത്രം. സിനിമയുടെ തുടക്കത്തില്‍ മാലിനി ഒരു യാത്ര പുറപ്പെടുകയാണ്, രാമന്റെ ഏദന്‍തോട്ടത്തിലേക്ക്. പക്ഷേ കാര്‍ ഒരു അപകടത്തില്‍ പെടുന്നു. പിന്നീട് ഫ്ലാഷ് ബാക്കിലൂടെ രാമന്റെ ഏദന്‍തോട്ടവും മാലിനിയുടെ ജീവിതവുമാണ് സിനിമ പറയുന്നത്. രാമനായി കുഞ്ചാക്കോ ബോബനാണ് അഭിനയിക്കുന്നത്.
നൂറേക്കറിലധികമുള്ള സ്ഥലത്ത് ഒരു കാട്ടിനുള്ളില്‍ ഏദന്‍തോട്ടം എന്ന റിസോര്‍ട്ട് ഒരുക്കി താമസിക്കുന്നയാളാണ് രാമന്‍. നഗരങ്ങളില്‍ കാടുവച്ചുപിടിപ്പിക്കുന്ന പ്രൊജക്റ്റ് ചെയ്യുന്നയാള്‍. അകിരാ മിയാക്കവി എന്ന ബൊട്ടാണിസ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തിരക്കഥാകൃത്ത് രാമന്റെ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. റിസോര്‍ട്ടില്‍ കുടുംബത്തോടൊപ്പം എത്തുന്ന മാലിനിയുടെ ജീവിതത്തില്‍ രാമന്‍ നിര്‍ണ്ണായകമാകുന്നു. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയും നര്‍ത്തകിയുമായ മാലിനിയുടെ ജീവിതം പിന്നീട് എങ്ങനെ മാറുന്നുവെന്നതാണ് തുടര്‍ന്ന് പറയുന്നത്. സ്വന്തം കാലില്‍ നില്‍ക്കുന്ന സ്ത്രീയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.
മാലിനിയെന്ന കഥാപാത്രത്തെ അനു സിത്താര മികവുറ്റതാക്കിയിട്ടുണ്ട്. ടേക്ക് ഓഫില്‍ ഷാഹിദായി വിസ്മയിപ്പിച്ച കുഞ്ചാക്കോ ബോബന്‍ ഇത്തവണയും കഥാപാത്രത്തെ കയ്യിലൊതുക്കി. കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും രാമന്‍. തന്റെ കരിയറിലെ ഇതുവരെയുള്ള വേഷങ്ങളില്‍ നിന്ന് വേറിട്ട, ഒരു കരുത്തുറ്റ ക്യാരക്ടര്‍ റോളില്‍ ജോജുവും കയ്യടി നേടുന്നു. മാലിനിയുടെ ഭര്‍ത്താവായ എല്‍വിസ് എന്ന കഥാപാത്രമായിട്ടാണ് ജോജു അഭിനയിച്ചിരിക്കുന്നത്. സ്ത്രീലമ്പടനും കള്ളുകുടിയനുമായ എല്‍വിസിന്റെ ഈഗോയേയും മാനറിസങ്ങളെയം ജോജു മനോഹരമായി അവതരപ്പിച്ചിട്ടുണ്ട്. രമേഷ് പിഷാരടിയും ശ്രീജിത്ത് രവിയും മുത്തുമണിയുമൊക്കെ സ്വന്തം റോളുകള്‍ ഭംഗിയാക്കിയിരിക്കുന്നു. സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയും സിനിമയിലുണ്ട്.
മധു നീലകണ്ഠന്റെ ക്യാമറ കാടിന്റെ ഭംഗി നാച്ച്വറലായി പകര്‍ത്തിയിരിക്കുന്നു. പശ്ചാത്തലസംഗീതവും ഗാനങ്ങളും ബിജിബാല്‍ സിനിമയുടെ പ്രമേയത്തിന് യോജിച്ച രീതിയില്‍ തന്നെ ഒരുക്കിയിരിക്കുന്നു. രഞ്ജിത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‍ത രാമന്റെ ഏദന്‍തോട്ടം കാണേണ്ട സിനിമ തന്നെയാണ്.