മമ്മൂക്ക കേസ് വാദിച്ചാല്‍ ഇങ്ങനെയിരിക്കും!
മലയാളത്തിന്റെ മെഗാതാരം കരിയര്‍ തുടങ്ങിയത് വക്കീലായിട്ടായിരുന്നു. പിന്നീട് വെള്ളിത്തിരിയിലെ തിളങ്ങുന്ന നായകനായപ്പോള്‍ അവിടെയും മമ്മൂട്ടിക്ക് വക്കീല്‍ കുപ്പായം പാകമായിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച വക്കീല്‍ വേഷങ്ങള്‍ എല്ലാംതന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്. ഇപ്പോഴിതാ, നടി ഇന്ദ്രജയ്‍ക്ക് വേണ്ടി മമ്മൂട്ടി മുമ്പൊരിക്കല്‍ കേസ് വാദിച്ച് ജയിച്ചതാണ് ഓണ്‍ലൈന്‍ ലോകത്തെ സംസാരവിഷയം. അതെന്തായാലാം മമ്മൂട്ടി അവതരിപ്പിച്ച സൂപ്പര്‍ ഹിറ്റ് വക്കീല്‍ വേഷങ്ങള്‍ നോക്കാം.
വിചാരണ ചെയ്യപ്പെടുന്ന സേതുമാധവന്‍
ജീവിത്തിന്റെ വാദപ്രതിവാദങ്ങള്‍ക്കിടയില്‍ പെട്ട പരാജയപ്പെട്ടയാളാണ് സേതുമാധവന്‍. പക്ഷേ, വിചാരണയിലെ സേതുമാധവന്‍ എന്ന വക്കീല്‍ മമ്മൂട്ടിയുടെ അഭിനയമികവിന് ഒന്നാന്തരം ഉദാഹരണമാണ്. തന്റെ അളിയന്‍ ഉള്‍പ്പെട്ട ഒരു കൊലപാതക കേസ് ഏറ്റെടുക്കേണ്ടി വന്ന ഒരു വക്കീലിന്റെ സ്വകാര്യജീവിത്തിലേയും പ്രൊഫണല്‍ ജീവിതത്തിലേയും സംഘര്‍ഷങ്ങളാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 1988ല്‍ ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്‍തത്.
സൂര്യന്‍ സാക്ഷിയായി അഡ്വക്കറ്റ് അനിയന്‍ കുരുവിള
പാവപ്പെട്ട ഒരു വേലക്കാരി പെണ്‍കുട്ടി കൊല്ലപ്പെടുകയാണ്. നിഷ്‍കളങ്കനായ ഉണ്ണി തമ്പുരാനാണ് പ്രതി ചേര്‍ക്കപ്പെടുന്നത്. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായി എത്തുന്നത് അനിയന്‍ കുരുവിളയാണ്. പക്ഷേ ഉണ്ണി തമ്പുരാന്റെ നിരപരാധിത്വം മനസ്സിലായ അനിയന്‍ കുരുവിള ഒടുവില്‍ കളം മാറുകയാണ്. ഉണ്ണി തമ്പുരാന് വേണ്ടി കേസ് വാദിക്കാന്‍ തയ്യാറാകുന്നു. എന്നാല്‍ കുബുദ്ധിയുള്ള ജഗദീഷ് ടി നമ്പ്യാര്‍ എന്ന വക്കീല്‍ കേസ് വാദിച്ച് ഉണ്ണി തമ്പുരാനെ പ്രതിയാക്കുകയും തടവ് ശിക്ഷ വാങ്ങിക്കൊടുക്കുകയുമാണ് ചെയ്യുന്നത്. തുടര്‍ന്ന് അനിയന്‍ കുരുവിള സ്വന്തം നിലയില്‍ അന്വേഷണം നടത്താന്‍ തയ്യാറാകുന്നു. അഭിഭാഷകന്റെ കേസ് ഡയറിയില്‍ തെളിവുകള്‍ ഓരോന്നായി ശേഖരിക്കപ്പെടുന്നു. തെളിവായി ഹാജരാക്കിയ ഫോട്ടോ വ്യാജമാണെന്ന് അനിയന്‍ കുരുവിള സമര്‍ഥിക്കുന്നു. അതിന് സഹായമാകുന്നത് സൂര്യനും. അതായതു സൂര്യപ്രകാശം പതിക്കുമ്പോഴുണ്ടാകുന്ന നിഴല്‍ പ്രതികള്‍ പറയുന്ന സമയവുമായി യോജിക്കുന്നതല്ല. ഒടുവില്‍ സമര്‍ഥനായ ആ വക്കീലിന്റെ വാദം അംഗീകരിക്കപ്പെടുന്നു. ഉണ്ണി തമ്പുരാന്‍ കേസില്‍ നിന്ന് വിമുക്തനാകുന്നു - മമ്മൂട്ടി അഡ്വക്കറ്റ് അനിയന്‍ കുരുവിളയെ അവതരിപ്പിച്ച ഒരു അഭിഭാഷകന്റെ കേസ് ഡയറി എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധുവാണ് സംവിധാനം ചെയ്‍തത്. 1995ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
അഡ്വക്കേറ്റ് ജോര്‍ജജ് കോര വെട്ടിക്കലിന്റെ തന്ത്രങ്ങള്‍
വ്യവസായിയായ ജെയിംസ് കൊല്ലപ്പെടുന്നു. ജെയിംസിന്റെ ഭാര്യ സൂസന്നയെ ഭര്‍തൃവീട്ടുകാര്‍ ഒറ്റപ്പെടുത്തുന്നു. അവരുടെ ലക്ഷ്യം ജെയിംസിന്റെ സമ്പത്താണ്. അത് കൈക്കലാക്കാന്‍ ജെയിംസിന്റേയും സൂസന്നേയുടേയും വിവാഹം നിയമപരമല്ലെന്നും അവര്‍ വരുത്തിതീര്‍ക്കുന്നു. നിസഹയായ സൂസന്നയുടെ രക്ഷയ്‍ക്ക് എത്തുകയാണ് അഡ്വക്കേറ്റ് ജോര്‍ജജ് കോര വെട്ടിക്കല്‍. കേസില്‍ നിന്ന് പിന്തിരിയാന്‍ ഭീഷണിയും ആക്രമണം നേരിടേണ്ടി വന്നെങ്കിലും ജോര്‍ജജ് കോര വെട്ടിക്കലിനെ ഉറച്ചുനില്‍ക്കുന്നു. കേസ് വാദിക്കുകയും ഒടുവില്‍ ജെയിംസിന്റെ മരണത്തിനു പിന്നിലെ ദുരൂഹത വെളിപ്പെടുകയും ചെയ്യുന്നു. ജെയിംസിന്റെ ബന്ധുക്കളാകുന്നു പ്രതികള്‍. വിജയകരമായി കേസ് വാദിച്ച അഡ്വക്കേറ്റ് ജോര്‍ജജ് കോര വെട്ടിക്കല്‍ തന്ത്രം എന്ന സിനിമയിലെ നായകനാണ്. മമ്മൂട്ടി അഡ്വക്കേറ്റ് ജോര്‍ജജ് കോര വെട്ടിക്കലിനെ അവതരിപ്പിച്ച തന്ത്രം സംവിധാനം ചെയ്‍തത് ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി ആണ്.
അടിക്കുറിപ്പിലെ വക്കീല്‍
അടിക്കുറുപ്പില്‍ അഡ്വക്കറ്റ് ഭാസ്‍കരപിള്ളയാണ് മമ്മൂട്ടി. ജഗതി അവതരിപ്പിച്ച, ഓര്‍മ്മ നഷ്‍ടപ്പെട്ട ബഷീറിനെ ശത്രുക്കളില്‍ രക്ഷിക്കുന്ന നായകകഥാപാത്രമാണ് അഡ്വക്കറ്റ് ഭാസ്‍കരപിള്ള. അഡ്വക്കറ്റ് ഭാസ്‍കരപിള്ളയുടെ വക്കീല്‍ ബുദ്ധി ബഷീറിന്റെ ജീവന്‍ രക്ഷിക്കുന്നു. പ്രതികളെ കണ്ടുപിടിക്കുന്നു. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്‍ത അടിക്കുറിപ്പ് 1989ലാണ് പ്രദര്‍ശനത്തിനെത്തിയത്.
ഇവന്‍ നരി
പൂവള്ളി ഇന്ദുചൂഢന്റെ അച്ഛനും റിട്ടയേര്‍ഡ് ജഡ്ജിയുമായ മാറാഞ്ചേരി കരുണാകര മേനോന്‍ ഒരു കേസില്‍ പെട്ട് ജയിലിലാകുന്നു. കരുണാകര മേനോനു വേണ്ടി കേസ് വാദിക്കാന്‍ ആദ്യം ഏറ്റിരുന്നവരൊക്കെ പിന്‍മാറുന്നു. ശത്രുവായ മണപ്പള്ളി പവിത്രന്റെ കളികളാണ് അതിനു പിന്നില്‍. പ്രഗല്‍ഭനായ ഒരു വക്കീലും പിന്‍മാറിയതറിയ സന്ദര്‍ഭത്തിലാണ് പൂവള്ളി ഇന്ദുചൂഢന്‍ നരിയെ കുറിച്ച് ഓര്‍ക്കുന്നത്. ഒരു സിറ്റങ്ങിന് രണ്ടും മൂന്നും ലക്ഷം വാങ്ങുന്ന നന്ദഗോപാല്‍ മാരാര്‍ എന്ന അതിപ്രശസ്‍തനായ, സുപ്രീംകോടതിയിലെ വക്കീല്‍. നന്ദഗോപാല്‍ മാരാറിനെ സ്വാധീനിക്കാനും ആള്‍ക്കാര്‍ വരുന്നുണ്ട്. പക്ഷേ ഇന്ദുചൂഢന്റെ വിജയം കണ്ടിട്ടേ പോകുവെന്ന് ഉറപ്പിച്ചുപറയുന്ന മാരാര്‍ അവരെ ആട്ടിയോടിക്കുന്നു. ഒടുവില്‍ മാറാഞ്ചേരി കരുണാകര മേനോനെ കേസില്‍ നിന്ന് രക്ഷിക്കുകയാണ് നന്ദഗോപാല്‍ മാരാര്‍. നരസിംഹത്തിലെ പൂവള്ളി ഇന്ദുചൂഢനായി മോഹന്‍ലാല്‍ നിറഞ്ഞാടിയപ്പോള്‍ നന്ദഗോപാല്‍ മാരാറായി മമ്മൂട്ടിയും കയ്യടി നേടി. ആ കഥാപാത്രത്തെ നായനാക്കി മറ്റൊരു സിനിമ ഒരുക്കാന്‍ സംവിധായകന്‍ ഷാജി കൈലാസിനെയും തിരക്കഥാകൃത്ത് രഞ്ജിത്തിനേയും ആലോചിപ്പിക്കുന്നത്രയും ജനപ്രിയം നേടിയ കഥാപാത്രമായിരുന്നു അത്.
തലയെടുപ്പുള്ള രമേഷ് നമ്പ്യാര്‍
തലയെടുപ്പ് ഒട്ടും കുറവല്ല അഡ്വക്കേറ്റ് രമേഷ് നമ്പ്യാറിനും. മലയാളത്തിലെ മിക്ക താരങ്ങളും അഭിനയിച്ച ട്വന്റി 20യില്‍ മമ്മൂട്ടിയെത്തിയത് വക്കീല്‍ കുപ്പായമണിഞ്ഞാണ്. കുശാഗ്രബുദ്ധിയും കര്‍ക്കശക്കാരനുമായ രമേഷ് നമ്പ്യാരുടെ ഡയലോഗുകള്‍ക്ക് തീയേറ്ററുകളില്‍ വന്‍ കയ്യടി കിട്ടി. സിബി- ഉദയകൃഷ്‍ണ ടീമിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്‍ത ചിത്രം 2008ലാണ് പ്രദര്‍ശനത്തിനെത്തിയത്.
ആയിരം നാവുള്ള അനന്തന്‍
ആയിരം നാവുള്ള അനന്തനില്‍ മമ്മൂട്ടി വക്കീലല്ല. ഡോ. അനന്ത പദ്മനാഭനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. പക്ഷേ പ്രത്യേക സന്ദര്‍ഭത്തില്‍ കോടതിയുടെ അനുമതി വാങ്ങി ഡോ. അനന്ത പദ്മനാഭന്‍ കേസ് വാദിക്കുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. 'ആയിരം നാവുള്ള അനന്തന്‍' എന്ന പേര് അന്വര്‍ഥമാക്കുംവിധം ഡോ. അനന്ത പദ്മനാഭന്‍ കേസ് വാദിക്കുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിക്കാന്‍ മറന്നില്ല. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ തുളസിദാസ് സംവിധാനം ചെയ്‍ത ചിത്രം 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്.