മചുക: ത്രില്ലടിപ്പിക്കുന്ന വ്യത്യസ്ത ചിത്രം
നവാഗതനായ ജയൻ വന്നേരിസംവിധാനം ചെയ്തു പശുപതി, ജനനി അയ്യർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയ ചിത്രം ആണ് മചുക. ബ്രസീലിയൻ വാക്കായ മച്ചുകയുടെ അർഥം ആഴത്തിലുള്ള വേദന എന്നാണ്. ചിത്രത്തിന്‍റെ സംഗീതം കൈകാര്യം ചെയ്തത് ഗോപി സുന്ദർ, ഛായാഗ്രഹണം ജോമോൻ തോമസ്, എഡിറ്റിംഗ് വിജയ് ശങ്കർ എന്നിവരാണ്. രാജേഷ് കുളിർമ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
അഡ്വക്കറ്റു അറിവഴകൻ എന്ന തമിഴ് കഥാപാത്രത്തെ പശുപതി അവതരിപ്പിച്ചപ്പോൾ പത്ര പ്രവർത്തക ആയ നിവേദിത ആയി ജനനി അയ്യരും വന്നു. ഒരു അഭിമുഖം എടുക്കുന്നതിനായി നിവേദിത മുന്നാറിലേക്കു വരുന്നു, അതെ സമയം വീട്ടിലെ ആൾക്കാര്‍ മകനെയും കുടുംബത്തെയും സ്വീകരിക്കാൻ എയർ പോട്ടിൽ പോയിരിക്കുകയാണ്. ഈ സമയത്താണ് ഇതേ വ്യക്തിയെ കാണാൻ അദ്ദേഹത്തിന്‍റെ പഴയ സുഹൃത്ത് അറിവഴകൻ കൂടെ വരുന്നത്. ഈ പശ്ചാത്തലത്തിൽ ആണ് മചുക കഥ പറഞ്ഞു തുടങ്ങുന്നത്.
മുന്നാറിലെ ഒരു വൈകുന്നേരത്തോടു അടുക്കുന്ന സമയം മുതൽ രാത്രി വരെ.. സൂര്യന്‍റെ പ്രകാശത്തെ വര്‍ണ്ണിച്ചാല്‍ മഞ്ഞയും ചുവപ്പും പിന്നെ കറുപ്പും.. ഈ നിറം മാറ്റലിന്‍റെ സമയത്തിനനുസരിച്ചാണ് കഥയും മുന്നോട്ടു പോകുന്നത്. ഒരു മനുഷ്യനിലെ തന്നെ മിത്രം എന്ന വികാരത്തെയും ശത്രു എന്ന വികാരത്തെയും കൃത്യമായി കാണിച്ചു തരുന്നുണ്ട് സിനിമ. മനുഷ്യ മനസിന്‍റെ വിവിധ തലങ്ങളിക്കെയുള്ള യാത്ര കൂടെ ആണ് അത്. പേരിലെ ആകർഷകത്വം അന്വര്‍ത്ഥമാക്കിയ അവതരണം തന്നെ ആണ് സിനിമയ്ക്ക്.
സിനിമയുടെ ഏറ്റവും പോസിറ്റീവ് ആയ കാര്യം പശുപതിയുടെ അഭിനയം ആണ്. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം ഏതൊക്കെ മാനസിറങ്ങൾ ആവശ്യപെടുന്നുവോ അതൊക്കെ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. വൈകാരിക നിമിഷങ്ങളിലെ കയ്യടക്കമുള്ള പ്രകടനം. അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രം. ടെക്നിക്കൽ സൈഡിലും കൃത്യമായി ചെയ്ത സിനിമ ആണ് മചുക. പശ്ചാത്തല സംഗീതവും രസച്ചരട് വിട്ടു പോകാത്ത സംവിധാനവും എടുത്തു പറയേണ്ടതാണ്.
സൂര്യന്‍റെ പ്രകാശത്തെ വര്‍ണ്ണിച്ചാല്‍ മഞ്ഞയും ചുവപ്പും പിന്നെ കറുപ്പും.. ഈ നിറം മാറ്റലിന്‍റെ സമയത്തിനനുസരിച്ചാണ് കഥയും മുന്നോട്ടു പോകുന്നത്. ഒരു മനുഷ്യനിലെ തന്നെ മിത്രം എന്ന വികാരത്തെയും ശത്രു എന്ന വികാരത്തെയും കൃത്യമായി കാണിച്ചു തരുന്നുണ്ട് സിനിമ
രണ്ടു കഥാപാത്രങ്ങളിലൂടെ മാത്രം, 12 മണിക്കൂർ സമയ ദൈർഘ്യത്തിൽ നടക്കുന്ന ഒരു കഥയാണ് ഇത്. ആദ്യ പകുതി കഥയുടെ പ്രധാന പ്രമേയത്തിലേക്കു വരാനുള്ള കാര്യം മാത്രമാണ്. എങ്കിലും ആദ്യ പകുതിയിൽ വെറുതെ എന്ന് കരുതി പറഞ്ഞു പോകുന്ന പല കാര്യങ്ങൾക്കും കൃത്യമായ സ്‌പേസ് നൽകിയാണ് രണ്ടാം പകുതി പറയുന്നത്. സിനിമയെ മൊത്തത്തിൽ എടുത്താലും ഒരു ത്രില്ലർ സ്വഭാവം ഉള്ള പാറ്റേൺ ആണ്. അതുകൊണ്ടു തന്നെ അല്പം ശ്രദ്ധയോടെ കണ്ടു വിലയിരുത്തുമ്പോൾ ആയിരിക്കും ചിത്രം ഹൃദ്യമാവുന്നതു.
ഉൾക്കരുത്തുള്ള ഒരു കഥാപാത്രമായി നിവേദിതയെ അവതരിപ്പിക്കുന്നതിൽ ജനനി അയ്യർ വിജയിച്ചില്ല എന്നത് ആസ്വാദനത്തെ കുറച്ചൊക്കെ ബാധിക്കുന്നുണ്ട്. പലയിടത്തും നാടകീയത നിഴലിച്ചു നിന്ന്. സിനിമയിൽ ഒരു ഗാനം ആണുള്ളത്, പശ്ചാത്തലം ഒക്കെ മികച്ചതാണെങ്കിലും ഗാനവും ഹൃദ്യമായില്ല. മലയാളത്തിൽ നമ്മൾ കണ്ടു ശീലിച്ച കഥ പറച്ചിലും അവതരണവും അല്ല ഈ സിനിമയ്ക്ക് എന്നതാണ് മച്ചുകയെ വ്യത്യസ്തമാക്കുന്നത്. സിനിമ സംഭവിക്കുന്നതിനു മുന്നേയും സിനിമ കഴിഞ്ഞതിനു ശേഷവും കഥ നടക്കുന്നുണ്ട്, അവയെ കൃത്യമായി അപഗ്രഥിക്കാനുള്ള സ്‌പേസും സംവിധായകൻ പ്രേക്ഷകർക്ക് നൽകുന്നുണ്ട്.
ALSO READ 12 മണിക്കൂര്‍, രണ്ട് പേര്‍, ഇമവെട്ടാതെ കാണണം 'മചുക'
സിനിമയിൽ പറഞ്ഞു പോകുന്ന ഉപകഥകളിൽ കാണിക്കുന്ന ചില ബിംബങ്ങൾ ഉണ്ട്, എടുത്തു പറഞ്ഞാൽ യേശുവിന്‍റെ അവസാനത്തെ അത്താഴത്തിന്റെ ചിത്രം. സിനിമയുടെ അവസാനം അത് വീണ്ടും കാണിക്കുമ്പോൾ ആലോചിച്ചു കൂട്ടാവുന്ന അർത്ഥ തലങ്ങളും സിനിമ സമ്മാനിക്കും. കുറച്ചു ശ്രദ്ധയോടെ ചിത്രം കാണുക.
വ്യത്യസ്തമായി ഒരു സിനിമ, രണ്ടാം പകുതി ഒരു ത്രില്ലർ മൂഡിൽ, അതിനേക്കാൾ ഉപരി പശുപതി എന്ന നടൻ എന്നീ കാര്യങ്ങൾ കൊണ്ട് ഈ ചിത്രം ധൈര്യമായി കാണാം. അതെ സമയം തമാശയും ആക്ഷനും പ്രതീക്ഷിച്ചു പോയാൽ നിരാശ ആയിരിക്കും. ആദ്യ പകുതി അത്ര ചടുലമല്ല എന്ന് കൂടെ ഓർമിപ്പിക്കുന്നു. ഓമനക്കുട്ടന് ലഭിച്ച സ്വീകാര്യത ഈ ചിത്രത്തിനും ലഭിക്കും എന്ന പ്രതീക്ഷയോടെ. വളരെ ചലഞ്ചിങ് ആയ ഒരു സ്ക്രിപ്ട് മനോഹാരമായി തന്നെ അവതരിപ്പിച്ച സംവിധായകൻ ഇനിയും നല്ല ചിത്രങ്ങൾ സംഭാവന ചെയ്യട്ടെ.