നാലു പെണ്ണുങ്ങളും അവരുടെ മോഹങ്ങളും!
മൂടിവെയ്ക്കപ്പെട്ട മോഹങ്ങളുടെ കഥയാണ് "ലിപ്സ്റ്റിക് അണ്ടർ മൈ" ബുർഖ'. നാല് സ്ത്രീകളുടെ വ്യത്യസ്തമായ സ്വാതന്ത്ര്യാന്വേഷണങ്ങളാണ് സിനിമ പറയുന്നത്. ഷിറിനും, ലീലയും, ഉഷയും, രഹാനയും തങ്ങളുടെ ഇഷ്‍ടങ്ങളിലേക്ക് സ്വന്തമായ മാർഗ്ഗങ്ങളിലൂടെ ചരിക്കുന്ന തികച്ചും ഒരു സ്ത്രീപക്ഷ സിനിമ. ഇക്കണ്ട കാലം നാം കണ്ട സിനിമകളിൽ, വരച്ചിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന പെണ്ണുങ്ങളെ കണ്ടു പഠിച്ച നമുക്ക് ഇത് വേറിട്ടൊരു കാഴ്ചയാകും.
വിവാഹം കൊണ്ട്, അലങ്കരിക്കുന്ന സ്ഥാനങ്ങൾ കൊണ്ട് സ്വന്തം പേര് പോലും മറന്നുപോകുന്ന പെണ്ണിനെ അടിവരയിട്ട് അടയാളപ്പെടുത്തുന്നു ഉഷ.
മതഗ്രന്ഥങ്ങൾക്കുള്ളിൽ ആരും കാണാതെ ഒളിപ്പിച്ചു വെച്ച് അവർ വായിക്കുന്ന 'കൊച്ചുപുസ്തക'ത്തിൽ അടക്കി വെയ്ക്കപെടുന്ന ലൈംഗികത- മതത്തിനും വിശുദ്ധിക്കുമുള്ളിൽ സമൂഹം പൊതിഞ്ഞു കെട്ടിവെച്ച വികാരങ്ങൾ വരച്ചിടുന്നു സംവിധായിക. ആകസ്മികമായി നീന്തൽ പഠിക്കാനുള്ള മോഹം ജനിക്കുന്ന മധ്യവയസ് പിന്നിട്ട ആ സ്ത്രീ അതിനുവേണ്ടി നടത്തുന്ന ചെറിയ യാത്രകൾക്ക്, തന്നേക്കാൾ ഇളയവരോട്, തന്നെ അനുസരിച്ചും ബഹുമാനിച്ചും ജീവിക്കുന്നവരോട് കള്ളം പറയേണ്ടി വരുന്നു. സാമ്പത്തിക സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമുള്ള സ്ത്രീയായിട്ടു പോലും തന്റെ സ്വപ്നങ്ങളിലേക്ക് പറക്കാൻ ഒരു നീന്തൽ കുപ്പായം വാങ്ങാൻ വരെ നുണകൾക്ക് മേൽ നുണകൾ പറയേണ്ടതായിട്ടുണ്ട്. അടക്കിയും ഒതുക്കിയും ഇട്ടിരുന്ന വികാരങ്ങൾ ഒരു ഘട്ടത്തിൽ അവരെ വീർപ്പുമുട്ടിക്കുകയും തന്നേക്കാൾ വളരെ പ്രായം കുറഞ്ഞ നീന്തൽപരിശീലകനിൽ അവർ അനുരക്തയാവുകയും ചെയ്യുന്നു.പ കൽ അണിയുന്ന മാന്യതയുടെയും ഗൗരവത്തിന്റെയും കുപ്പായം ഇരുട്ടിൽ, കുളിമുറിയിൽ അഴിച്ചു കളഞ്ഞവർ മറ്റൊരാളാകുന്നു. ആശങ്കകളില്ലാതെ കാമുകിയാവുന്നു.പിടിക്കപ്പെടുമ്പോൾ നിസ്സഹായതയോടെ തനിക്ക് അധികാരപ്പെട്ടിടത്തു നിന്ന് നിഷ്കാസിതയാകുന്നു.
ലീല കടന്നുപോകുന്ന വഴികൾ വിചിത്രമാണ്. അവളുടെ സഞ്ചാരപാത പ്രവചിക്കാനാവാത്ത വിധം സങ്കീർണ്ണമാണ്.
അമ്മയ്‌ക്കൊപ്പം ജീവിക്കുന്ന, ഇഷ്‍ടമുള്ള പണിയെടുത്തു സ്വന്തം കാലിൽ നിൽക്കുന്ന അവൾക്ക് ശ്വാസം മുട്ടിക്കുന്ന ഭോപ്പാലിന് പുറത്തുപോകണം. അതിന് കാമുകനെ കൂട്ടുപിടിക്കുന്ന അവളുടെ ശരികൾ നമുക്ക് മനസിലായെന്ന് വരില്ല. കാമുകനെ തിരിച്ചുപിടിക്കാൻ വിവാഹം ഉറപ്പിച്ച പുരുഷനെ, കാമുകനു മുൻപിൽ വെച്ച് സധൈര്യം ചുംബിക്കുന്ന പെണ്ണ്. ഇഷ്‌ടമുള്ളവന്റെ ഒപ്പം കിടക്കപങ്കിടാൻ അവൾക്ക് വിവാഹം അനിവാര്യമല്ല. ഒരുഘട്ടത്തിൽ കാമുകൻ പിന്മാറിയപ്പോൾ തനിക്ക് വന്നുചേർന്ന ജീവിതം ജീവിക്കാൻ തയാറാവുകയും ഒടുവിൽ കൈവിട്ടു പോവുകയും ചെയ്യുന്നു. അവൾക്ക് വിവാഹത്തോടെ തന്റെ തൊഴിൽ ഉപേക്ഷിക്കേണ്ടി വരും എന്ന ഭീതിയാണ്.
ഷിറിൻ മറ്റൊരു മുഖമാണ്. മാരീറ്റൽ റേപ്പിന്റെ ഇര.
സ്വന്തം വീട്ടിൽ പെണ്ണ് രണ്ടാംകിട പൗരനാണ് എന്ന് ഈ സിനിമ അവളിലൂടെ ഓർമ്മപ്പെടുത്തുന്നു. വാക്ചാതുരിയും മികവുമുള്ള ഒരു സെയിൽസ് ഗേൾ ആണ് അവൾ. ഭർത്താവ് അറിയാതെ ജോലിക്ക് പോകേണ്ടി വരുന്ന പെണ്ണ്. അന്യസ്ത്രീയുടെ മുൻപിൽ സ്നേഹത്തോടെയും പ്രേമത്തോടെയും പെരുമാറുന്ന ഭർത്താവ്, തന്നോട് കിടപ്പറയിൽ അതിക്രൂരമായി പെരുമാറുന്നതോർത്ത് അവൾ നീറുന്നുണ്ട്. നിരന്തരം പീഡനങ്ങൾക്കും അബോർഷനുകൾക്കും വിധേയയായ അവളുടെ സ്വപ്നം അവളുടെ ജോലിയാണ്. തനിക്ക് ലഭിക്കാൻ പോകുന്ന പ്രമോഷൻ ഭർത്താവിനോട് അനുവാദം ചോദിച്ച ശേഷമേ സാധ്യമാകൂ എന്ന ഉത്തമബോധ്യം അവൾക്കുണ്ട്. ഒരു ബുർഖ കൊണ്ട് അവൾ തന്റെ ജോലിയും സ്വപ്നങ്ങളും, ഭർത്താവിന്റെ അപഥസഞ്ചാരങ്ങളും അവളും മൂടി വെയ്ക്കുന്നു.ജോലിയ്ക്ക് പോകുന്ന ഭാര്യക്ക് ജോലിയില്ലാത്ത, വരുമാനമില്ലാത്ത ഭർത്താവ് നൽകുന്ന ശിക്ഷ, വായ മൂടിക്കെട്ടി കൈകൾ ബന്ധിച്ചു വേദന നിറഞ്ഞ ഒരു ബന്ധപ്പെടലാണ്. തീവ്രമായി പൊള്ളിച്ചു കളയും ഈ കഥാപത്രവും.
രഹന ബുർഖയ്ക്കുള്ളിൽ മറയ്ക്കുന്നത് അവളുടെ വസ്‌ത്രസ്വാതന്ത്ര്യമാണ്.
പോപ്പ് ഗായിക മിലി സൈറസിനെ ആരാധിക്കുന്ന പെണ്ണ്. ജീൻസും ടിഷർട്ടും ട്രെന്ഡിയായ ചെരുപ്പുകളും ആഭരണങ്ങളും മാതാപിതാക്കളിൽ നിന്ന് മൂടി വെയ്ക്കാൻ അവൾക്ക് ബുർഖ വേണം. കോളേജിൽ നിന്ന് തിരികെയെത്തുമ്പോൾ ബാപ്പയുടെ കടയിൽ രാവ് വൈകുവോളം ബുർഖ തുന്നുന്നു അവൾ. പകൽ തന്റെ സ്വപ്‌നങ്ങൾ സാധ്യമാക്കാൻ മോഷണം നടത്തുകയും ചെയ്യുന്നു.മോഷണത്തിന് മറപിടിക്കാനും അവൾ ബുർഖയെ കൂട്ടുപിടിക്കുന്നു.
നുണകൾ, ഒളിച്ചുവെയ്പുകൾ, മോഷണങ്ങൾ, ഒരു അളവു വരെ ചതി ഇവയിലൂടെയാണ് ഈ പെണ്ണുങ്ങൾ താന്താങ്ങളെ തേടി പോകുന്നത്. അടച്ചിട്ട മുറിക്കുള്ളിൽ ഉഷ നെടുവീർപ്പിടുന്നു, ബുർഖയ്ക്കുള്ളിൽ രഹന ശ്വാസം മുട്ടുന്നു, ലീലയ്ക്കും ഷിറിനും തങ്ങൾക്ക് തൊഴിൽ ചെയ്യാനുള്ള അനുവാദത്തിന് പെടാപ്പാട് പെടേണ്ടി വരുന്നു. വൈധവ്യം കൊണ്ട്, വിവാഹം കൊണ്ട്, പർദ കൊണ്ട് സ്വപ്‌നങ്ങൾ മാറ്റിവെയ്ക്കേണ്ടി വരുന്ന നാല് പെൺജീവിതങ്ങൾ.
പരസ്പരം രക്തബന്ധം ഇല്ലാത്ത, ഒരു കൂരയ്ക്ക് കീഴിൽ കഴിയുന്ന ഇവരുടെ പ്രശ്നങ്ങൾ വെവ്വേറെ ആണ്. പക്ഷെ അവയ്‌ക്കൊക്കെ ഒരു പൊതുസ്വഭാവം ഉണ്ട്. പെണ്ണുങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ. അവളുടെ സ്വാതന്ത്യങ്ങളിലേക്കുള്ള കടന്നാക്രമണങ്ങൾ. ഇവിടെ ഇവർ തിരഞ്ഞെടുക്കുന്ന വഴികൾ ശരിയോ എന്ന് പലവട്ടം സംശയം തോന്നിയേക്കാം പ്രേക്ഷകർക്ക്. എന്നാൽ, ഇതല്ലാതെ അവർക്ക് മറ്റ് മാർഗ്ഗങ്ങളില്ല എന്ന് വ്യക്തവുമാണ്.
ലീലയുടെ അടച്ചിട്ട ബ്യൂട്ടിപാർലറിന്റെ കതകിന് പിന്നിലെ, ഉഷയുടെ മുറിയ്ക്കുള്ളിലെ, ഷിറിന്റെ ദാമ്പത്യത്തിന്റെ പിന്നിലെ, രഹനയുടെ ബുർഖയ്ക്കുള്ളിലെ വേവാണ് ഈ സിനിമ. ഇതുവരെ ഇന്ത്യൻ സിനിമ നമ്മെ കാട്ടിത്തന്ന പെണ്ണുങ്ങളെക്കാൾ ഇവർ ഒരുപാട് ദൂരെയാണ്. കഥാന്ത്യം പരാജയപ്പെട്ടു പോകുമെങ്കിലും പരസ്പരം ഊന്നുവടികളായി അൽപനേരം അവർ ഒന്നിച്ചിരിക്കുന്നത് കാണാം.
ഇത്രകാലവും സ്‌ക്രീനിൽ നാം കണ്ട പെൺജീവിതങ്ങളല്ല ഈ സിനിമയിൽ അലംകൃത ശ്രീവാസ്‌തവ കാട്ടിത്തരുന്നത്. ചെറിയ സ്വപ്നങ്ങൾക്ക് പോലും വലിയ വില നൽകേണ്ടി വരുന്ന പെൺ അതിജീവനങ്ങളുടെ നേർസാക്ഷിയാണ് ഈ സിനിമ.