എതിരാളിയില്ലാതെ വിജയ് ചിത്രം, തിയറ്റർ പൂരപ്പറമ്പാക്കി 'അനിമൽ', പ്രി-സെയിലിലൂടെ ഷാരൂഖിനെ മറികടന്ന് രൺബീർ !
കേരളത്തിൽ ഉൾപ്പടെ നിറഞ്ഞ സദസുകളിലാണ് അനിമലിന്റെ പ്രദർശനം.
ഒരു പുതിയ സിനിമ റിലീസ് ചെയ്ത് പിറ്റേദിവസം മുതൽ ആരംഭിക്കുന്ന പ്രധാന ചർച്ചയാണ് കളക്ഷൻ വിവരങ്ങൾ. ഈ ബോക്സ് ഓഫീസ് കണക്കുകളുടെ അടിസ്ഥാനത്തിൽ ആണ് ആ സിനിമയ്ക്ക് ഹിറ്റ്, സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്റർ തുടങ്ങിയ ടാഗ് ലൈനുകൾ കൊടുക്കുന്നത്. ഒപ്പം പ്രേക്ഷക-നിരൂപക പ്രശംസയും. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ആ സിനിമയുടെ കളക്ഷൻ ആരംഭിക്കുന്നുണ്ട്. അതായത് പ്രി-സെയിൽ ബിസിനസ്. ടിക്കറ്റ് വിൽപ്പനയുടെ അടിസ്ഥാനത്തിൽ ആണ് ഇത് കണക്കാക്കുക. അത്തരത്തിൽ കണക്ക് കൂട്ടി, ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 2023ലെ മികച്ച പ്രി-സെയിൽ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തു വന്നിരിക്കുകയാണ്.
മൊത്തം അഞ്ച് സിനിമകൾ ആണ് ലിസ്റ്റിൽ ഉള്ളത്. ഈ ലിസ്റ്റിൽ ഇന്ന് റിലീസ് ചെയ്ത രൺബീർ കപൂർ ചിത്രം അനിമൽ ഇടംപിടിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്. പട്ടികയിൽ ഒന്നാം സ്ഥാനം നിലനിൽത്തിയിരിക്കുന്നത് വിജയ് ചിത്രം ലിയോ ആണ്. 46.10 കോടിയാണ് പ്രി-സെയിലിലൂടെ ചിത്രം നേടിയത്. ഷാരൂഖ് ഖാൻ ചിത്രം ജവാൻ ആണ് രണ്ടാം സ്ഥാനത്ത്. 41കോടിയാണ് ചിത്രം നേടിയത്. 34 കോടി നേടി അനിമൽ മൂന്നാം സ്ഥാനത്താണ്. പത്താൻ 32.43കോടി, ആദിപുരുഷ് 26.50 കോടി എന്നിങ്ങനെയാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. വെറും പോയിന്റുകളുടെ വ്യത്യാസത്തിൽ ആണ് അനിമൽ ഷാരൂഖ് ഖാൻ ചിത്രം പത്താനെ മറി കടന്നിരിക്കുന്നതെന്ന് പ്രമുഖ ട്രാക്കർന്മാർ റിപ്പോർട്ട് ചെയ്യുന്നു.
അനിമലിന്റെ ഇന്ത്യയിലെ ആദ്യ ഷോ ആരംഭിക്കുന്നതിന് മുൻപ് 13.6 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരുന്നു എന്നാണ് കണക്ക്. ഇത് 34 കോടിയുടെ പ്രീ-സെയിലിന് തുല്യമാണെന്ന് അനലിസ്റ്റുകൾ പറയുന്നു. അവധി ദിവസമല്ലാത്ത റിലീസും എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിനും ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷനാണ് ഇതെന്നും ഇവർ വിലയിരുത്തുന്നു.
രൺബീർ കപൂർ നായകനായി എത്തിയ അനിമലിന് മികച്ച പ്രതികരണം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇരുപത്തി മൂന്ന് വർഷത്തിന് ശേഷം ബോളിവുഡിലെ ഒരു സൂപ്പർ താരത്തിന്റെ ഉദയമാണ് സിനിമ സമ്മാനിച്ചതെന്നാണ് പ്രേക്ഷകാഭിപ്രായം. കേരളത്തിൽ ഉൾപ്പടെ നിറഞ്ഞ സദസുകളിലാണ് അനിമലിന്റെ പ്രദർശനം നടക്കുന്നത്. രൺബീർ കപൂറിനെ കൂടാതെ അനിൽ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദാന, തൃപ്തി ദിമ്രി എന്നിവരും അനിമലിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഹിന്ദിക്ക് ഒപ്പം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം 100കോടി അടുപ്പിച്ച് നേടുമെന്നാണ് വിലയിരുത്തൽ.
ഫൺ- ഫാമിലി എന്റർടെയ്നർ, ഭരതനാട്യം കളിച്ച് സ്കോർ ചെയ്ത് ഷൈൻ- 'ഡാൻസ് പാർട്ടി' റിവ്യു
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..