150ഉം പിന്നിട്ടു, 200 കോടിയിലേക്ക് 'ദി കേരള സ്റ്റോറി', കണക്കുകൾ ഇങ്ങനെ
റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോൾ 150 കോടിയും ദി കേരള സ്റ്റോറി പിന്നിട്ടിരിക്കുകയാണ്.
സിനിമ പറയുന്ന വിഷയം കൊണ്ട് റിലീസിന് മുൻപെ വിവാദങ്ങളിൽ അകപ്പെട്ട സിനിമയാണ് കേരള സ്റ്റോറി. കേരളത്തിലെ യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സാമൂഹിക- രാഷ്ട്രീയ രംഗത്തുള്ള പലരും സിനിമയക്ക് എതിരെ രംഗത്തെത്തി. ഇപ്പോഴിതാ വിവാദങ്ങൾക്കിടെ റിലീസ് ചെയ്ത ദി കേരള സ്റ്റോറി ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.
റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോൾ 150 കോടിയും ദി കേരള സ്റ്റോറി പിന്നിട്ടിരിക്കുകയാണ്. വെള്ളി 12.35 കോടി, ശനി 19.50 കോടി, ഞായർ 23.75 കോടി, തിങ്കൾ 10.30 കോടി, ചൊവ്വ 9.65 കോടി എന്നിങ്ങനെ ആണ് ചിത്രം നേടിയിരിക്കുന്നത്. അതായത് ആകെമൊത്തം 156.69 കോടി ചിത്രം സ്വന്തമാക്കി കഴിഞ്ഞുവെന്ന് ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ട്വീറ്റ് ചെയ്യുന്നു.
ഈ രീതിയിൽ ആണ് മുന്നോട്ട് പോകുന്നതെങ്കിലും ഈ വാരത്തിനുള്ളിൽ സിനിമ 200 കോടി തൊടുമെന്നാണ് വിലയിരുത്തൽ. മെയ് 14ന് കേരള സ്റ്റോറി 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. നിലവിൽ 2023-ലെ ഏറ്റവും ഉയർന്ന വരുമാനം നേടിയ രണ്ടാമത്തെ ഹിന്ദി ചിത്രമായി ദി കേരള സ്റ്റോറി. ഒന്നാം സ്ഥാനത്ത് പത്താൻ ആണ്.
100 കോടിയിൽ നിർമാതാവിന് എത്ര കിട്ടും ? വെളിപ്പെടുത്തി വേണു കുന്നപ്പിള്ളി
അതേസമയം, കേരള സ്റ്റോറിക്ക് പ്രദർശന വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. സുപ്രീം കോടതിയിൽ തമിഴ്‌നാട് പൊലീസ് എഡിജിപി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. സിനിമയുടെ റിലീസിന് ശേഷം പ്രേഷകരുടെ മോശം പ്രതികരണം മൂലം മൾട്ടിപ്ലക്സ് ഉടമകൾ കേരള സ്റ്റോറിയുടെ പ്രദർശനം നിർത്തിവെക്കുകയായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.