വിവാദങ്ങൾക്കിടെ റിലീസ്, പ്രതിഷേധം; ഒൻപതാം നാൾ 100 കോടി ക്ലബ്ബിൽ 'ദി കേരള സ്റ്റോറി'
ഇതുവരെയുള്ള കണക്ക് പ്രകാരം 2023ലെ 100 കോടി(NBOC) കടക്കുന്ന നാലാമത്തെ ഹിന്ദി ചിത്രം ആയിരിക്കുകയാണ് ദി കേരള സ്റ്റോറി.
സിനിമയുടെ പ്രമേയം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ദി കേരള സ്റ്റോറി. പിന്നാലെ കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ കേരളത്തില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. ഇതിനിടെ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു. രാഷ്ട്രീയ- സാമൂഹിക രംഗത്തുള്ള നിരവധി പേരാണ് സിനിമയ്ക്ക് എതിരെ രംഗത്തെത്തിയത്. ഈ പ്രശ്നങ്ങള്‍ക്കിടെ തന്നെ കേരള സ്റ്റോറി റിലീസും ചെയ്തു. ഇപ്പോഴിതാ ചിത്രം മികച്ച ബോക്സ് ഓഫീസ് പ്രകടനം കാഴ്ചവച്ചു എന്ന വിവരമാണ് പുറത്തുവരുന്നത്.
മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്തത്. ഇതുവരെ ഉള്ള കണക്ക് പ്രകാരം അതായത്, ഒൻപത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ചിത്രം ഇടം പിടിച്ചുവെന്ന് ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ട്വീറ്റ് ചെയ്യുന്നു. ആദ്യ ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം, രണ്ടാം ആഴ്ചയിൽ വെള്ളിയാഴ്ച 12.35 കോടിയും ശനിയാഴ്ച 19.50 കോടിയും നേടി. ഇന്ത്യൻ ബോക്സ് ഓഫീസ് കണക്കാണിത്. ആകെമൊത്തം 112.99 കോടിയാണ് ദി കേരള സ്റ്റോറി സ്വന്തമാക്കിയിരിക്കുന്നത്. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം 7.5 കോടി രൂപയാണ് നേടിയത്.
ഇതുവരെയുള്ള കണക്ക് പ്രകാരം 2023ലെ 100 കോടി(NBOC) കടക്കുന്ന നാലാമത്തെ ഹിന്ദി ചിത്രം ആയിരിക്കുകയാണ് ദി കേരള സ്റ്റോറി. ഒന്നാമത് ഷാരൂഖ് ഖാൻ ചിത്രം പത്താൻ ആണ്. തു ജൂതി മെയിൻ മക്കാർ, കിസികാ ഭായ് കിസികി ജാൻ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
അടി കൊള്ളാതെ നോക്കിക്കോളണം : അഖിലിനോട് അമ്മ, കൈകൊട്ടി ചിരിച്ച് ശോഭ
അതേസമയം, ദി കേരള സ്റ്റോറി സിനിമയെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും തീവ്രവാദ സംഘടനകൾക്കൊപ്പം നിൽക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമ ഒരു മുന്നറിയിപ്പാണ്. അല്ലാതെ സാധാരണ വിനോദത്തിനുവേണ്ടിയുള്ളതല്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.