Spider Man No Way Home box office : ഇന്ത്യയില്‍ 3264 സ്ക്രീനുകള്‍; റെക്കോര്‍ഡ് ഓപണിംഗ് പ്രതീക്ഷയില്‍ ചിത്രം
പ്രീ ബുക്കിംഗിലും വന്‍ പ്രതികരണമാണ് ഇന്ത്യയില്‍ ലഭിച്ചത്
ചില ഹോളിവുഡ് ഫ്രാഞ്ചൈസി ചിത്രങ്ങള്‍ക്ക് ഇന്ത്യയില്‍ വന്‍ പ്രതികരണം ലഭിക്കാറുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സ് (Marvel Cinematic Universe). 'അവഞ്ചേഴ്സ് എന്‍ഡ്‍ഗെയിം' ആയിരുന്നു അതിലെ ബോക്സ് ഓഫീസ് കിംഗ്. ഇപ്പോഴിതാ മാര്‍വെലിന്‍റെ തന്നെ മറ്റൊരു ചിത്രവും ഇന്ത്യയില്‍ മികച്ച റിലീസ് ദിന കളക്ഷന്‍ പ്രതീക്ഷിക്കുകയാണ്. എംസിയുവിന്‍റെ സ്‍പൈഡര്‍മാന്‍ സിരീസിലെ മൂന്നാം ചിത്രമായ 'സ്പൈഡര്‍മാന്‍: നോ വേ ഹോം' (Spider Man No Way Home) ഇന്ത്യയില്‍ ഇന്നാണ് റിലീസ് ചെയ്യപ്പെട്ടത്. കൊവിഡിനു ശേഷം ഒരു ഹോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച തിയറ്റര്‍ കൗണ്ട് ആണ് ചിത്രത്തിന് ലഭിച്ചത്.
3264 സ്ക്രീനുകളിലാണ് ഇന്ത്യയില്‍ മാത്രം ചിത്രം റിലീസ് ആയിരിക്കുന്നത്. മികച്ച പ്രീ-റിലീസ് ഹൈപ്പ് സൃഷ്‍ടിച്ചിരുന്ന ചിത്രം വന്‍ റിസര്‍വേഷനും നേടിയിരുന്നു. ഈ വാരാന്ത്യത്തിലെ അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം 35 കോടി നെറ്റ് നേടിയതായാണ് വിവരം. അവഞ്ചേഴ്സ് എന്‍ഡ് ഗെയിം, ബാഹുബലി 2 ഇവ കഴിഞ്ഞാല്‍ ഒരു ചിത്രത്തിന് ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച അഡ്വാന്‍സ് ബുക്കിംഗ് കണക്ക് ആണിത്. റിലീസ് ദിനമായ ഇന്ന് മാത്രം ചിത്രം 16-17 കോടി കളക്റ്റ് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. എല്ലാ കണക്കുകൂട്ടലുകളും മറികടന്ന് ആദ്യദിനം തന്നെ ചിത്രം 30 കോടി നെറ്റ് നേടിയേക്കാമെന്നും വിലയിരുത്തലുകളുണ്ട്. അങ്ങനെയെങ്കില്‍ സമീപകാലത്തെ ബോളിവുഡ് ഹിറ്റ് ആയ അക്ഷയ് കുമാറിന്‍റെ സൂര്യവന്‍ശിയെ ഓപണിംഗ് കളക്ഷനില്‍ സ്പൈഡര്‍മാന്‍ മറികടക്കും.
പ്രീ ബുക്കിംഗില്‍ ഇന്ത്യയില്‍ ചിത്രത്തിന് ലഭിച്ച പ്രതികരണത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു. ബുക്കിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറില്‍ ചിത്രത്തിന്‍റെ അഞ്ച് ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റുപോയത്. എന്‍ഡ്‍ഗെയിം കഴിഞ്ഞാല്‍ ഒരു ഹോളിവുഡ് ചിത്രത്തിന് ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച പ്രതികരണമാണ് ഇത്. 24 മണിക്കൂറില്‍ 14 ലക്ഷം ടിക്കറ്റുകളാണ് അവഞ്ചേഴ്സിന്‍റേതായി 2019ല്‍ വിറ്റഴിക്കപ്പെട്ടത്. മള്‍ട്ടിപ്ലെക്സ് ശൃംഖലകളില്‍ പിവിആര്‍ ആണ് ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റത്. ബുക്കിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറില്‍ 1.6 ലക്ഷം ടിക്കറ്റുകളാണ് അവര്‍ വിറ്റത്. അതേസമയം കൊവിഡ് അനന്തര കാലത്ത് ഹോളിവുഡിലെ ആദ്യ ബില്യണ്‍ ഡോളര്‍ ബോക്സ് ഓഫീസ് ആയിരിക്കും ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.