വിജയഭേരി മുഴക്കി 'പഠാന്റെ' കുതിപ്പ്; ഇന്ത്യയിൽ 400 കോടി കടന്ന് ഷാരൂഖ് ചിത്രം; ലോകമെമ്പാടുമായി നേടിയത്
എട്ട് ദിവസത്തിൽ 417 കോടിയാണ് പഠാൻ ഇന്ത്യയില്‍ നിന്നും നേടിയിരിക്കുന്നത്.
ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് ഷാരൂഖ് ഖാൻ നായകനായി എത്തിയ പഠാൻ. തുടരെ ഉള്ള പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വൻ മുതൽക്കൂട്ടായിരിക്കുകയാണ് ഷാരൂഖ് ചിത്രമെന്നാണ് ഓരോ ദിവസത്തെയും കണക്കുകൾ സൂചിപ്പിക്കുന്നത്. റിലീസ് ചെയ്ത എട്ട് ദിവസം പിന്നിടുമ്പോൾ ലോകമെമ്പാടുമായി 600 കോടിയും ഇന്ത്യയിൽ മാത്രം 400 കോടിയും ചിത്രം കടന്നിരിക്കുകയാണ്.
എട്ട് ദിവസത്തിൽ 417 കോടിയാണ് പഠാൻ ഇന്ത്യയില്‍ നിന്നും നേടിയിരിക്കുന്നത്. ഓവർസീസിൽ 250 കോടിയും. ഇതോടെ ലോകമെമ്പാടുമായി 667 കോടിയാണ് ഷാരൂഖ് ഖാൻ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. പഠാന്റെ നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് ശേഷമുള്ള ഹിന്ദി സിനിമയിലെ മികച്ച കളക്ഷൻ ആണിതെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ.
ജനുവരി 25നാണ് സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാൻ റിലീസ് ചെയ്തത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രമെന്ന നിലയിൽ പഠാൻ പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയിരുന്നു. ദീപിക ധരിച്ച ബിക്കിനിയുടെ നിറത്തിന്റെ പേരിൽ തുടങ്ങിയ ബഹിഷ്കരണാഹ്വാനങ്ങൾക്കും വിവാദങ്ങൾക്കും ഇടയിൽ റിലീസ് ചെയ്ത ചിത്രം ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. 2018-ലെ സീറോയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രം കൂടി ആയിരുന്നു പഠാന്‍. ബ്രഹ്മാസ്ത്രയില്‍ അതിഥി വേഷത്തില്‍ താരം എത്തിയിരുന്നു.
നിറവയറിൽ സാമന്ത; 'ശാകുന്തള'ത്തിലെ മനോഹര മെലഡി എത്തി
അതേസമയം, ഷാരൂഖ് നായകനായി എത്തുന്ന ജവാന്റെ ഷൂട്ടിംഗ് അടുത്തിടെ പുനഃരാരംഭിച്ചിരുന്നു. തമിഴിലെ പ്രമുഖ സംവിധായകൻ ആറ്റ്ലീയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാരയാണ് ജവാനിൽ നായികയായി എത്തുന്നത്. നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലുമാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്.