ബോളിവുഡിന്റെ ഉയർത്തെഴുന്നേൽപ്പ്; ബേക്സ് ഓഫീസ് തൂഫാനാക്കി 'പഠാൻ'; ലോകമെമ്പാടുമായി നേടിയത്
2023 ജനുവരി 25നാണ് സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാൻ റിലീസ് ചെയ്തത്.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഷാരൂഖ് ഖാൻ ചിത്രം റിലീസിനെത്തുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ ബോളിവുഡ് ഏറെ പ്രതീക്ഷയിലായിരുന്നു. കൊവിഡിന് ശേഷം പരാജയങ്ങൾ മാത്രം സ്വന്തമാക്കിയിരുന്ന ബോളിവുഡിനെ തിരിച്ചു കൊണ്ടുവരാൻ പഠാന് സാധിക്കും എന്നതായിരുന്നു അതിന് കാരണം. ട്രേഡ് അനലിസ്റ്റുകളും ഇക്കാര്യം ഉറപ്പിച്ചു. ഈ പ്രതീക്ഷകൾക്കും വിലയിരുത്തലുകൾക്കും പഠാൻ മങ്ങലേൽപ്പിച്ചില്ല എന്നാണ് ഓരോദിവസവും പുറത്തുവരുന്ന കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ പഠാന്റെ ഒരാഴ്ചത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്.
റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിടുമ്പോൾ ലോകമെമ്പാടുമായി 634 കോടിയാണ് ഷാരൂഖ് ഖാൻ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുമാത്രം 330 കോടി പഠാൻ സ്വന്തമാക്കി. അടുത്ത ആഴ്ച അവസാനിക്കുമ്പോഴേക്കും ഷാരൂഖ് ഖാൻ ചിത്രം 1000 കോടി അടുപ്പിച്ച് നേടുമെന്നാണ് വിലയിരുത്തലുകൾ.
2023 ജനുവരി 25നാണ് സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാൻ റിലീസ് ചെയ്തത്. ബഹിഷ്കരണാഹ്വാനങ്ങൾക്കും വിവാദങ്ങൾക്കും ഇടയിൽ റിലീസ് ചെയ്ത ചിത്രം ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്നിരുന്നു. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. 2018-ലെ സീറോയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും പഠാന് ഉണ്ട്.
പ്രണയ തകർച്ച; വിഷമത്തിൽ ലോട്ടറി എടുത്തു, ബ്രേക്കപ്പ് ഡേറ്റിൽ യുവാവിന് അടിച്ചത് ബംപർ !
അതേസമയം, ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ ആണ് ഷാരൂഖിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ ഡബിൾ റോളിലാണ് ഷാരൂഖ് എത്തുന്നതെന്നാണ് വിവരം. നയൻതാരയുടെയും ആറ്റ്ലീയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകതയും ജവാനുണ്ട്.