ശനിയാഴ്ചയും രക്ഷയില്ല; അക്ഷയ് കുമാറിന്‍റെ 'സെല്‍ഫി' രണ്ട് ദിവസം കൊണ്ട് നേടിയത്

മലയാള ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്‍റെ ഒഫിഷ്യല്‍ റീമേക്ക്

selfiee 2 day box office akshay kumar emran hashmi prithviraj sukumaran nsn

കൊവിഡ് കാലത്ത് നേരിട്ട തകര്‍ച്ചയ്ക്കു ശേഷം ബോളിവുഡ് ഏറെ ആഗ്രഹിച്ച ആശ്വാസ വിജയം നേടിക്കൊടുത്ത ചിത്രമാണ് പഠാന്‍. ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം 500 കോടിയിലധികം ഇതിനകം നേടിയിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ 1000 കോടിയും. പഠാന്‍ ബോക്സ് ഓഫീസില്‍ ഒരു വിജയത്തുടര്‍ച്ചയ്ക്ക് കാരണമാവുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ്. എന്നാല്‍ ഈ വാരം പുറത്തിറങ്ങിയ അക്ഷയ് കുമാര്‍ ചിത്രത്തിന്‍റെ കളക്ഷന്‍ കാണുമ്പോള്‍ ആ വിജയത്തുടര്‍ച്ച ഒരു ആഗ്രഹം മാത്രമായി അവശേഷിക്കുമോ എന്ന സംശയത്തിലാണ് സിനിമാ വ്യവസായം.

സച്ചിയുടെ തിരക്കഥയില്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത്, പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2019 ല്‍ പുറത്തെത്തിയ മലയാള ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് ഈ വാരമെത്തിയ അക്ഷയ് ചിത്രം സെല്‍ഫി. റീമേക്കിന്‍റെ നിര്‍മ്മാണത്തില്‍ പൃഥ്വിരാജിനും ലിസ്റ്റിന്‍ സ്റ്റീഫനും പങ്കാളിത്തമുണ്ട്. ഏറെ പ്രതീക്ഷയോടെ 24 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം നേടാനായത് 2.55 കോടി മാത്രമായിരുന്നു. ഒരു അക്ഷയ് കുമാര്‍ ചിത്രത്തില്‍ നിന്ന് മുന്‍പ് ബോളിവുഡ് പ്രതീക്ഷിച്ചിരുന്നത് വച്ച് നോക്കുമ്പോള്‍ ദുരന്തമാണ് ഇത്. ശനി, ഞായര്‍ ദിനങ്ങളില്‍ ചിത്രം കളക്ഷനില്‍ കുതിപ്പ് നേടുമോ എന്ന കാത്തിരിപ്പിലായിരുന്നു നിര്‍മ്മാതാക്കള്‍. എന്നാല്‍ ശനിയാഴ്ചത്തെ കളക്ഷനിലും ചിത്രം കാര്യമായ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. 

വെള്ളിയാഴ്ചത്തേക്കാള്‍ അല്‍പം മെച്ചപ്പെട്ടെങ്കിലും 3.80 കോടി മാത്രമാണ് രണ്ടാം ദിനം ചിത്രം നേടിയത്. ആകെ ചിത്രം നേടിയിരിക്കുന്ന ഇന്ത്യ കളക്ഷന്‍ 6.35 കോടിയാണ്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ചലച്ചിത്ര താരത്തെയാണ് ഹിന്ദി റീമേക്കില്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ റീമേക്കില്‍ അവതരിപ്പിക്കുന്നത് ഇമ്രാന്‍ ഹാഷ്മിയുമാണ്. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സെല്‍ഫിയുടെ നിര്‍മ്മാണം.

ALSO READ : 'ഇത് മോഷണം, അംഗീകരിക്കാനാവില്ല'; ലിജോ ജോസ് പെല്ലിശ്ശേരിക്കെതിരെ ആരോപണവുമായി തമിഴ് സംവിധായിക

Latest Videos
Follow Us:
Download App:
  • android
  • ios