ജപ്പാനില്‍ എക്കാലത്തെയും വലിയ ഇന്ത്യന്‍ വിജയമായി ആര്‍ആര്‍ആര്‍; തകര്‍ത്തത് മുത്തുവിന്‍റെ റെക്കോര്‍ഡ്

ജപ്പാനിലെ റിലീസ് ഒക്ടോബര്‍ 21 ന് ആയിരുന്നു

rrr now biggest indian box office hit in japan ss rajamouli rajinikanth

ഇന്ത്യന്‍ സിനിമകളുടെ ആഗോള വിപണി വര്‍ഷം ചെല്ലുന്തോറും വളരുകയാണ്. ഒരുകാലത്ത് ബോളിവുഡ് സിനിമയ്ക്ക് മാത്രമാണ് ആ സാഹചര്യം ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ നിന്നുള്ള വന്‍ ചിത്രങ്ങള്‍ക്കും രാജ്യത്തിന് പുറത്ത് പ്രേക്ഷകരുണ്ട്. ആര്‍ആര്‍ആറും കെജിഎഫ് സീക്വലുമാണ് പോയ വര്‍ഷം പുറംനാടുകളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ രണ്ട് ചിത്രങ്ങള്‍. അതില്‍ എസ് എസ് രാജമൌലിയുടെ ആര്‍ആര്‍ആര്‍ ഏതൊരു ഇന്ത്യന്‍ സംവിധായകനും അസൂയപ്പെടുന്ന ജനപ്രീതിയാണ് നേടിയെടുത്തത്, വിശേഷിച്ചും പാശ്ചാത്യ രാജ്യങ്ങളില്‍. ഇപ്പോഴിതാ മറ്റൊരു വിദേശ രാജ്യത്ത് ആര്‍ആര്‍ആര്‍ നേടിയ കളക്ഷന്‍ കണക്കുകളാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ജപ്പാനിലെ കളക്ഷനാണ് അത്.

മാര്‍ച്ച് 24 ന് ആയിരുന്നു ആര്‍ആര്‍ആറിന്‍റെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ റിലീസ് എങ്കില്‍ ജപ്പാനിലെ റിലീസ് ഒക്ടോബര്‍ 21 ന് ആയിരുന്നു. വന്‍ പ്രതികരണമാണ് ജാപ്പനീസ് സിനിമാപ്രേമികള്‍ക്കിടയില്‍ ചിത്രം നേടിയെടുത്തത്. കളക്ഷനില്‍ കുതിച്ച ചിത്രം ഇപ്പോഴിതാ മറ്റൊരു നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ജപ്പാനില്‍ ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന എക്കാലത്തെയും വലിയ വിജയമായിരിക്കുകയാണ് ആര്‍ആര്‍ആര്‍. 410 മില്യണ്‍ യെന്‍ ആണ് ആര്‍ആര്‍ആര്‍ അവിടെനിന്ന് നേടിയിരിക്കുന്നത്. അതായത് 24.7 കോടി ഇന്ത്യന്‍ രൂപ. രജനീകാന്തിന്‍റെ 1995 ചിത്രം മുത്തുവിന്‍റെ 27 വര്‍ഷം പഴയ റെക്കോര്‍ഡ് ആണ് ആര്‍ആര്‍ആര്‍ തകര്‍ത്തത്. 22 കോടിയാണ് മുത്തു അന്ന് നേടിയിരുന്നത്.

ALSO READ : റിലീസ് ചെയ്‍തിട്ട് മണിക്കൂറുകള്‍ മാത്രം; 'അവതാര്‍' 2 വ്യാജ പതിപ്പ് ഓണ്‍ലൈനില്‍

ബാഹുബലിക്കു ശേഷമുള്ള എസ് എസ് രാജമൌലി ചിത്രം എന്നതിനാല്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. സമീപകാല ഇന്ത്യന്‍ സിനിമയിലെ വലിയ സാമ്പത്തിക വിജയങ്ങളില്‍ ഒന്നായി ആര്‍ആര്‍ആര്‍. രാജമൗലിയെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു ആഗോള സിനിമാപ്രേമികള്‍ക്കിയില്‍ ആര്‍ആര്‍ആര്‍ നേടിയ സ്വീകാര്യത. നെറ്റ്ഫ്ലിക്സ് റിലീസിലൂടെ പാശ്ചാത്യ സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്ക് എത്തിയ ചിത്രം നെറ്റ്ഫ്ലിക്സിന്‍റെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീണ്ട 14 വാരങ്ങളിലാണ് ഇടംപിടിച്ചത്. ചിത്രത്തിന്‍റെ ഒരു സീക്വല്‍ ഉണ്ടാവാനുള്ള സാധ്യതയെക്കുറിച്ചും രാജമൌലി പറഞ്ഞിട്ടുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളില്‍ രണ്ട് നാമനിര്‍ദേശങ്ങളും ചിത്രം നേടിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios