ആഗോള വേട്ട തുടങ്ങി 'വേട്ടൈയന്‍': രജനി ചിത്രത്തിന്‍റെ ബുക്കിംഗിന് യുഎസില്‍ വന്‍ പ്രതികരണം !
രജനികാന്തിന്റെ പുതിയ ചിത്രം 'വേട്ടൈയന്‍' ഒക്ടോബർ 10ന് തിയേറ്ററുകളിൽ എത്തുന്നതിന് മുന്നോടിയായി യുഎസിൽ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു.
ചെന്നൈ: ജയിലറിന്‍റെ വന്‍ വിജയത്തിന് ശേഷം 'വേട്ടൈയന്‍' എന്ന ചിത്രത്തിലൂടെ മറ്റൊരു ആഗോള ഹിറ്റ് നൽകാനുള്ള ഒരുക്കത്തിലാണ് രജനികാന്ത്. ഇന്ത്യയിൽ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടില്ലെങ്കിലും അമേരിക്കയിൽ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. 'വേട്ടൈയന്‍' ഒക്ടോബർ 10ന് തിയേറ്ററുകളിൽ എത്തും.
ഇടി ടൈംസ് ഒരു റിപ്പോർട്ട് അനുസരിച്ച്, ഏകദേശം 4,000 ടിക്കറ്റുകളിൽ നിന്ന് 97,000 ഡോളർ (ഏകദേശം 80 ലക്ഷം രൂപ) ചിത്രം യുഎസില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ ഇതിനകം നേടിയിട്ടുണ്ട്. അടുത്തിടെ ചെന്നൈയില്‍ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചില്‍ പുറത്തുവിട്ട ട്രെയിലര്‍ വന്‍ ശ്രദ്ധ നേടിയിരുന്നു.
നിർമ്മാതാക്കൾ ചിത്രത്തിന്‍റെ പ്രിവ്യൂ പുറത്തുവിട്ട് ഒരാഴ്ച പിന്നിടുമ്പോൾ കാഴ്ചക്കാരുടെ എണ്ണം 10 ദശലക്ഷം കടന്നു. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടൈയന്‍' വ്യവസ്ഥിതിക്കെതിരെ പോരാടുന്ന രജനികാന്ത് അവതരിപ്പിക്കുന്ന വിരമിച്ച ഒരു പോലീസുകാരന്‍റെ കഥയാണ് പറയുന്നത്. അഭിതാഭ് ബച്ചന്‍ ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി, മഞ്ജു വാര്യര്‍ തുടങ്ങി വന്‍ താരനിരയോടെ എത്തുന്ന ചിത്രമാണിത്. എന്നാല്‍ ഏറ്റവുമൊടുവില്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്ന ഒരു പ്രിവ്യൂ വീഡിയോയിലെ സര്‍പ്രൈസ് മറ്റൊരു അഭിനേതാവിന്‍റെ സാന്നിധ്യമാണ്. മലയാളി താരം സാബുമോന്‍ അബ്ദുസമദ് ആണ് അത്.
ജയ് ഭീം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ടി ജെ ജ്ഞാനവേല്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. 33 വർഷങ്ങൾക്ക് ശേഷമാണ് രജനികാന്തും അമിതാഭും ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നത്. എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച കാലിക പ്രസക്തമായ ഒരു സോഷ്യല്‍ ആക്ഷന്‍ ഡ്രമയാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ട്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം.
'ഇത് ജയിലര്‍ അല്ല': വിശ്വസ്തനായ ആ വ്യക്തി 'വേട്ടൈയന്‍' റിവ്യൂ പറഞ്ഞു, രജനി ഫാന്‍സ് ആഘോഷത്തില്‍