Asianet News MalayalamAsianet News Malayalam

ആരാധകരെ ശാന്തരാകുവിൻ; ഈഫല്‍ ടവറില്‍ നിന്ന് ഒളിംപിക് വളയങ്ങള്‍ നീക്കാനുള്ള കാരണം വ്യക്തമാക്കി പാരീസ് മേയര്‍

ഒളിംപിക്സിന്‍റെ വരവറിയിച്ച് ജൂൺ ഏഴിനാണ് ഈഫല്‍ ടവറില്‍ അഞ്ച് ഭീമന്‍ ഒളിംപിക് വളയങ്ങള്‍ സ്ഥാപിച്ചത്.

Olympic Rings Removed From Eiffel Tower
Author
First Published Sep 27, 2024, 8:33 PM IST | Last Updated Sep 27, 2024, 8:33 PM IST

പാരീസ്: ഒളിംപിക്സിന് വേദിയായ ഫ്രാൻസിന്‍റെ തലസ്ഥാനമായ പാരീസിലെ ഈഫല്‍ ടവറില്‍ നിന്ന് ഒളിംപിക് വളയങ്ങള്‍ നീക്കിയതില്‍ വിശദീകരണവുമായി പാരീസ് മേയര്‍ ആനി ഹിഡാല്‍ഗോ. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വിഖ്യാതമായ ഈഫല്‍ ടവറില്‍ നിന്ന് ഒളിംപിക് വളയങ്ങള്‍ നീക്കം ചെയ്തത്. ഇത് ആരാധകര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്.

ഒളിംപിക്സിന്‍റെ വരവറിയിച്ച് ജൂൺ ഏഴിനാണ് ഈഫല്‍ ടവറില്‍ അഞ്ച് ഭീമന്‍ ഒളിംപിക് വളയങ്ങള്‍ സ്ഥാപിച്ചത്. ദൂരെനിന്നെ ആരാധകര്‍ക്ക് ദൃശ്യമാകുന്ന രീതിയിലായിരുന്നു ഇത്. പാരീസ് ഒളിംപിക്സ് വിജയകരമായി പൂര്‍ത്തിയാക്കിയതിന്‍റെ സ്മരണക്കായി 2028ലെ ലോസാഞ്ചല്‍സ് ഒളിംപിക്സ് വരെ ഈ വളയങ്ങള്‍ ഈഫല്‍ ടവറിലുണ്ടാകുമെന്നായിരുന്നു അന്ന് ആനി ഹിഡാല്‍ഗോ പ്രഖ്യാപിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി ഒളിംപിക്സ് വളയങ്ങള്‍ അഴിച്ചുമാറ്റിയത് പ്രതിപക്ഷം ആയുധമാക്കുമെന്ന് തിരിച്ചറിഞ്ഞ മേയര്‍ പിന്നാലെ വിശദീകരണവുമായി എത്തി.

മർദ്ദനമേറ്റെന്ന ബംഗ്ലാദേശ് സൂപ്പ‍ർ ഫാൻ 'ടൈഗർ റോബി'യുടെ പരാതിയില്‍ ട്വിസ്റ്റ്; കുഴഞ്ഞുവീണത് നിർജ്ജലീകരണം മൂലം

ഇപ്പോഴത്തെ ഒളിംപിക് വളയങ്ങള്‍ ഭാരം കൂടി ലോഹം കൊണ്ടുണ്ടാക്കിയത് ആയതിനാലാണ് അഴിച്ചുമാറ്റിയതെന്നും ഭാരം കുറഞ്ഞ വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ വളയങ്ങള്‍ വൈകാതെ ഈഫല്‍ ടവറില്‍ പുന:സ്ഥാപിക്കുമെന്നും പാരീസ് മേയര്‍ വ്യക്തമാക്കി. പുതിയ വളയങ്ങള്‍ സ്ഥാപിക്കാനുള്ള ചെലവ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയാകും വഹിക്കുക. അതേസമയം, ഒളിംപിക് വളയങ്ങള്‍ ഈഫല്‍ ടവറില്‍ സ്ഥാപിക്കുന്നതിനിതിരെയും എതിര്‍പ്പുകളുണ്ട്. വിഖ്യാതമായ ഈഫല്‍ ടവര്‍ പരസ്യബോര്‍ഡാക്കരുതെന്നാണ് ചില വിഭാഗങ്ങളില്‍ നിന്നുള്ള ആവശ്യം.

ചരിത്രപ്രാധാന്യമുള്ള ഈഫല്‍ ടവറിന്‍റെ ശോഭ കെടുത്തുന്നതായിരിക്കും ഒളിംപിക് വളയങ്ങളെന്ന് സാംസ്കാരിക മന്ത്രിയും  ആനി ഹിഡാല്‍ഗോയുടെ പ്രധാന വിമര്‍ശകനുമായ റിച്ചിഡാ ഡാദിയുടെ നിലപാട്. 2014 മുതല്‍ പാരീസ് മേയറായിരിക്കുന്ന ഹിഡാല്‍ഗോക്കെതിരെ ഒളിംപിക് വളയങ്ങളുടെ പേരില്‍ പ്രതിപക്ഷം പുതിയ പോര്‍മുഖം തുറക്കുമെന്ന സൂചനയുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios