Pushpa Box Office : 'മാസ്റ്ററെ'യും 'സ്പൈഡര്‍മാനെ'യും പിന്നിലാക്കി പുഷ്‍പ; ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപണിംഗ്
ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രം
സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ഹൈപ്പ് ഉയര്‍ത്തി എത്തിയ ചിത്രമാണ് അല്ലു അര്‍ജുന്‍ (Allu Arjun) നായകനായ 'പുഷ്‍പ' (Pushpa). ആര്യയും രംഗസ്ഥലവുമൊക്കെ ഒരുക്കിയ സുകുമാര്‍ രക്തചന്ദന കടത്തുകാരനായി ഇതുവരെ കാണാത്ത രൂപഭാവാദികളോടെ അല്ലു അര്‍ജുനെ അവതരിപ്പിക്കുമ്പോള്‍ ഹൈപ്പ് ഉയരുന് സ്വാഭാവികം. പോരാത്തതിന് പ്രതിനായകനായി തെലുങ്ക് അരങ്ങേറ്റത്തിന് ഫഹദ് ഫാസിലും. എന്നാല്‍ സമീപകാലത്ത് വന്‍ ഹൈപ്പുമായി എത്തുന്ന പല ചിത്രങ്ങള്‍ക്കും സംഭവിച്ചതുപോലെ സമ്മിശ്ര പ്രതികരണമാണ് റിലീസ് ദിനത്തില്‍ ചിത്രത്തിന് ലഭിച്ചത്. അല്ലു-ഫഹദ് മത്സരം പ്രതീക്ഷിച്ചവര്‍ക്ക് 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ അവസാന 20 മിനിറ്റിലാണ് ഫഹദിനെ കാണാന്‍ സാധിച്ചത്. അതേസമയം രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ രണ്ടാംഭാഗത്തിനായി പ്രതീക്ഷയുണര്‍ത്താന്‍ ആദ്യ ഭാഗത്തിന് കഴിഞ്ഞുവെന്ന് അഭിപ്രായപ്പെടുന്ന പ്രേക്ഷകരുമുണ്ട്. അതേതായാലും ചിത്രത്തിന്‍റെ ആദ്യദിന കളക്ഷനില്‍ (Box Office) പ്രീ-റിലീസ് ഹൈപ്പ് നല്‍കിയ പ്രതീക്ഷകള്‍ പ്രതിഫലിച്ചുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ പറയുന്നത്.
തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സാങ്കേതിക കാരണങ്ങളാല്‍ റിലീസ് ദിനത്തില്‍ മലയാളം പതിപ്പ് ഉണ്ടായിരുന്നില്ല. ഇന്നാണ് കേരളത്തില്‍ മലയാളം പതിപ്പ് പ്രദര്‍ശനം ആരംഭിച്ചത്. സമ്മിശ്ര പ്രതികരണം വന്നിട്ടും അല്ലു ചിത്രത്തെ അത് ബാധിച്ചിട്ടില്ലെന്ന് ആദ്യദിന കളക്ഷന്‍ കണക്കുകള്‍ പറയുന്നു. പോരാത്തതിന് റെക്കോര്‍ഡും സൃഷ്‍ടിച്ചിട്ടുണ്ട് ചിത്രം. ആദ്യ സൂചനകള്‍ അനുസരിച്ച് ചിത്രം ആദ്യദിനം നേടിയത് 44- 46 കോടിയാണെന്ന് കൊയ്‍മൊയ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്ധ്ര, തെലങ്കാന മേഖലകളില്‍ നിന്നു മാത്രം ആദ്യദിനം ചിത്രത്തിന് 30 കോടിയുടെ ഷെയര്‍ ലഭിച്ചതായി ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്നാട്ടില്‍ 3.75 കോടിയാണ് ആദ്യദിവസത്തെ കളക്ഷന്‍. ഹിന്ദി പതിപ്പിന് 3 കോടിയും ആദ്യദിനം ലഭിച്ചു. കൂടാതെ ഓസ്ട്രേലിയ, യുഎസ് അടക്കമുള്ള പ്രധാന വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും മികച്ച റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. പെയ്‍ഡ് പ്രീമിയറും ആദ്യദിന കളക്ഷനും ചേര്‍ന്ന് അമേരിക്കയില്‍ നിന്നു മാത്രം ചിത്രം 8.5 ലക്ഷം ഡോളര്‍ നേടിയെന്നാണ് കണക്ക്.
അതേസമയം 44-46 കോടി എന്ന സംഖ്യ വാസ്‍തവമാണെങ്കില്‍ ഈ വര്‍ഷം ഇന്ത്യയില്‍ ഒരു ചിത്രം നേടുന്ന ഏറ്റവും മികച്ച ഓപണിംഗ് ആണ്. വിജയ് നായകനായ തമിഴ് ചിത്രം മാസ്റ്റര്‍ ആയിരുന്നു ഇതുവരെ ഒന്നാമത്. 42.2 കോടിയാണ് മാസ്റ്ററിന്‍റെ ആദ്യദിന കളക്ഷന്‍. രണ്ടാംസ്ഥാനത്ത് ഈ വാരം തന്നെ റിലീസ് ചെയ്യപ്പെട്ട മാര്‍വെലിന്‍റെ ഹോളിവുഡ് ചിത്രം സ്പൈഡര്‍മാന്‍ നോ വേ ഹോം ആണ്. 41.50 കോടി ഗ്രോസും 32.67 കോടി നെറ്റുമാണ് ചിത്രം ആദ്യദിനം നേടിയത്. വക്കീല്‍ സാബ് (38.9 കോടി), അണ്ണാത്തെ (33 കോടി), സൂര്യവന്‍ശി (31.1 കോടി) എന്നിവാണ് അടുത്ത മൂന്ന് സ്ഥാനങ്ങളിലുള്ള ചിത്രങ്ങള്‍. അതേസമയം പുഷ്‍പ കളക്ഷന്‍ സംബന്ധിച്ച അനൗദ്യോഗിക കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഒഫിഷ്യല്‍ കണക്കുകളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാവാം.