ബോക്സ് ഓഫീസ് ചരിത്രത്തിലേക്ക് 'പഠാന്‍'; ബോളിവുഡ് ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ ഏറ്റവും ഉയര്‍ന്ന തുക!
വിദേശത്തും വന്‍ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്
ബോളിവുഡ് ചിത്രങ്ങളുടെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ പേര് രേഖപ്പെടുത്തി ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍. നാല് വര്‍ഷങ്ങള്‍ക്കു ശേഷം കിംഗ് ഖാന്‍റേതായി തിയറ്ററുകളില്‍ എത്തിയ ചിത്രം കൊവിഡ്‍കാല തകര്‍ച്ചയ്ക്കു ശേഷം ബോളിവുഡ് ഏറെ പ്രതീക്ഷയര്‍പ്പിച്ച ചിത്രമായിരുന്നു. മുന്‍പ് അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍ ചിത്രങ്ങളൊക്കെ എത്തിയപ്പോഴും ഇന്‍ഡസ്ട്രി ഇത്തരത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നുവെങ്കിലും ബോളിവുഡിന് അവശ്യം വേണ്ടിയിരുന്ന ജീവശ്വാസം നല്‍കുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍ റിലീസ് ദിനം മുതല്‍ വന്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയ പഠാന്‍ ആ പ്രതീക്ഷകളെ വേണ്ടവിധം നിറവേറ്റി, എന്നു മാത്രമല്ല ഇപ്പോഴിതാ ഇന്ത്യയുടെ ബോക്സ് ഓഫീസ് ചരിത്രത്തിലേക്കും ഇടംപിടിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ കളക്ഷനില്‍ ഒരു ബോളിവുഡ് ചിത്രം ആദ്യമായാണ് 500 കോടി നേടുന്നത്. ഒരു ഹിന്ദി ചിത്രത്തിന്‍റെ നെറ്റ് കളക്ഷന്‍ പരിഗണിക്കുമ്പോഴാണ് ഇത്. ഹിന്ദിക്ക് പുറമെ പഠാന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ കൂടി ചേര്‍ന്ന് 502.45 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. വിദേശ മാര്‍ക്കറ്റുകളിലും വന്‍ പ്രതികരണം നേടിയ ചിത്രം അവിടങ്ങളില്‍ നിന്ന് ഇതുവരെ നേടിയത് 44.5 മില്യണ്‍ ഡോളര്‍ ആണ്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 365 കോടി. ഇതുകൂടി ചേര്‍ത്ത് ചിത്രം ആകെ നേടിയ ആഗോള ഗ്രോസ് 118.38 മില്യണ്‍ ആണ്. അതായത് 970 കോടി രൂപ. നിര്‍മ്മാതാക്കളായ യഷ് രാജ് ഫിലിംസ് തന്നെ അറിയിച്ചിരിക്കുന്ന കണക്കുകളാണ് ഇവ.
ALSO READ : ഒരാഴ്ചയില്‍ 40 ലക്ഷം വാച്ചിംഗ് അവേഴ്സ്! നെറ്റ്ഫ്ലിക്സില്‍ നേട്ടം കൊയ്ത് തുനിവ്
2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.