'ലൂസിഫറി'ന്‍റെ മൂന്നിരട്ടിയിലധികം! തമിഴ്നാട്ടില്‍ മാത്രമല്ല, കര്‍ണാടകയിലും 'മഞ്ഞുമ്മലി'ന് റെക്കോര്‍ഡ്!
മോളിവുഡ് ബോക്സ് ഓഫീസിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‍സ്
പാന്‍ ഇന്ത്യന്‍ പ്രേക്ഷകശ്രദ്ധയിലാണ് ഇന്ന് മലയാള സിനിമ. മറുഭാഷകളില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടുന്ന ചിത്രങ്ങളില്‍ ഭൂരിഭാഗവും വമ്പന്‍ ബജറ്റും താരപരിവേഷവുമൊക്കെ ഉള്ളവയാണെങ്കില്‍ മറ്റൊരു ട്രാക്കിലാണ് മലയാളത്തിന്‍റെ സഞ്ചാരം. ഉള്ളടക്കവും അവതരണ രീതിയുമാണ് ഇവിടുത്തെ താരങ്ങള്‍. താരപ്രഭയില്ലാതെയെത്തി മോളിവുഡിനെ കളക്ഷനില്‍ വിസ്മയിപ്പിച്ച ചിത്രങ്ങളായിരുന്നു സമീപകാല റിലീസുകളായ പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്സും. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്സിന്‍റെ കര്‍ണാടകത്തിലെ കളക്ഷന്‍ ശ്രദ്ധ നേടുകയാണ്.
മോളിവുഡ് ബോക്സ് ഓഫീസിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമായി മാറിയ മഞ്ഞുമ്മല്‍ ബോയ്സിന് ആ നേട്ടത്തിലേക്ക് എത്താന്‍ കരുത്തായത് തമിഴ്നാട്ടില്‍ നേടിയ അഭൂതപൂര്‍വ്വമായ വിജയമായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. തമിഴ്നാടിനോട് ഒപ്പമെത്തില്ലെങ്കിലും കര്‍ണാടകത്തിലും വമ്പന്‍ വിജയമാണ് ചിത്രം നേടിയത്. പ്രമുഖ ട്രാക്കര്‍മാരായ കര്‍ണാടക ടാക്കീസിന്‍റെ കണക്ക് പ്രകാരം ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 14.7 കോടിയാണ്. ഒരു മലയാള സിനിമ കര്‍ണാടകത്തില്‍ നേടിയിരിക്കുന്ന ഏറ്റവും മികച്ച കളക്ഷനാണ് ഇത്. രണ്ടാം സ്ഥാനത്തുള്ള പ്രേമലുവിന്‍റെ നേട്ടം 5.6 കോടിയാണെന്ന് മനസിലാക്കുമ്പോഴാണ് മഞ്ഞുമ്മല്‍ ബോയ്സ് സ്വന്തമാക്കിയ നേട്ടത്തിന്‍റെ വലിപ്പം തിരിച്ചറിയാനാവുന്നത്.
മലയാള സിനിമയുടെ ഓള്‍ ടൈം കര്‍ണാടക കളക്ഷനില്‍ മൂന്നാം സ്ഥാനത്ത് 2018 ആണ്. 5.45 കോടിയാണ് കളക്ഷന്‍. നാലാം സ്ഥാനത്തുള്ള ലൂസിഫറിന്‍റെ നേട്ടം 4.7 കോടിയാണ്. തിയറ്ററുകളില്‍ വിജയകരമായി തുടരുന്ന ആടുജീവിതമാണ് അഞ്ചാം സ്ഥാനത്ത്. ഇതുവരെയുള്ള നേട്ടം 4.35 കോടി. അതേസമയം മഞ്ഞുമ്മല്‍ ബോയ്സിന്‍റെ തെലുങ്ക് പതിപ്പ് ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ ചിത്രം വിജയിക്കുന്നപക്ഷം കളക്ഷനില്‍ ഇനിയും അത്ഭുതങ്ങള്‍ സംഭവിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം