ബോക്സ് ഓഫീസില്‍ വീണ്ടും സല്‍മാന്‍ പവര്‍; 'കിസീ കാ ഭായ്' ആദ്യ വാരാന്ത്യത്തില്‍ നേടിയത്
ലോകമെമ്പാടുമായി 5700 ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യപ്പെട്ടത്
ഈദ് റിലീസ് ആയി എത്തുന്ന സല്‍മാന്‍ ഖാന്‍ ചിത്രങ്ങള്‍.. ബോളിവുഡിന്‍റെ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്ത് വലിയ സാമ്പത്തിക വിജയങ്ങളില്‍ പലതും ഈദിനെത്തിയ സല്‍മാന്‍ ചിത്രങ്ങളായിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഈ ചെറിയ പെരുന്നാള്‍ സീസണില്‍ ഒരു സല്‍മാന്‍ ഖാന്‍ ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഫര്‍ഹാദ് സാംജിയുടെ സംവിധാനത്തിലെത്തിയ ആക്ഷന്‍ ചിത്രം കിസീ കാ ഭായ് കിസീ കി ജാന്‍ ആയിരുന്നു ആ ചിത്രം. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കിയില്ലെങ്കിലും സല്‍മാന്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്നതാണെന്ന പൊതു അഭിപ്രായമാണ് പുറത്തെത്തിയത്. എന്തായാലും ശനി, ഞായര്‍ ദിനങ്ങളിലെ കളക്ഷന്‍ വര്‍ധനവോടെ മികച്ച ആദ്യ വാരാന്ത്യ കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട് ചിത്രം.
ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് വെള്ളിയാഴ്ച 15.81 കോടി മാത്രം നേടിയ ചിത്രം ശനിയാഴ്ച അത് 25.75 കോടിയായി വര്‍ധിപ്പിച്ചു. ഞായറാഴ്ച അല്‍പം കൂടി ഉയര്‍ന്ന് 26.61 കോടിയില്‍ എത്തി. ഇതോടെ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്നുള്ള ആദ്യ വാരാന്ത്യ ബോക്സ് ഓഫീസ് 68.17 കോടിയായി. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്കാണ് ഇത്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയ ആദ്യ വാരാന്ത്യ കളക്ഷന്‍ നിര്‍മ്മാതാക്കളായ സല്‍മാന്‍ ഖാന്‍ ഫിലിംസ് തന്നെ പുറത്തുവിട്ടിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ വാരാന്ത്യത്തില്‍ 100 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ട് ചിത്രം. വെള്ളി, ശനി, ഞായര്‍ ദിനങ്ങളില്‍ നിന്നായി 112.80 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.
എന്നാല്‍ സല്‍മാന്‍ ഖാന്‍റെ മുന്‍കാല ഈദ് റിലീസുകളുടെ ഓപണിംഗ് അറിയാവുന്നവരെ സംബന്ധിച്ച് അത്ഭുതപ്പെടുത്തുന്ന കണക്കുകളല്ല ഇത്. 2019 ല്‍ പുറത്തെത്തിയ ഭാരത് ആദ്യദിനം ഇന്ത്യയില്‍ നിന്ന് മാത്രം 42.30 കോടിയാണ് നേടിയത്. 2016ലെ ഈദ് റിലീസ് സുല്‍ത്താന്‍ 36.54 കോടിയും 2012 ല്‍ എത്തിയ ഏക് ഥാ ടൈഗര്‍ 32.93 കോടിയും റിലീസ് ദിനത്തില്‍ രാജ്യത്തുനിന്ന് നേടിയിരുന്നു.
ലോകമെമ്പാടുമായി 5700 ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യപ്പെട്ടത്. സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെ ബാനറില്‍ സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ വി മണികണ്ഠന്‍ ആണ്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ ഷമിറാ നമ്പ്യാര്‍, സംഗീതം ഹിമേഷ് രഷമിയ, രവി ബസ്‍രൂര്‍, സുഖ്‍ബീര്‍ സിംഗ്, ദേവി ശ്രീ പ്രസാദ്, സാജിദ് ഖാന്‍, പായല്‍ ദേവ്, അമാല്‍ മാലിക് എന്നിവരാണ്. പശ്ചാത്തല സംഗീതം രവി ബസ്‍രൂര്‍, എഡിറ്റിംഗ് മയൂരേഷ് സാവന്ത്, പ്രൊഡക്ഷന്‍ ഡിസൈന്‍ രജത് പൊദ്ദാര്‍.
ALSO READ : ബജറ്റ് 8917 കോടി രൂപ! അവതാര്‍ 2 നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്ത ലാഭം എത്ര?