കളക്ഷന്‍ കുത്തനെ ഇടിഞ്ഞ് 'കിസീ കാ ഭായ്'; സല്‍മാന്‍ ചിത്രത്തിന്‍റെ അഞ്ച് ദിവസത്തെ നേട്ടം
ലോകമെമ്പാടുമായി 5700 ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യപ്പെട്ടത്
ഈദ് റിലീസ് ആയി എത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം കിസീ കാ ഭായ് കിസീ കി ജാന്‍ ബോളിവുഡ് സമീപകാലത്ത് ഏറ്റവും പ്രതീക്ഷയര്‍പ്പിച്ചിരുന്ന ചിത്രമാണ്. പഠാന്‍ നേടിയ വലിയ വിജയത്തിന് ഒരു തുടര്‍ച്ച ഹിന്ദി സിനിമാലോകം അത്രയേറെ ആഗ്രഹിക്കുന്നുണ്ട്. ഈദ് റിലീസ് ആയി മുന്‍കാലങ്ങളില്‍ എത്തിയ സല്‍മാന്‍ ചിത്രങ്ങള്‍ നേടിയ റെക്കോര്‍ഡ് വിജയങ്ങളും ഈ പ്രതീക്ഷ വര്‍ധിപ്പിച്ച ഘടകമാണ്. ആ മുന്‍ വിജയങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ പിന്നിലാണെങ്കിലും ഭേദപ്പെട്ട ഓപണിംഗ് ആയിരുന്നു ചിത്രം നേടിയത്. എന്നാല് അഞ്ചാം ദിവസത്തേക്ക് എത്തുമ്പോള്‍ കളക്ഷനില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ് ചിത്രം.
റിലീസ് ദിനത്തില്‍ 15.81 കോടി കളക്ഷന്‍ നേടിയ ചിത്രം തൊട്ടുപിറ്റേന്ന് ശനിയാഴ്ച 25.75 കോടിയും ഞായറാഴ്ച 26.61 കോടിയും നേടി. അങ്ങനെ ആദ്യ വാരാന്ത്യത്തില്‍ 68.17 കോടി നേടി ചിത്രം. തിങ്കളാഴ്ച 10.17 കോടി നേടിയ ചിത്രം ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത് ചൊവ്വാഴ്ചയാണ്. 6.12 കോടിയാണ് ഇത്. അതായത് ആദ്യ അഞ്ച് ദിനങ്ങളിലെ ചിത്രത്തിന്‍റെ കളക്ഷന്‍ 84.46 കോടിയാണ്. എന്നാല്‍ വാരാന്ത്യത്തോടടുക്കുമ്പോള്‍ പ്രതിദിന കളക്ഷന്‍ വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.
എന്നാല്‍ ഇന്ത്യയില്‍ നിന്ന് മാത്രം നേടിയ കളക്ഷന്‍ കണക്കുകളാണ് ഇവ. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ വാരാന്ത്യത്തില്‍ നിന്ന് മാത്രം 112.80 കോടിയാണ് ചിത്രത്തിന്‍റെ നേട്ടം. ലോകമെമ്പാടുമായി 5700 ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യപ്പെട്ടത്. സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെ ബാനറില്‍ സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ വി മണികണ്ഠന്‍ ആണ്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ ഷമിറാ നമ്പ്യാര്‍, സംഗീതം ഹിമേഷ് രഷമിയ, രവി ബസ്‍രൂര്‍, സുഖ്‍ബീര്‍ സിംഗ്, ദേവി ശ്രീ പ്രസാദ്, സാജിദ് ഖാന്‍, പായല്‍ ദേവ്, അമാല്‍ മാലിക് എന്നിവരാണ്.