'മണ്‍ഡേ ടെസ്റ്റ്' പാസായോ കാതല്‍? മമ്മൂട്ടി ചിത്രം അഞ്ച് ദിവസം കൊണ്ട് നേടിയത്
കണ്ണൂര്‍ സ്ക്വാഡ് എത്തിയതുപോലെ വലിയ പ്രീ റിലീസ് ഹൈപ്പ് ഇല്ലാതെയാണ് മമ്മൂട്ടി കമ്പനി കാതലും പുറത്തിറക്കിയത്
സിനിമകളുടെ തെരഞ്ഞെടുപ്പില്‍ സമീപകാലത്ത് മമ്മൂട്ടിയോളം ഞെട്ടിച്ച ഒരു സൂപ്പര്‍താരം ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഉണ്ടാവില്ല. നവാഗത സംവിധായകര്‍ക്ക് എക്കാലവും അവസരം കൊടുത്തിട്ടുള്ള മമ്മൂട്ടി പുനരാരംഭിച്ച നിര്‍മ്മാണ കമ്പനിയിലൂടെ ഒന്നിനൊന്ന് മികച്ച സിനിമകളാണ് സമീപകാലത്ത് പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്. ആ നിരയിലെ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് കാതല്‍: ദി കോര്‍. സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രം മലയാളത്തിലെ ധീരമായ പരീക്ഷണമെന്നാണ് അഭിപ്രായം നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ അഞ്ച് ദിവസത്തെ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
കണ്ണൂര്‍ സ്ക്വാഡ് എത്തിയതുപോലെ വലിയ പ്രീ റിലീസ് ഹൈപ്പ് ഇല്ലാതെയാണ് മമ്മൂട്ടി കമ്പനി കാതലും പുറത്തിറക്കിയത്. എന്നാല്‍ ചിത്രത്തിന്‍റെ പ്രമേയത്തെക്കുറിച്ച് സൂചനകള്‍ പുറത്തെത്തിയതിനാല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ഈ ചിത്രത്തിനായി വലിയ കാത്തിരിപ്പും ഉണ്ടായിരുന്നു. റിലീസ് ദിനം ആദ്യ ഷോകളോടെ മികച്ച പ്രേക്ഷകാഭിപ്രായം നേടാനായ ചിത്രം ആദ്യദിനം നേടിയത് 1.05 കോടി ആയിരുന്നു. തുടര്‍ന്നുള്ള മൂന്ന് ദിനങ്ങളില്‍ കളക്ഷന്‍ ഉയര്‍ത്തിക്കൊണ്ടുവന്നു ചിത്രം. വ്യാഴാഴ്ച റിലീസ് ചെയ്യപ്പെട്ട ചിത്രം വെള്ളിയാഴ്ച 1.18 കോടിയും ശനിയാഴ്ച 1.45 കോടിയും ഞായറാഴ്ച 1.65 കോടിയും നേടി. ഇപ്പോഴിതാ ചിത്രത്തിന്‍റെ തിങ്കളാഴ്ചയിലെ കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്.
ഒരു റിലീസ് ചിത്രത്തിന് ഏറ്റവും വലിയ ഡ്രോപ്പ് ഉണ്ടാവുന്ന തിങ്കളാഴ്ച കാതല്‍ നേടിയിരിക്കുന്നത് 74 ലക്ഷം രൂപയാണ്. 50 ശതമാനത്തിലേറെ ഡ്രോപ്പ് ആണ് ഇത്. എന്നാല്‍ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയിരിക്കുന്ന ചിത്രം തുടര്‍ ദിനങ്ങളില്‍ കാര്യമായി തിയറ്ററുകളിലേക്ക് ആളെ എത്തിക്കുമെന്നാണ് ചലച്ചിത്രലോകത്തിന്‍റെ പ്രതീക്ഷ. അഞ്ച് ദിവസം കൊണ്ട് ചിത്രം നേടിയിരിക്കുന്നത് 6.07 കോടി രൂപയാണ്. കേരളത്തിലെ മാത്രം കളക്ഷനാണ് ഇത്. കേരളത്തിന് പുറത്തും മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് കാതല്‍ തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. ആഗോള കളക്ഷന്‍ കണക്കുകള്‍ ഇനിയും പുറത്തെത്തിയിട്ടില്ല. ഗൗരവമുള്ള പ്രമേയം പറയുന്ന ഒരു ചിത്രത്തെ സംബന്ധിച്ച് കേരള ബോക്സ് ഓഫീസില്‍ നിന്നുള്ള പ്രതികരണം മികച്ചതാണെന്നാണ് വിലയിരുത്തല്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം