രണ്ടാം ദിനം ബോക്സ് ഓഫീസില്‍ വീഴ്ച; അജയ് ദേവ്‍ഗണിന്‍റെ 'ഭോലാ' ഇതുവരെ നേടിയത്
തമിഴില്‍ വന്‍ വിജയം നേടിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൈതിയുടെ റീമേക്ക് ആണ് ഈ ചിത്രം
കൊവിഡ് കാലത്ത് നേരിട്ട വന്‍ തകര്‍ച്ചയ്ക്ക് ശേഷം ഒരു വലിയ ഹിറ്റ് ആഗ്രഹിച്ച ബോളിവുഡിന് ലഭിച്ച ആശ്വാസ വിജയമായിരുന്നു ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍റേത്. ബോളിവുഡില്‍ വിജയങ്ങളുടെ വലിയ നിരയുള്ള അക്ഷയ് കുമാറിന് പോലും പഴയ മട്ടിലുള്ള വിജയങ്ങള്‍ ആവര്‍ത്തിക്കാനാവാതെ പോയ സാഹചര്യത്തില്‍ ഷാരൂഖ് ഖാന്‍ ആണ് അത്തരത്തിലൊരു വിജയം സാധ്യമാക്കിയത്. ഇന്ത്യയില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ഇടംപിടിച്ച ചിത്രം ചൈന ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലും റിലീസിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പഠാന് ശേഷമുള്ള ഒരു വിജയത്തിനായുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ ബോളിവുഡ്. താരചിത്രങ്ങളിലെ പുതിയ റിലീസ് അജയ് ദേവ്ഗണ്‍ നായകനായ ഭോലാ ആണ്.
തമിഴില്‍ വന്‍ വിജയം നേടിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൈതിയുടെ റീമേക്ക് ആണ് ഈ ചിത്രം. കാര്‍ത്തി തമിഴില്‍ അവതരിപ്പിച്ച നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും അജയ് ദേവ്ഗണ്‍ ആണ്. റിലീസ് ദിനത്തില്‍ ഭേദപ്പെട്ട കളക്ഷനായിരുന്നു ചിത്രം നേടിയത്. 11.20 കോടി. എന്നാല്‍ രണ്ടാം ദിനമായ വെള്ളിയാഴ്ച കളക്ഷന്‍ ഗ്രാഫ് താഴേക്ക് പോയി. 7.40 കോടി നേടാനേ ചിത്രത്തിന് സാധിച്ചുള്ളൂ. റിലീസ് ദിനം രാമനവമിയുടെ അവധിദിനമായിരുന്നതും രണ്ടാം ദിനം പ്രവര്‍ത്തിദിനമായിരുന്നതുമാണ് കളക്ഷനിലെ ഈ വിടവിന് കാരണം.
ശനി, ഞായര്‍ ദിനങ്ങളില്‍ ചിത്രം എത്ര നേടും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ചലച്ചിത്ര വ്യവസായം. റംസാന്‍ മാസത്തിനൊപ്പം ഐപിഎല്‍ സീസണ്‍ കൂടി തുടങ്ങിയിരിക്കുന്നത് തിയറ്ററുകളിലെ കളക്ഷനെ എത്രത്തോളം ബാധിക്കും എന്നത് കണ്ടറിയേണ്ടതുണ്ട്. എങ്കിലും ശനി, ഞായര്‍ കളക്ഷനില്‍ ചിത്രം കുതിപ്പ് നടത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രതീക്ഷ.
ALSO READ : 'സവര്‍ക്കറെക്കുറിച്ച് സിനിമ ചെയ്യാന്‍ ആഗ്രഹം'; രാമസിംഹന്‍ അബൂബക്കര്‍ പറയുന്നു