ചൈനീസ് റീ-റിലീസ്; 'അവഞ്ചേഴ്സി'നെ കളക്ഷനില്‍ മറികടന്ന് 'അവതാര്‍' വീണ്ടും ഒന്നാമത്
ചൈനീസ് റീ-റിലീസില്‍ അവതാറിന്‍റെ വെള്ളി, ശനി ദിവസങ്ങളിലെ കളക്ഷന്‍ മാത്രം 80 മില്യണ്‍ ആര്‍എംബി (ചൈനീസ് കറന്‍സി) വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. യുഎസ് ഡോളറില്‍ കണക്കുകൂട്ടിയാല്‍ 12.3 മില്യണ്‍ (89 കോടി രൂപ).
ആഗോള ബോക്സ് ഓഫീസ് ചരിത്രത്തില്‍ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് ഹിറ്റ് എന്ന സ്ഥാനത്തേക്ക് വീണ്ടും 'അവതാര്‍'. ഈ വാരാന്ത്യത്തില്‍ നടന്ന ചൈനയിലെ റീ-റിലീസ് ആണ് ഓള്‍ ടൈം കളക്ഷനില്‍ ജെയിംസ് കാമറൂണിന്‍റെ സയന്‍സ് ഫിക്ഷന്‍ എപ്പിക്കിനെ വീണ്ടും ഒന്നാം സ്ഥാനത്ത് അവരോധിച്ചിരിക്കുന്നത്. 2009ല്‍ പുറത്തെത്തിയ ചിത്രം ഓള്‍ ടൈം ബോക്സ് ഓഫീസ് ഹിറ്റുകളുടെ ലിസ്റ്റില്‍ പത്ത് വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ മാര്‍വെലിന്‍റെ സൂപ്പര്‍ഹീറോ ചിത്രം 'അവഞ്ചേഴ്സ്: എന്‍ഡ്‍ഗെയിം' 2019ല്‍ പുറത്തെത്തിയതോടെ കളക്ഷനില്‍ അവതാറിനെ മറികടക്കുകയായിരുന്നു. ആ റെക്കോര്‍ഡ് ആണ് ജെയിംസ് കാമറൂണ്‍ ചിത്രം നിലവില്‍ തിരിച്ചുപിടിച്ചിരിക്കുന്നത്.
ചൈനീസ് റീ-റിലീസില്‍ അവതാറിന്‍റെ വെള്ളി, ശനി ദിവസങ്ങളിലെ കളക്ഷന്‍ മാത്രം 80 മില്യണ്‍ ആര്‍എംബി (ചൈനീസ് കറന്‍സി) വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. യുഎസ് ഡോളറില്‍ കണക്കുകൂട്ടിയാല്‍ 12.3 മില്യണ്‍ (89 കോടി രൂപ). ഇതോടെ അവതാറിന്‍റെ ഓള്‍ ടൈം ഗ്ലോബല്‍ കളക്ഷന്‍ 2.802 ബില്യണ്‍ ഡോളര്‍ ആയതായാണ് നിര്‍മ്മാതാക്കളായ ഡിസ്‍നി കണക്കാക്കുന്നത്. അതായത് 20,367 കോടി രൂപ! അവഞ്ചേഴ്സ്: എന്‍ഡ്‍ഗെയിമിന്‍റെ നിലവിലെ കളക്ഷന്‍ 2.797 ബില്യണ്‍ ഡോളര്‍ ആണ് (20,331 കോടി രൂപ).
അവതാര്‍ നിര്‍മ്മിച്ചത് 20ത്ത് സെഞ്ചുറി ഫോക്സ് ആയിരുന്നുവെങ്കിലും നിലവിലെ ഉടമ ഡിസ്‍നി തന്നെയാണ്. ഫോക്സിനെ ഡിസ്‍നി ഏറ്റെടുത്തതോടെയാണ് അത്. അതേസമയം പുതിയ നേട്ടത്തില്‍ അവതാര്‍ സംവിധായകന്‍ ജെയിംസ് കാമറൂണിന്‍റെ പ്രതികരണം ഇങ്ങനെ- "ഒരു പതിറ്റാണ്ടിനും മുന്‍പ് റിലീസ് ചെയ്‍ത സമയത്തേതുപോലെ ഇപ്പോഴും പ്രസക്തമാണ് അവതാര്‍. കാലാവസ്ഥാവ്യതിയാനം നേരിടുന്നുണ്ട് നാം. വനനശീകരണം ഇപ്പോഴും തുടരുന്നു. പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം എപ്പോഴത്തെയുംകാള്‍ പ്രതിസന്ധിയിലാണ്. ഈ കാര്യങ്ങളെക്കുറിച്ചായിരുന്നു അവതാര്‍. കാലാതിവര്‍ത്തിയായ ചിത്രം കൂടിയാണ് അത്. അതിലെ കഥകള്‍ വളരെ ലളിതമാണെന്ന് ചിലര്‍ വിമര്‍ശിച്ചിരുന്നു. പക്ഷേ അത് ലളിതമല്ല, മറിച്ച് സാര്‍വ്വലൗകികമാണ്. ലോകത്തിന്‍റെ ഏത് കോണിലുള്ള മനുഷ്യര്‍ക്കും മനസിലാക്കാവുന്ന, വൈകാരികമായി ബന്ധം തോന്നുന്ന ഒന്നാണ്", കാമറൂണ്‍ ഒരു ചൈനീസ് മാധ്യമത്തോട് പറഞ്ഞു.
അതേസമയം അവതാറിന്‍റെ നേരത്തേ പ്രഖ്യാപിച്ച തുടര്‍ഭാഗങ്ങളുടെ പണിപ്പുരയിലാണ് ജെയിംസ് കാമറൂണും സംഘവും. പുറത്തെത്താനുള്ള നാല് ഭാഗങ്ങളില്‍ അവതാര്‍ 2 2022 ഡിസംബര്‍ 16ന് തിയറ്ററുകളിലെത്തും. മൂന്നാംഭാഗം 2024 ഡിസംബര്‍ 20നും നാലാം ഭാഗം 2026 ഡിസംബര്‍ 18നും അഞ്ചാം ഭാഗം 2028 ഡിസംബര്‍ 22നും തിയറ്ററിലെത്തിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.