രണ്‍ബീര്‍ ഹീറോ ആടാ ഹീറോ! കിംഗ് ഖാന് 13 കോടിയുടെ മാര്‍ജിന്‍ മാത്രം; 'അനിമല്‍' ആദ്യദിന ഒഫിഷ്യല്‍ കളക്ഷന്‍
ടി സിരീസ് ഫിലിംസ്, ഭദ്രകാളി പിക്ചേഴ്സ്, സിനി 1 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം
ബോളിവുഡില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പില്‍ എത്തിയ ചിത്രങ്ങളിലൊന്നാണ് രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. ബോളിവുഡ് പുതുനിരയില്‍ ഏറ്റവും താരമൂല്യമുള്ള നായകനടന്മാരില്‍ ഒരാളാണ് രണ്‍ബീര്‍. എന്നാല്‍ അത് മാത്രമായിരുന്നില്ല അനിമലിന് ലഭിച്ച പ്രീ റിലീസ് ഹൈപ്പിന് കാരണം. മറിച്ച് സംവിധായകനിലുള്ള പ്രതീക്ഷ കൂടിയായിരുന്നു. അര്‍ജുന്‍ റെഡ്ഡിയും കബീര്‍ സിംഗും ഒരുക്കിയ സന്ദീപ് റെഡ്ഡി വാംഗയുടെ മൂന്നാമത്തെ ചിത്രമാണ് ഇത്. മികച്ച പ്രീ ബുക്കിംഗ് ലഭിച്ച ചിത്രത്തിന് പക്ഷേ റിലീസ് ദിനത്തില്‍ സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. എന്നാല്‍ അത് ആദ്യദിന കളക്ഷനെ ദോഷകരമായി ബാധിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ഔദ്യോഗിക കണക്കുകള്‍.
ചിത്രം ഇന്ത്യന്‍ കളക്ഷനില്‍ മികച്ച നേട്ടം സ്വന്തമാക്കിയതായി ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ നിരീക്ഷണം നേരത്തെ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള ചിത്രത്തിന്‍റെ റിലീസ് ദിന കളക്ഷന്‍ കണക്കുകള്‍ നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യദിനം 116 കോടി നേടിയതായാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. അവധിദിനത്തിലല്ലാതെ റിലീസ് ചെയ്യപ്പെടുന്ന ഒരു ബോളിവുഡ് ചിത്രത്തെ സംബന്ധിച്ച് എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഇതെന്നും അണിയറക്കാര്‍ അറിയിക്കുന്നു.
ബോളിവുഡില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഓപണിംഗുമാണ് ഇത്. സണ്ണി ഡിയോളിന്‍റെ ഗദര്‍ 2നെയും സല്‍മാന്‍ ഖാന്‍റെ ടൈഗര്‍ 3 നെയും ഷാരൂഖ് ഖാന്‍റെ പഠാനെയുമൊക്കെ പിന്നിലാക്കിയിട്ടുണ്ട് ചിത്രം. 129.6 കോടി നേടിയ ഷാരൂഖിന്‍റെ തന്നെ ജവാന്‍ മാത്രമാണ് അനിമലിനേക്കാള്‍ മികച്ച ഓപണിംഗ് നേടിയ ഈ വര്‍ഷത്തെ ഒരേയൊരു ബോളിവുഡ് ചിത്രം. 106 കോടിയാണ് പഠാന്‍ ആദ്യദിനം നേടിയത്.
ടി സിരീസ് ഫിലിംസ്, ഭദ്രകാളി പിക്ചേഴ്സ്, സിനി 1 സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, ക്രിഷന്‍ കുമാര്‍, മുറാദ് ഖേതാനി, പ്രണയ് റെഡ്ഡി വാംഗ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. രശ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ശനി, ഞായര്‍ ദിനങ്ങളില്‍ ചിത്രം എത്രത്തോളം കളക്ഷന്‍ നേടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഹിന്ദി സിനിമാലോകം.
ALSO READ : ഓസ്ട്രേലിയന്‍ റിലീസിന് 'കാതല്‍'; വിതരണാവകാശം വിറ്റുപോയത് വന്‍ തുകയ്ക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം