Sooryavanshi Box Office | ബോളിവുഡിന്‍റെ രക്ഷകനായി അക്ഷയ് കുമാര്‍; 'സൂര്യവന്‍ശി' റിലീസ് ദിനത്തില്‍ നേടിയത്

സിനിമാപ്രേമികളെ തിയറ്ററുകളിലേക്ക് തിരിച്ചെത്തിച്ച് അക്ഷയ് കുമാര്‍

akshay kumar starring sooryavanshi first day box office collection

കൊവിഡ് രണ്ടാം തരംഗത്തിനു പിന്നാലെ തെന്നിന്ത്യയിലെ സിനിമാ തിയറ്ററുകള്‍ തുറക്കുന്നതിനു മുന്‍പു തന്നെ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും തിയറ്ററുകള്‍ തുറന്നിരുന്നു. എന്നാല്‍ ഉയര്‍ന്ന താരമൂല്യമുള്ള അക്ഷയ് കുമാറിന്‍റെ (Akshay Kumar) ബെല്‍ബോട്ടം അടക്കമുള്ള ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടിട്ടുപോലും തിയറ്ററുകളിലേക്ക് കാര്യമായി ആളെത്തിയിരുന്നില്ല. ബോളിവുഡ് (Bollywood) സിനിമകള്‍ക്ക് പ്രധാനമായും കളക്ഷന്‍ വരുന്ന മഹാരാഷ്ട്രയില്‍ (Maharashtra) തിയറ്ററുകള്‍ തുറക്കാതിരുന്നതാണ് ഇതിന് ഒരു കാരണമായി ട്രേഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 22ന് മഹാരാഷ്ട്രയിലെ തിയറ്ററുകള്‍ തുറന്നിരുന്നു. പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് തിരിച്ചെത്തുമോ എന്ന് ബോളിവുഡ് വ്യവസായം ആകാംക്ഷയോടെ കാത്തിരുന്ന വേളയായിരുന്നു ഈ ദീപാവലി സീസണ്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആ ട്രെന്‍ഡിന് തുടക്കം കുറിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍ നായകനായ പുതിയ ചിത്രം സൂര്യവന്‍ശി (Sooryavanshi).

ഓഗസ്റ്റ് 19ന് റിലീസ് ചെയ്യപ്പെട്ട അക്ഷയ് കുമാറിന്‍റെ ബെല്‍ബോട്ടത്തിന് ആദ്യദിനം തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നതെങ്കിലും കളക്ഷനില്‍ അത് പ്രതിഫലിച്ചിരുന്നില്ല. എന്നാല്‍ ആ കുറവ് നികത്തുകയാണ് അക്ഷയ്‍യുടെ പുതിയ ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകളില്‍ നിന്ന് ലഭിക്കുന്ന വിവരം. രോഹിത് ഷെട്ടി സംവിധാനം നിര്‍വ്വഹിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. ആദ്യദിനം ഇന്ത്യയില്‍ നിന്നു മാത്രം ചിത്രം നേടിയത് 26.29 കോടിയാണെന്ന് (Sooryavanshi Box Office) ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്‍തു. മഹാരാഷ്ട്രയിലടക്കം പല സംസ്ഥാനങ്ങളിലും പകുതി സീറ്റുകളിലാണ് കാണികള്‍ക്ക് പ്രവേശനം. ഇത് തട്ടിച്ച് നോക്കുമ്പോള്‍ നല്ല സംഖ്യയാണ് ഇതെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. കൂടാതെ ഈ വാരാന്ത്യത്തില്‍ ചിത്രം മികച്ച നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നു.

മഹാരാഷ്ട്രയിലെ തിയറ്ററുകള്‍ തുറക്കാനുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് സൂര്യവന്‍ശിയുടെ നിര്‍മ്മാതാക്കള്‍ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ഈ ദീപാവലിക്ക് ബോളിവുഡില്‍ നിന്നുള്ള പ്രധാന റിലീസ് ആയിരുന്നു ചിത്രം. ഭീകരവിരുദ്ധ സേനാ തലവന്‍ വീര്‍ സൂര്യവന്‍ശി എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിച്ചിരിക്കുന്നത്. മുംബൈ നഗരത്തില്‍ സംഭവിക്കാനിടയുള്ള ഒരു ഭീകരാക്രമണത്തെ തടയുക എന്നതാണ് അദ്ദേഹത്തിന്‍റെ മിഷന്‍. രോഹിത്ത് ഷെട്ടിയുടെ മുന്‍ സിനിമകളിലെ കഥാപാത്രങ്ങളെ രണ്‍വീര്‍ സിംഗും അജയ് ദേവ്ഗണും ആവര്‍ത്തിക്കുന്നു എന്നതാണ്  മറ്റൊരു പ്രത്യേകത. 'സിംബ'യിലെ 'സംഗ്രാം സിംബ ബലിറാവു' ആയി രണ്‍വീര്‍ എത്തുമ്പോള്‍ സിംഗം സിരീസിലെ ബജിറാവു സിംഗമായി അജയ് ദേവ്ഗണും വരുന്നു. കത്രീന കൈഫ്, ജാക്കി ഷ്രോഫ്, ഗുല്‍ഷന്‍ ഗ്രോവര്‍, ജാവേദ് ജെഫ്രി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. 2020 മാര്‍ച്ച് 24ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios