എജ്ജാതി ബോക്സോഫീസ് തൂക്ക്; കണ്ടന്‍റില്‍ മാത്രം അല്ല കളക്ഷനിലും ബോളിവുഡ് കഴിഞ്ഞാല്‍ കിംഗ് മലയാളം.!
ഇന്ത്യന്‍ ബോക്സോഫീസില്‍ ബോളിവുഡ് കഴിഞ്ഞാല്‍ ബോക്സോഫീസ് കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് മലയാളമാണ്
കൊച്ചി: ഇന്ത്യന്‍ സിനിമ ലോകത്ത് എന്നും കണ്ടന്‍റുകൊണ്ട് അത്ഭുതം കാണിച്ചിട്ടുണ്ട് മലയാള സിനിമ എന്നാല്‍ അതിന് അനുസരിച്ച ബോക്സോഫീസ് വിജയങ്ങള്‍ മലയാളത്തില്‍ അപൂര്‍വ്വമായിരുന്നു. മലയാളത്തില്‍ വന്‍ ഹിറ്റായ ചിത്രങ്ങള്‍ ബോളിവുഡും മറ്റും റീമേക്ക് ചെയ്ത് മലയാളത്തില്‍ നേടിയ കളക്ഷന്‍റെ നൂറ് ഇരട്ടി വാരുന്നത് നാം കണ്ടതാണ്. എന്നാല്‍ ആക്കാലവും കടന്നുപോകുന്നു എന്ന സൂചനയാണ് 2024 ഫെബ്രുവരി മാര്‍ച്ച് മാസം നല്‍കുന്നത്.
ഇന്ത്യന്‍ ബോക്സോഫീസ് ട്രാക്കിംഗ് സൈറ്റ് സാക്നില്‍ക്.കോം ഫെബ്രുവരി മാര്‍ച്ച് മാസത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ബോക്സോഫീസില്‍ ബോളിവുഡ് കഴിഞ്ഞാല്‍ ബോക്സോഫീസ് കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് മലയാളമാണ്. ഫെബ്രുവരി മാസത്തില്‍ ബോളിവുഡില്‍ 28 ചിത്രങ്ങള്‍ ഇറങ്ങി മൊത്തം കളക്ഷന്‍ 247.61 കോടി ആയിരുന്നു. തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയാ 90 കോടിയും, ഫൈറ്റര്‍ 84 കോടിയും നേടി.
അതേ സമയം ഫെബ്രുവരിയില്‍ പ്രേമലു നേടിയ 42 കോടി,മഞ്ഞുമ്മല്‍ ബോയ്സ് നേടി 30.37 കോടി അടക്കം മലയാള സിനിമ 25 ചിത്രങ്ങളില്‍ നിന്നും 115.38 കോടി നേടി. മാര്‍ച്ചില്‍ എത്തുമ്പോള്‍ മലയാള സിനിമ 178.83 കോടിയാണ് നേടിയത്. മഞ്ഞുമ്മല്‍ ബോയ്സ് 113.55 കോടി നേടി. ആടുജീവിതം 30 കോടി നേടി. ബോളിവുഡ് തന്നയാണ് മുന്നില്‍ 386 കോടി.
ഇന്ത്യയില്‍ ഈ വര്‍ഷത്തെ മൊത്തം കണക്ക് നോക്കിയാല്‍ ഇതുവരെ 415 ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. അതില്‍ നിന്നും തീയറ്ററില്‍ നിന്നും 2320 കോടി ഗ്രോസ് കളക്ഷന്‍ ലഭിച്ചിട്ടുണ്ട്. ബോളിവുഡ് തന്നെയാണ് 2024 ലെ ഇതുവരെയുള്ള കണക്കില്‍ മുന്നില്‍ 783.25 കോടി ബോളിവുഡ് നേടി. തെലുങ്ക് സിനിമയാണ് രണ്ടാമത് 83 ചിത്രങ്ങള്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങള്‍ 517.92 കോടി നേടി. മലയാളം മൂന്നാം സ്ഥാനത്താണ് 306.27 കോടിയാണ് മലയാളം നേടിയത്.