ഒരാഴ്ചയിൽ 100 കോടി, ബോക്സ് ഓഫീസിൽ മാസായി 'ദസറ'; അണിയറക്കാർക്ക് 10 ഗ്രാം സ്വർണം സമ്മാനം
നിർമാതാവ് സുധാകർ ചെറുകുരി സംവിധായകൻ ഒഡേലയ്ക്ക് ആഡംബര കാർ സമ്മാനിച്ചു.
നാനിയെ നായകനാക്കി നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ചിത്രമാണ് ദസറ. പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായികയായി എത്തിയത്. വൻ ഹൈപ്പോടെ എത്തിയ തെലുങ്ക് ചിത്രത്തെ ഭാഷാഭേദമെന്യെ ഏവരും ഏറ്റെടുത്തു. ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടർന്ന ചിത്രം ഒരാഴ്ച പിന്നിടുമ്പോൾ 100 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുക ആണ്.
ആഗോള ബോക്സ് ഓഫീസിൽ ആണ് നാനി ചിത്രം 100 കോടി നേടിയിരിക്കുന്നത്. നാനിയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രത്തിന്റെ വിജയാഘോഷം കരിംനഗറിൽ നടന്നു. നിർമാതാവ് സുധാകർ ചെറുകുരി സംവിധായകൻ ഒഡേലയ്ക്ക് ആഡംബര കാർ സമ്മാനിച്ചു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും അഭനേതാക്കൾക്കും 10 ഗ്രാം സ്വണ്ണം വീതം നൽകുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുക ആണ്.
ഐഎംഡിബിയുടെ കണക്ക് പ്രകാരം നാനിയുടെ ഒരു ചിത്രം മാത്രമാണ് ഇതിന് മുൻപ് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുള്ളത്. എസ് എസ് രാജമൗലിയുടെ ഈഗയാണ് ആ ചിത്രം. മാര്‍ച്ച് 30 നാണ് ദസറ തിയറ്ററുകളില്‍ എത്തിയത്. റിലീസ് ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 38 കോടി നേടി. ഇതിനിടയിൽ ബോക്സ് ഓഫീസിൽ കയറ്റിറക്കങ്ങൾ ഉണ്ടായെങ്കിലും നാനി ചിത്രം നേട്ടം കൊയ്തു.
സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ് എന്നിവരും 'ദസറ'യില്‍ വേഷമിടുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. സത്യൻ സൂര്യൻ ഐഎസ്‍സിയാണ് ഛായാഗ്രാഹണം. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്. സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ നാനി അവതരിപ്പിച്ച 'ധരണി' എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് 'ദസറ'യുടെ കഥ വികസിക്കുന്നത്. 65 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'വെണ്ണേല'എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിച്ചത്.
ഇത് നാനിയുടെ കലക്കൻ 'ദസറ' - റിവ്യു