ആദ്യ ദിനത്തേക്കാള്‍ കളക്ഷനുമായി രണ്ടാം ദിനം! '2018' തെലുങ്ക് പതിപ്പ് ഇതുവരെ നേടിയത്
150 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാള ചിത്രം
മലയാളികള്‍ ഏറെയുള്ള ഇതര സംസ്ഥാന നഗരങ്ങളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യുന്നത് പുതുമയല്ലെങ്കിലും അന്നാട്ടുകാരെ ലക്ഷ്യമാക്കി ഇതരഭാഷാ ഡബ്ബിംഗ് പതിപ്പുകള്‍ റിലീസ് ചെയ്യുന്നത് അപൂര്‍വ്വമാണ്. മലയാള സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡുകളൊക്കെ ഭേദിച്ച് നില്‍ക്കുന്ന 2018 അത്തരത്തില്‍ റിലീസ് ചെയ്യപ്പെട്ടിരിക്കുകയാണ്. തമിഴ്. ഹിന്ദി, തെലുങ്ക് എന്നിങ്ങനെ മൂന്ന് ഭാഷാ പതിപ്പുകളാണ് ഈ വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയത്. ഇതില്‍ തെലുങ്ക് പതിപ്പ് ആണ് ഏറ്റവും മികച്ച രീതിയില്‍ കളക്റ്റ് ചെയ്യുന്നത്.
ഭേദപ്പെട്ട സ്ക്രീന്‍ കൗണ്ടുമായി ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് ആദ്യദിനം ലഭിച്ചത് 1.01 കോടി ആയിരുന്നു. ഇത് ഒറ്റ ദിവസത്തെ ഒരു പ്രേക്ഷക താല്‍പര്യമാണെന്ന് കരുതിയെങ്കില്‍ തെറ്റി. ആദ്യ ദിനത്തെ മറികടക്കുന്നതാണ് ശനിയാഴ്ച ചിത്രം നേടിയ കളക്ഷന്‍. 1.7 കോടിയാണ് ചിത്രത്തിന്‍റെ രണ്ടാം ദിനത്തിലെ കളക്ഷന്‍ എന്നാണ് ഔദ്യോഗിക ഭാഷ്യം. അതായത് ആദ്യ ദിനത്തെ അപേക്ഷിച്ച് കളക്ഷനില്‍ 70 ശതമാനം വര്‍ധന. ഒരു മലയാള ചിത്രത്തിന്‍റെ ഡബ്ബിംഗ് പതിപ്പ് ഇതിനു മുന്‍പ് സമാനരീതിയില്‍ നേട്ടമുണ്ടാക്കിയിട്ടില്ല.
അതേസമയം 150 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാള സിനിമയാണ് 2018. നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിന് മികച്ച കളക്ഷന്‍ ലഭിക്കുന്നുണ്ട് എന്നതിനാല്‍ ലൈഫ് ടൈം കളക്ഷന്‍ എത്രയാവും എന്നറിയാനുള്ള കൗതുകത്തിലാണ് മലയാള സിനിമാലോകം. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.