തുടക്കമിട്ടത് ആമിര്‍; ഇന്ത്യന്‍ സിനിമയില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രങ്ങള്‍ ഏതൊക്കെ?
ഇന്ത്യന്‍ സിനിമയില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആറാമത്തെ ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍
100 കോടി, 200 കോടി ക്ലബ്ബുകളൊക്കെ വിസ്‍മയമായിരുന്ന ഒരു കാലം ഇന്ത്യന്‍ സിനിമയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ബോളിവുഡ് സിനിമ 500, കോടി, 1000 കോടി ക്ലബ്ബുകളിലേക്കും ഇന്ത്യന്‍ സിനിമയെ ആദ്യമായി കൈപിടിച്ച് നടത്തി വഴികാട്ടിയായി. എന്നാല്‍ ബാഹുബലി ഫ്രാഞ്ചൈസിയുമായി രാജമൌലി എത്തിയതോടെ ടോളിവുഡിന് മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയ്ക്ക് മൊത്തത്തില്‍ നേട്ടമായി. രാജ്യത്തെ സിനിമാവ്യവസായം പുഷ്കലമായി നിന്ന ഒരു കാലത്താണ് കൊവിഡ് മഹാമാരി എത്തിയത്. സിനിമാ തിയറ്ററുകള്‍ മാസങ്ങള്‍ അടഞ്ഞുകിടന്ന ആ കാലത്തുനിന്ന് കരകയറാന്‍ വിനോദ വ്യവസായം നന്നേ പണിപ്പെട്ടു. തെന്നിന്ത്യന്‍ ചിത്രങ്ങളാണ് ഈ സമയത്ത് ആദ്യം തിയറ്ററുകളിലേക്ക് ആളെ എത്തിച്ചത്. പഠാന്‍ എന്ന വന്‍ വിജയത്തിലൂടെ ബോളിവുഡിനെ ട്രാക്കില്‍ എത്തിച്ചത് ഷാരൂഖ് ഖാന്‍ ആയിരുന്നു. ഇപ്പോഴിതാ തുടര്‍ച്ചയായ രണ്ടാം ചിത്രവും 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതിന്‍റെ ആഹ്ലാദത്തിലാണ് കിംഗ് ഖാന്‍. ഇന്ത്യന്‍ സിനിമയിലെ 1000 കോടി ക്ലബ്ബ് ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
ഇന്ത്യന്‍ സിനിമയില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആറാമത്തെ ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആമിര്‍ ഖാന്‍ നായകനായ ബയോഗ്രഫിക്കല്‍ സ്പോര്‍ട്സ് ഡ്രാമ ചിത്രം ദംഗല്‍ തുടങ്ങിവച്ച ക്ലബ്ബ് ആണിത്. തൊട്ടടുത്ത വര്‍ഷം രാജമൌലിയുടെ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ബാഹുബലി 2 ഉും 1000 കോടി ക്ലബ്ബില്‍ എത്തി. കൊവിഡ് കാലത്തിന് ശേഷമാണ് ഇന്ത്യന്‍ സിനിമ വീണ്ടും ഈ നേട്ടത്തില്‍ എത്തുന്നത്. 2022 ല്‍ രണ്ട് തെന്നിന്ത്യന്‍ ചിത്രങ്ങള്‍. രാജമൌലിയുടെ തന്നെ ആര്‍ആര്‍ആറും പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യഷ് നായകനായ കെജിഎഫ് 2 ഉും. പിന്നീട് ഈ വര്‍ഷം രണ്ട് ഷാരൂഖ് ഖാന്‍ ചിത്രങ്ങളും. ജനുവരിയിലെത്തിയ പഠാനും ഈ മാസം എത്തിയ ജവാനും. ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും മൂന്ന് ചിത്രങ്ങള്‍ വീതമാണ് നിലവില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നത്.
ALSO READ : ഒടിടിയില്‍ മമ്മൂട്ടി Vs ദുല്‍ഖര്‍; സ്ട്രീമിംഗില്‍ ആര് ജനപ്രീതി നേടും?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക