ഇന്ത്യന്‍ സിനിമയിലെ 1000 കോടി ക്ലബ്ബ്; അഞ്ച് ചിത്രങ്ങള്‍, 'പഠാന്‍' അഞ്ചാം സ്ഥാനത്ത്
ആമിര്‍ ഖാന്‍ ചിത്രം ദംഗലാണ് ഇന്ത്യന്‍ സിനിമയില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ എത്തുന്ന ആദ്യ ചിത്രം
ഇന്ത്യന്‍ ബോക്സ് ഓഫീസിലെ ഏറ്റവും പുതിയ ചര്‍ച്ചാവിഷയം പഠാന്‍ ആണ്. ഷാരൂഖ് ഖാന്‍റെയും ഒപ്പം കൊവിഡ് കാലത്തിനു ശേഷം വലിയ രീതിയില്‍ തകര്‍ച്ച നേരിട്ട ബോളിവുഡിന്‍റെയും തിരിച്ചുവരവായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി എന്ന മാന്ത്രിക സംഖ്യയില്‍ എത്തിയിരിക്കുകയാണ് ചിത്രം. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ 1000 കോടി ക്ലബ്ബ് വലിയ പുതുമയല്ല. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ സിനിമയാണ് പഠാന്‍.
ഏഴ് വര്‍ഷം മുന്‍പെത്തിയ ഒരു ബോളിവുഡ് ചിത്രമാണ് 1000 കോടി ക്ലബ്ബിലേക്ക് ആദ്യമെത്തിയ ഇന്ത്യന്‍ സിനിമ. നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ ആമിര്‍ ഖാന്‍ നായകനായ ദംഗല്‍ ആയിരുന്നു ചിത്രം. തൊട്ടടുത്ത വര്‍ഷം എസ് എസ് രാജമൌലിയുടെ അത്ഭുത ചിത്രം ബാഹുബലി രണ്ടാം ഭാഗവും 1000 കോടിയില്‍ എത്തി. ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായി, പാന്‍ ഇന്ത്യന്‍ വിജയം നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആയിരുന്നതിനാല്‍ വലിയ കാത്തിരിപ്പാണ് ബാഹുബലി 2 പ്രേക്ഷകര്‍ക്കിടയില്‍ ഉയര്‍ത്തിയിരുന്നത്.
കൊവിഡ് കാലത്തെ മന്ദതയ്ക്കു ശേഷം ഇന്ത്യന്‍ സിനിമാ വ്യവസായത്തിനെ ഉണര്‍ത്തിയ രണ്ട് തെന്നിന്ത്യന്‍ ചിത്രങ്ങളാണ് പഠാന്‍ കൂടാതെ 1000 കോടി ക്ലബ്ബിലുള്ള രണ്ട് എന്‍ട്രികള്‍. യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കിയ കെജിഎഫ് ചാപ്റ്റര്‍ രണ്ടും എസ് എസ് രാജമൌലിയുടെ തന്നെ ആര്‍ആര്‍ആറും. എന്നാല്‍ ലിസ്റ്റിലെ അഞ്ച് ചിത്രങ്ങളില്‍ ഏറ്റവുമധികം കളക്ഷന്‍ ഇപ്പോഴും ഏഴ് വര്‍ഷം മുന്‍പ് പുറത്തെത്തിയ ദംഗലിന്‍റെ പേരില്‍ ആണെന്നതും കൌതുകകരം. അഞ്ച് ചിത്രങ്ങള്‍ നേടിയ കളക്ഷന്‍ കണക്കുകള്‍ ചുവടെ..
ഇന്ത്യന്‍ സിനിമയിലെ 1000 കോടി ക്ലബ്ബ്
1. ദംഗല്‍ (2016)- 1970 കോടി
2. ബാഹുബലി 2 (2017)- 1800 കോടി
3. കെജിഎഫ് 2 (2022)- 1230 കോടി
4. ആര്‍ആര്‍ആര്‍ (2022)- 1206 കോടി (പ്രദര്‍ശനം അവസാനിച്ചിട്ടില്ല)
5. പഠാന്‍ (2023)- 1000 കോടി (പ്രദര്‍ശനം തുടരുന്നു)