'പിരിയില്ലൊരിക്കലും ഞങ്ങള്‍', കെട്ടിപ്പിടിച്ചും ചുംബിച്ചും വീഡിയോയില്‍ നയൻതാരയും വിഘ്‍നേശ് ശിവനും
അഭ്യൂഹങ്ങള്‍ക്കിടെയാണ് നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും വീഡിയോ ചര്‍ച്ചയാകുന്നത്.
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് നയൻതാരയും സംവിധായകൻ വിഘ്‍നേശ് ശിവനും. ഏറെക്കാലം പ്രണയത്തിലായിരുന്ന ഇരുവരും ഒടുവില്‍ വിവാഹിതരായത് ആരാധകരെയും ആഹ്ളാദത്തിലാക്കിയിരുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളില്‍ താര ദമ്പതിമാരുടെ വേര്‍പിരിയല്‍ സാധ്യതയും ആരാധകര്‍ കണ്ടെത്തി. എന്നാല്‍ അതെല്ലാം അഭ്യൂഹങ്ങളാണെന്ന് വ്യക്തമായതിന് ശേഷം നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും ഒരു പഴയ വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ ചര്‍ച്ചയാക്കുകയാണ് നിലവില്‍ ആരാധകര്‍.
ഓടക്കുഴല്‍ വിദ്വാൻ നവീനൊപ്പമുള്ള പഴയൊരു വീഡിയോ ആണ് വിഘ്നേശ് ശിവന്റെയും നയൻതാരയുടെയും ആരാധകര്‍ വലിയ ചര്‍ച്ചയാക്കി മാറ്റിയിരിക്കുന്നത്. മറുവാര്‍ത്തൈ കേള്‍ക്കാതെ എന്ന പാട്ടിന് വീഡിയോയില്‍ ഓടക്കുഴല്‍ വായിക്കുകയാണ് നവീൻ ചെയ്യുന്നത്. നയൻതാര വിഘ്‍നേശ് ശിവനെ ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹ വാര്‍ഷികത്തിന് എടുത്തതാണ് നവീൻ പുറത്തുവിട്ട ആ വീഡിയോ എന്നതും കൗതുകമാണ്.
തെന്നിന്ത്യൻ നടി നയൻതാര ഭര്‍ത്താവും സംവിധായകനുമായ വിഘ്നേശ് ശിവനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്‍തു എന്ന വാര്‍ത്തയായിരുന്നു തമിഴകത്ത് വ്യാപകമായ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. ഇരുവരും പിരിയുകയാണോയെന്ന് ആരാധകര്‍ സംശയിക്കുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത് വലിയ ചര്‍ച്ചയാകുകയും ചെയ്‍തു. കൈതട്ടി പോയതാകുമെന്നും മറുകൂട്ടര്‍ വാദിച്ചു. എന്നാല്‍ വിഘ്നേശ് ശിവൻ നയൻതാരയുടെ ഫോട്ടോ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തതോടെ നേരത്തെ പ്രചരിച്ച ആ അഭ്യുഹങ്ങളൊന്നും സത്യമല്ല എന്ന് ആരാധകര്‍ക്ക് വ്യക്തമായി.
സംവിധായകൻ അരുണ്‍രാജ കാമരാജിനറെ പുതിയ ചിത്രത്തില്‍ നയൻതാര നായികയാകും എന്ന് അടുത്തിടെ ഒരു റിപ്പോര്‍ട്ടുണ്ടായതും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. നയൻതാരയുടേത് നായികാ പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. എന്തായിരിക്കും പ്രമേയമെന്ന് വെളിപ്പെടുത്തിയിട്ടില്ല. നിര്‍മാണ നിര്‍വഹണം പ്രിൻസ് പിക്ചേഴ്‍സായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക