അടുത്ത റീ എന്‍ട്രി 'അറയ്ക്കല്‍ മാധവനുണ്ണി'യുടേത്; 24 വര്‍ഷങ്ങള്‍ക്കിപ്പുറം ബിഗ് സ്ക്രീനിലേക്ക്

2000 ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ആ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്ന്

Valyettan malayalam movie to be re released in 4k atmos mammootty shaji kailas

മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം ‘വല്യേട്ടൻ’ റീ റിലീസിന് ഒരുങ്ങുന്നു. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് 24 വർഷങ്ങൾക്ക് ശേഷം ചിത്രം റീ-റിലീസിനായി ഒരുക്കുന്നത്. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം മാറ്റിനി നൗ ആണ് 4കെ ദൃശ്യമികവോടെയും ഡോൾബി ശബ്ദ സാങ്കേതികവിദ്യയോടെയും വെള്ളിത്തിരയിലേക്ക്  തിരിച്ചെത്തിക്കുന്നത്. 

2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത ‘വല്യേട്ടൻ’ ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. 24 വർഷങ്ങൾക്ക് ശേഷം നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ റീ റിലീസ് ആയി എത്തുമ്പോള്‍ മലയാള സിനിമ പ്രേമികൾക്ക് അത് മറക്കാനാവാത്തതും ഗൃഹാതുരത്വമുണർത്തുന്നതുമായ അനുഭവം കൂടിയാവുമെന്ന് തീർച്ചയാണ്. ആവേശമേറിയ കഥയും ശ്രദ്ധേയമായ പ്രകടനങ്ങൾക്കുമൊപ്പം ആരാധകർ ഏറ്റുപാടിയ ഗാനങ്ങളുമായിരുന്നു ഈ സക്സസ്സ് ഫോർമുല. മമ്മൂട്ടിയുടെ അറക്കൽ മാധവനുണ്ണിയെന്ന കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു.

ശോഭന, സിദ്ദിഖ്, മനോജ് കെ ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെൻ്റ്, എൻ എഫ് വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൻ്റെ ഭാഗമായിരുന്നു. കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ ഒരുപാട് കലാകാരന്മാരെ വീണ്ടും തിയേറ്ററുകളിൽ കാണുവാനുള്ള ഒരു അവസരം കൂടിയാണ്. പ്രശസ്ത ദക്ഷിണേന്ത്യൻ താരങ്ങളും അണിയറപ്രവർത്തകരും അണിനിരക്കുന്ന ഒരു ചിത്രം കൂടിയാണ് ‘വല്യേട്ടൻ’. വൻവിജയമായി മാറിയ പൊന്നിയിൻ സെൽവൻ, ബർഫി, തമാശ, ദശാവതാരം തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകനായ  രവി വർമ്മൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രം കൂടിയാണ് ‘വല്യേട്ടൻ’. 

നിരവധി ഭാഷകളിലെ ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ രാജാമണിയാണ് ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്.  ആഖ്യാനത്തിൻ്റെ വൈകാരിക വ്യാപ്തിയും തീവ്രതയും വർധിപ്പിക്കുന്നതിൽ അദ്ദേഹത്തിൻ്റെ പശ്ചാത്തല സംഗീതത്തിന്റെ പങ്ക് നിർണായകമാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിട്ടുള്ളത് മോഹൻ സിത്താരയാണ്. ചിത്രസംയോജനം  നിർവഹിച്ചത് എൽ ഭൂമിനാഥനും കലാസംവിധാനം നിർവഹിച്ചത് ബോബനുമാണ്.  ചിത്രത്തിൻ്റെ റീ-റിലീസ് പോസ്റ്ററിന് വൻവരവേൽപ്പാണ് സമൂഹമാധ്യങ്ങളിൽ നിന്നും ലഭിച്ചത്. 

ചിത്രത്തിന്റെ സംഗീത സംവിധാനം റീ-മാസ്റ്റർ ചെയ്തിരിക്കുന്നത് ബെന്നി ജോൺസനാണ്. ഡോൾബി അറ്റ്മോസ് മിക്സിംഗ് ചെയ്തത് എം ആർ രാജാകൃഷ്ണൻ, ധനുഷ് നയനാരാണ് സൌണ്ട് ഡിസൈനിംഗ് നിർവഹിച്ചിരിക്കുന്നത്. ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് കാർത്തിക് ജോഗേഷ്. ചിത്രത്തിന്റെ റീ-റിലീസിനായി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് നിർവഹിക്കുന്നത് ഡോ. സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ). ടിങ്ങാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് മാർക്കറ്റിംഗ് ഏജൻസി.

ALSO READ : 'മാര്‍ക്കോ'യുടെ മ്യൂസിക് റൈറ്റ്സ് വില്‍പ്പനയായി; സ്വന്തമാക്കിയത് സോണി മ്യൂസിക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios