ബംഗളൂരുവിൽ സിനിമാ താരങ്ങൾ പങ്കെടുത്ത റേവ് പാർട്ടിക്കിടെ ലഹരിമരുന്ന് വേട്ട
സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആണ് റെയ്‍ഡ് നടത്തിയത്
ബംഗളൂരു: ബംഗളൂരുവില്‍ സിനിമാ താരങ്ങള്‍ പങ്കെടുത്ത റേവ് പാര്‍ട്ടിക്കിടെ റെയ്ഡ് നടത്തി സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്. ഇതില്‍ വന്‍ ലഹരിമരുന്ന് വേട്ട നടന്നതായാണ് വിവരം. കൊക്കെയ്ന്‍, എംഡിഎംഎ എന്നിവ പിടികൂടിയിട്ടുണ്ട്. തെലുങ്ക് സിനിമാ താരങ്ങൾ അടക്കം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ കസ്റ്റഡിയിൽലാണെന്നാണ് സൂചന. ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി ആർ ഫാം ഹൗസിൽ ആണ് പാർട്ടി നടന്നത്.
പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു സിസിബിയുടെ റെയ്ഡ്. ഹൈദരാബാദില്‍ നിന്നുള്ള വാസു എന്ന ആളാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പിറന്നാളാഘോഷം എന്ന് കരുതപ്പെടുന്ന പാര്‍ട്ടിക്ക് പുലര്‍ച്ചെ 2 മണി വരെയാണ് അനുമതി ലഭിച്ചിരുന്നത്. ഈ സമയം കഴിഞ്ഞും ആഘോഷം നീണ്ടതോടെയാണ് സിസിബിയുടെ മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തിയത്. ബംഗളൂരുവില്‍ നിന്നും ആന്ധ്രയില്‍ നിന്നുമുള്ള നൂറിലധികം പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. പൊലീസ് പിടിച്ചെടുത്ത ആഡംബര വാഹനത്തിൽ നിന്ന് ആന്ധ്ര പ്രദേശ് എംഎൽഎയുടെ പാസ് അടക്കമുള്ള രേഖകൾ കണ്ടെത്തിയിട്ടുണ്ട്. പതിനഞ്ചിലേറെ ലക്ഷ്വറി കാറുകളാണ് ഫാം ഹൗസിന് സമീപം ഉണ്ടായിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 30- 50 ലക്ഷം ചെലവാക്കിയാണ് സംഘാടകര്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ALSO READ : മലയാള സിനിമയിൽ 30 വർഷങ്ങൾ പൂർത്തിയാക്കി ബിജു മേനോൻ; ആഘോഷമാക്കാന്‍ 'തലവൻ'