Asianet News MalayalamAsianet News Malayalam

ബോക്സ് ഓഫീസ് പുലിയായ 'മാണിക്യം'; മലയാളത്തിന്റെ വല്ല്യേട്ടന് ഇന്ന് പിറന്നാൾ

അൻപത്തി രണ്ട് വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയ്ക്ക് ലഭിച്ച അഭിനയ സുകൃതത്തിന് പിറന്നാള്‍ മധുരം. 

malayalam film  actor mammootty birthday nrn
Author
First Published Sep 7, 2023, 8:03 AM IST | Last Updated Sep 7, 2023, 8:29 AM IST

ഴിഞ്ഞ അൻപത്തി രണ്ട് വർഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയ സുകൃതത്തിന് ഇന്ന് 72ാം പിറന്നാൾ. ലോക സിനിമയ്ക്ക് മുന്നിൽ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാൻ കിട്ടിയ മഹാഭാ​ഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും ഏൽക്കാതെ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതി​ഭ തെളിയിച്ചു കൊണ്ടിരിക്കുന്നു.  മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ പിറന്നാള്‍ ആകുമ്പോഴും കേരളം ചോദിക്കുന്നത്.

'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമയുടെ സെറ്റിൽ ചാക്കുവിരിച്ച് ഉറങ്ങുകയായിരുന്ന സത്യൻ മാഷിന്റെ കാലിൽ തൊട്ട് വണങ്ങി തുടങ്ങിയ യാത്രയാണ് മമ്മൂട്ടിയുടേത്. പിന്നീട് ആ ചെറുപ്പക്കാരൻ പകർന്നാടിയത് എത്ര കഥാപാത്രങ്ങൾ, എന്തെന്തു വേഷപ്പകർച്ചകൾ, എത്ര അംഗീകാരങ്ങൾ. നായകനായി അരങ്ങേറ്റം കുറിച്ച നാളുകളിൽ തന്നെ വ്യത്യസ്‍ത ശ്രേണിയിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കാനുള്ള അവസരം മമ്മൂട്ടിക്ക് ലഭിച്ചിരുന്നു. ആ സമയത്തെ പ്രധാന സംവിധായക-തിരക്കഥാ കൂട്ടുകെട്ടുകളിലെല്ലാം മമ്മൂട്ടിക്ക് ഹിറ്റുകളും ലഭിച്ചു. ജോഷി- ഡെന്നിസ് ജോസഫ്, ഐ വി ശശി- ടി ദാമോദരന്‍, കെ മധു എസ് എന്‍ സ്വാമി, ഹരിഹരന്‍- എംടി വാസുദേവന്‍ നായര്‍ എന്നിങ്ങനെ പോകുന്നു ആ കൂട്ടുകെട്ടുകൾ. 

malayalam film  actor mammootty birthday nrn

 എം ടി- ഐ വി ശശി കൂട്ടുകെട്ടില്‍ 1981ല്‍ പുറത്തെത്തിയ 'തൃഷ്‍ണ'യിലൂടെയായിരുന്നു മമ്മൂട്ടിയുടെ നായകനായുള്ള രംഗപ്രവേശം. 1986ലും 88ലുമാണ് ഐ വി ശശിയില്‍ നിന്ന് മമ്മൂട്ടിക്ക് രണ്ട് വന്‍ ഹിറ്റുകള്‍ ലഭിക്കുന്നത്. ഈ രണ്ട് ചിത്രങ്ങള്‍ക്കും തിരക്കഥയൊരുക്കിയത് ടി ദാമോദരന്‍ ആയിരുന്നു. 'ബെല്‍റാം' എന്ന ചൂടന്‍ സിഐ ആദ്യമായി സ്‍ക്രീനിലെത്തിയ 'ആവനാഴി'യും മലബാര്‍ കലാപം പശ്ചാത്തലമാക്കിയ '1921'ഉം ആയിരുന്നു ആ രണ്ട് ചിത്രങ്ങള്‍. പക്ഷേ എണ്‍പതുകളിലെ മമ്മൂട്ടിയുടെ ഏറ്റവും പ്രധാന വിജയം ഇതൊന്നുമല്ല. ഡെന്നിസ് ജോസഫ്- ജോഷി കൂട്ടുകെട്ടില്‍ 1987ല്‍ പുറത്തെത്തിയ 'ന്യൂഡെല്‍ഹി' ആയിരുന്നു ആ ചിത്രം.

നായകനായി അരങ്ങേറിയതിന്‍റെ പിറ്റേവര്‍ഷം, അതായത് 1982ൽ മാത്രം മമ്മൂട്ടി ഭാഗമായത് 23 ചിത്രങ്ങളിലാണ്. 'നിറക്കൂട്ടി'നു മുന്‍പെത്തിയ 'ഈറന്‍ സന്ധ്യ' മുതല്‍ ഡെന്നിസ് ജോസഫ് തിരക്കഥ രചിച്ച ആദ്യ എട്ട് ചിത്രങ്ങളിലും മമ്മൂട്ടിയുണ്ട്. പക്ഷേ ഈറന്‍ സന്ധ്യ മുതല്‍ 'വീണ്ടും' (1986) വരെ നിറക്കൂട്ട് മാത്രമാണ് സാമ്പത്തികവിജയം നേടിയത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കാന്‍ തീരുമാനിച്ചിരുന്ന പ്രോജക്റ്റുകളെക്കുറിച്ച് നിര്‍മ്മാതാക്കള്‍ പുനരാലോചിച്ച സമയം. എന്നാല്‍ മമ്മൂട്ടിയെ കൈവിടാന്‍ ജോഷിയും ഡെന്നിസും തയ്യാറായിരുന്നില്ല. ദില്ലിയുടെ പശ്ചാത്തലത്തില്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ആയ 'ജികെ'യായി മമ്മൂട്ടി പകര്‍ന്നാടിയപ്പോള്‍ ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് പിറന്നു. ജൂബിലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോയ് തോമസും ജി ത്യാഗരാജനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ബോക്സ് ഓഫീസില്‍ ഒരു കോടി കളക്ഷന്‍ നേടിയ ആദ്യ മലയാള സിനിമയായി മാറി. 

malayalam film  actor mammootty birthday nrn

സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനായി മമ്മൂട്ടി ആദ്യം എത്തിയതും എണ്‍പതുകളിലാണ്. എസ് എന്‍ സ്വാമി- കെ മധു കൂട്ടുകെട്ടില്‍ എത്തിയ ചിത്രം 1988ലാണ് പുറത്തെത്തിയത്. ഒരു ചിത്രത്തിന് വ്യത്യസ്‍ത കാലങ്ങളിലായി മൂന്ന് സീക്വലുകള്‍ സംഭവിച്ചു എന്ന അപൂര്‍വ്വതയ്ക്കും കാരണമായി ഈ കഥാപാത്രവും ചിത്രവും. ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്കിടയില്‍ വേറിട്ട രണ്ട് വിജയങ്ങളും ഈ പതിറ്റാണ്ടില്‍ മമ്മൂട്ടിക്ക് ലഭിച്ചു. ബാലു മഹേന്ദ്രയുടെ യാത്ര (1985), ഫാസിലിന്‍റെ 'മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍' എന്നിവ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. എസ് എന്‍ സ്വാമി- സിബി മലയില്‍ എന്ന അപൂര്‍വ്വ കോമ്പിനേഷനില്‍ സംഭവിച്ച 'ഓഗസ്റ്റ് 1'ഉും വിജയമായിരുന്നു. എന്നാല്‍ മമ്മൂട്ടി എണ്‍പതുകള്‍ അവസാനിപ്പിക്കുന്നത് എംടി- ഹരിഹരന്‍ ടീമിന്‍റെ ഒരു ക്ലാസിക് ചിത്രത്തോടെയാണ്. വടക്കന്‍ പാട്ടിലെ 'ചതിയന്‍ ചന്തു' എംടിയുടെ തൂലികയിലൂടെ മമ്മൂട്ടി അവതരിപ്പിച്ചപ്പോള്‍ മലയാളം എക്കാലവും ഓര്‍ത്തുവെക്കുന്ന ചിത്രമായി, ഒപ്പം വലിയ ബോക്സ് ഓഫീസ് വിജയവും.

എണ്‍പതുകളുകളില്‍ നിന്നും തൊണ്ണൂറുകളിലേത്ത് എത്തുമ്പോള്‍ മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രങ്ങളുടെ 'താരസ്വരൂപം' വലിപ്പം ആര്‍ജ്ജിക്കുന്നുണ്ട്. സിനിമയിലെ ആഖ്യാനം കൂടുതല്‍ നായക കേന്ദ്രീകൃതമായ കാലം കൂടിയായിരുന്നു ഇത്. അതേസമയം മമ്മൂട്ടിക്ക് ഏറ്റവുമധികം സാമ്പത്തിക വിജയങ്ങള്‍ ലഭിച്ച കാലവും. ഒരു വന്‍ വിജയമെങ്കിലും ഇല്ലാത്ത വര്‍ഷം ഈ പതിറ്റാണ്ടില്‍ മമ്മൂട്ടിക്ക് വളരെ കുറവാണ്. ഡെന്നിസ് ജോസഫ്- ടി എസ് സുരേഷ് ബാബു കൂട്ടുകെട്ടില്‍ എത്തിയ 'കോട്ടയം കുഞ്ഞച്ചനാ'ണ് (1990) തൊണ്ണൂറുകളിലെ മമ്മൂട്ടിയുടെ ആദ്യ ബോക്സ് ഓഫീസ് ഹിറ്റ്. മുണ്ടും ജൂബയും ധരിച്ച, കൈയ്യൂക്കും നര്‍മ്മബോധവുമുള്ള 'അച്ചായന്‍' കഥാപാത്രം ഡെന്നിസ് തന്നെ രചന നിര്‍വ്വഹിച്ച 'സംഘ'ത്തില്‍ നിന്ന് വരുന്നതാണ്. പക്ഷേ സംഘം ഹിറ്റ് മാത്രമായിരുന്നെങ്കില്‍ കുഞ്ഞച്ചന്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ഈ ക്യാരക്റ്റര്‍ ട്രെയ്റ്റ് വിവിധ കാലങ്ങളിലായി മമ്മൂട്ടി സ്ക്രീനില്‍ പിന്നീട് പലകുറി അവതരിപ്പിച്ചു.

അതേവര്‍ഷം തന്നെ രണ്ട് ഹിറ്റുകള്‍ കൂടിയുണ്ട് മമ്മൂട്ടിക്ക്. ജോമോന്‍റെ 'സാമ്രാജ്യ'വും ഭദ്രന്‍റെ 'അയ്യര്‍ ദ് ഗ്രേറ്റും'. ആക്ഷന്‍, ഹ്യൂമര്‍, ഇമോഷണല്‍ ഡ്രാമ, റിവെഞ്ച് എന്നിവയെല്ലാം ഈ പതിറ്റാണ്ടില്‍ മമ്മൂട്ടി കൈകാര്യം ചെയ്‍ത് വിജയിപ്പിച്ചു. മമ്മൂട്ടി മലയാളത്തിന്‍റെ പകരം വെക്കാനില്ലാത്ത കസേരയിലേക്ക് ഇരിപ്പുറപ്പിച്ചതും തൊണ്ണൂറുകളിലാണ്. ഇന്‍സ്പെക്ടര്‍ ബെല്‍റാം,കൗരവര്‍, ധ്രുവം എന്നീ ആക്ഷന്‍ ത്രില്ലറുകള്‍ വന്‍ വിജയം നേടിയപ്പോള്‍ ഭരതന്‍റെ 'അമരം' മമ്മൂട്ടിയിലെ ഭാവപ്രകടന നിലവാരത്തിന് അടിവരയിട്ടു. ആക്ഷന്‍ ചിത്രങ്ങള്‍ക്കിടയില്‍ കുടുംബപ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രമായി ഫാസിലിന്‍റെ 'പപ്പയുടെ സ്വന്തം അപ്പൂസ്'. കരിയറില്‍ വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍ ഒരുക്കിയ ജയരാജിന്‍റെ സ്റ്റൈലിഷ് ചിത്രം 'ജോണി വാക്കറി'ലെ ടൈറ്റില്‍ കഥാപാത്രവും മമ്മൂട്ടിക്ക് നേട്ടമുണ്ടാക്കി. രണ്‍ജി പണിക്കരുടെ ഫയര്‍ബ്രാന്‍ഡ് നായകനായ 'തേവള്ളിപറമ്പില്‍ ജോസഫ് അലക്സ്' ആയി എത്തിയ 'ദി കിംഗ്', സിദ്ദിഖിന്‍റെ ഹിറ്റ്ലര്‍ എന്നിവയാണ് തൊണ്ണൂറുകളിലെ മമ്മൂട്ടിയുടെ രണ്ട് ട്രെന്‍ഡ് സെറ്റര്‍ ഹിറ്റുകള്‍. ലാല്‍ജോസിന്‍റെ 'മറവത്തൂര്‍ കനവി'ലൂടെയാണ് മമ്മൂട്ടി ആ പതിറ്റാണ്ട് അവസാനിപ്പിക്കുന്നത്. സിനിമയിലേക്ക് അടുത്ത തലമുറ സാങ്കേതിക പ്രവര്‍ത്തകരുടെ വരവ് അറിയിക്കുന്നതായി ലാല്‍ജോസിന്റെ തുടക്കം. അതിന് കാരണക്കാരനായത് മമ്മൂട്ടിയും.

മലയാളസിനിമ ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോയ, ഏറെ മാറ്റത്തിനുവിധേയമായ കാലമായിരുന്നു 2000ന് ഇപ്പുറം. വല്യേട്ടന്‍, ദാദാസാഹിജ് തുടങ്ങി കഴിഞ്ഞ പതിറ്റാണ്ടിലെ നായക സങ്കല്‍പ്പത്തിന് ബലം കൂട്ടിയെത്തിയ നായകന്മാരിലൂടെയാണ് മമ്മൂട്ടി ഈ പതിറ്റാണ്ടിലെ ആദ്യ വിജയങ്ങള്‍ നേടുന്നത്. പുതുമുഖ സംവിധായകരിലെ ',സ്‍പാര്‍ക്ക്' തിരിച്ചറിയാനുള്ള തന്‍റെ ശേഷി മമ്മൂട്ടി ഉപയോഗപ്പെടുത്തുന്നത് പലതവണ ഈ കാലത്ത് കണ്ടു. അങ്ങനെ 'കാഴ്ച'യുമായി ബ്ലെസ്സിയും (2004) 'ബെസ്റ്റ് ആക്റ്ററു'മായി (2010) മാര്‍ട്ടിന്‍ പ്രക്കാട്ടും മമ്മൂട്ടിയുടെ എക്കാലത്തെയും ഏറ്റവും വലിയ വിജയങ്ങളിലൊന്നായ 'രാജമാണിക്യ'വുമായി (2005) അന്‍വര്‍ റഷീദും അങ്ങനെ മലയാള സിനിമയിലേക്ക് എത്തി.  ക്രോണിക് ബാച്ചിലറുമായി (2003) സിദ്ദിഖും സേതുരാമയ്യരുടെ (സേതുരാമയ്യര്‍ സിബിഐ/2004) മൂന്നാം വരവുമായി കെ മധുവും വന്‍ വിജയം നേടിക്കൊടുത്തു. മമ്മൂട്ടി രഞ്ജിത്തില്‍ അര്‍പ്പിച്ച വിശ്വാസമായിരുന്നു 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയിന്‍റ്' (2010). ഷാഫിയുടെ 'മായാവി'യും (2007) ജോണി ആന്‍റണിയുടെ 'തുറുപ്പുഗുലാനും' (2006) തിയറ്ററില്‍ ചിരിപ്പൂരമൊരുക്കി, ബോക്സ് ഓഫീസില്‍ വന്‍ വിജയങ്ങളും.

malayalam film  actor mammootty birthday nrn

2022 മലയാള സിനിമയിൽ മമ്മൂട്ടിയുടെ കാലമായിരുന്നു. കൊവിഡ് പ്രതിസന്ധികളുടെയും അനിശ്ചിതത്വങ്ങളുടെയും ദിനരാത്രങ്ങൾ പിന്നിട്ട് തിയറ്ററുകൾ സജീവമായ വർഷമായിരുന്നു ഇത്. ഏകദേശം 150 ഓളം ചിത്രങ്ങൾ ആ വർഷം റിലീസ് ചെയ്തെന്നാണ് കണക്കുകൾ. വിരലിൽ എണ്ണാവുന്നത് മാത്രമാണെങ്കിലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കഴ്ചവച്ച ചിത്രങ്ങളുണ്ടായി. അതിൽ മുൻപന്തിയിൽ മലയാളത്തിന്റെ വല്ല്യേട്ടനും. 

14 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ഭീഷ്മപര്‍വ്വം മികച്ച വിജയം സ്വന്തമാക്കി. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിന് ശേഷം അമലും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ പ്രേക്ഷക പ്രതീക്ഷകള്‍ തെറ്റിയില്ല. മൈക്കിൾ അപ്പനായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം ബോക്സ് ഓഫീസിലും തിളങ്ങി. ഏതാണ്ട് 115 കോടി രൂപയാണ് ഭീഷ്മപർവ്വം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ മുതല്‍ സിനിമാപ്രേമികളില്‍ വലിയ കൗതുകം സൃഷ്ടിച്ചിരുന്ന ചിത്രമായിരുന്നു റോഷാക്ക്. ഇതുവരെ കാണാത്ത ​ഗെറ്റപ്പിൽ മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ ബോക്സ് ഓഫീസും കൂടെ പോന്നു. . ആദ്യ വാരാന്ത്യത്തില്‍ നിറയെ ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ ആഘോഷിച്ച ചിത്രം ഓപണിംഗ് കളക്ഷനിലും വലിയ മുന്നേറ്റം നടത്തി. ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം നേടിയത് 9.75 കോടിയാണ്.  

malayalam film  actor mammootty birthday nrn

മലയാള സിനിമയിലെ യുവ സംവിധായകരിൽ അഗ്രഗണ്യനായ ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിച്ച ചിത്രമായിരുന്നു നൻപകൽ നേരത്ത് മയക്കം. എൽജെപിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തെ കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷകൾ ഏറെയായിരുന്നു. ആ പ്രതീക്ഷകൾ വെറുതെ ആയില്ല. പ്രേക്ഷക- നിരൂപക പ്രശംസകൾക്കൊപ്പം ബോക്സ് ഓഫീസിലും ഭേദപ്പെട്ട് പ്രതികരണങ്ങൾ നേടി. 2023ൽ കേരളത്തില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച റിലീസ്‍ദിന കളക്ഷന്‍ നേടിയ കൂട്ടത്തിൽ മമ്മൂട്ടിയും ഉണ്ട്. ക്രിസ്റ്റഫര്‍- 1.7 കോടി, നന്‍പകല്‍ നേരത്ത് മയക്കം- 1.02 കോടി. 

മമ്മൂട്ടിയുടേതായി ഒരുപിടി മികച്ച കൂട്ടുകെട്ട് ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. അതിൽ പലതും വരും വർങ്ങളിലാകാം റിലീസ് ചെയ്യുക. എന്നാലും പ്രേക്ഷകരും ആരാധകരും ഒന്നടങ്കം കാത്തിരിക്കുന്ന ഈ ചിത്രങ്ങളും മികച്ച പ്രകടനങ്ങൾ കാഴ്ചയ്ക്കുമെന്നാണ് കരുതപ്പെടുന്നത്., ബസൂക്ക, കാതൽ, ഭ്രമയു​ഗം, കണ്ണൂർ സ്ക്വാഡ് തുടങ്ങിയവ ഉദാഹരണങ്ങൾ. 

malayalam film  actor mammootty birthday nrn

അൻപത്തി രണ്ട് വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയ്ക്ക് ലഭിച്ച 'മമ്മൂക്ക'യുടെ പിറന്നാൾ ആഘോഷമാക്കുകയാണ് സ‌ഹപ്രവർത്തകരും മലാളികളും. ഈ മഹാനടൻ ഇനിയും ആഘോഷിക്കട്ടെ ഒരുപാട് ജന്മദിനങ്ങൾ എന്നാണ് മലയാളിയുടെ ആഗ്രഹവും പ്രാർത്ഥനയും. കാത്തിരിക്കാം, ഇനിയുമേറെ അത്ഭുതപ്പെടുത്താനിരിക്കുന്ന മമ്മൂട്ടിയിലെ നടന് വേണ്ടി.

കുഞ്ഞതിഥിയെ കാത്ത് സ്വര ഭാസ്കര്‍; നിറവയറിൽ സുന്ദരിയായി താരം, ചിത്രം വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios