കഷ്ടപ്പെട്ട് സ്വപ്ന വീട് ഉണ്ടാക്കിയ പ്രവാസി, കറണ്ട് ശരിയാക്കണേ 10,000 ചോദിച്ച് ഓവർസിയർ; കെണിയൊരുക്കി അറസ്റ്റ്

കോട്ടയം ജില്ലയിലെ കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ഓവർസീയറായ എം കെ രാജേന്ദ്രനെ ആണ് 10,000 രൂപ കൈക്കൂലി വാങ്ങവേ ഇന്നലെ വിജിലൻസ് പിടികൂടിയത്

kseb overseer arrested for taking bribe from expat

കോട്ടയം: പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കെഎസ്ഇബി ഓവർസിയർ വിജിലൻസ് പിടിയിൽ. കോട്ടയം ജില്ലയിലെ കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ഓവർസീയറായ എം കെ രാജേന്ദ്രനെ ആണ് 10,000 രൂപ കൈക്കൂലി വാങ്ങവേ ഇന്നലെ വിജിലൻസ് പിടികൂടിയത്. പ്രവാസിയും കോട്ടയം ജില്ലയിലെ കുറവിലങ്ങാട് സ്വദേശിയുമാണ് പരാതിക്കാരൻ. പുതുതായി പണികഴിപ്പിച്ച വീടിന്റെ താത്കാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷൻ ആക്കുന്നതിന് പരാതിക്കാരൻ രണ്ടാഴ്ച മുമ്പ് കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.

തുടർന്ന് പരാതിക്കാരൻ ഓഫീസിൽ ചെന്ന് ഓവർസീയറെ കണ്ടപ്പോൾ വൈദ്യുതി കണക്ഷൻ ശരിയാക്കുന്നതിന് കൈക്കൂലി നൽകണമെന്ന് പറയുകയായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച പരാതിക്കാരൻ ഓഫീസിലെത്തിയപ്പോൾ ഓവർസിയറായ എം കെ രാജേന്ദ്രൻ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം വിജിലൻസ് കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ടിനെ അറിയിച്ചതോടെ അദ്ദേഹത്തിന്റെ നിർദേശപ്രകാരം വിജിലൻസ് സംഘം കെണിയൊരുക്കി.

ഓവർസീയറായ എം കെ രാജേന്ദ്രൻ പരാതിക്കാരന്റെ വീട് പരിശോധിക്കുന്ന സമയം പരാതിക്കാരനിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങവെ ഇന്നലെ ഉച്ചക്ക് ഒന്നരയ്ക്ക് കയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios