'നന്നായി ഇച്ചാക്ക'; സിനിമ മതി, പ്രതിഫലം വേണ്ടെന്ന് മമ്മൂട്ടി, കെട്ടിപ്പിടിച്ച് സുൽഫത്ത്, കഥ പറഞ്ഞ് മുകേഷ്
മമ്മൂട്ടിയുടെ വീട്ടിൽ എത്തിയാണ് താനും ശ്രീനിവാസനും കൂടി കഥ പറഞ്ഞതെന്ന് മുകേഷ് പറയുന്നു.
അൻപതോളം വർഷം നീണ്ടു നിൽക്കുന്ന തന്റെ അഭിനയ ജീവിതത്തിൽ മമ്മൂട്ടി ഒട്ടനവധി വേഷങ്ങൾ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട്. മുഴുനീളെ കഥാപാത്രമല്ലാതെ കാമിയോ റോളിൽ എത്തി മമ്മൂട്ടി കസറിയ സിനിമകളും ഒരുപാടുണ്ട്. അക്കൂട്ടത്തിലെ പ്രധാന ചിത്രമാണ് 'കഥ പറയുമ്പോൾ'. ശ്രീനിവാസന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ സൂപ്പർ സ്റ്റാർ അശോക് രാജും ബാർബർ ബാലനും തമ്മിലുള്ള ആത്മബന്ധ കഥ ഓരോ സൗഹൃദത്തെയും ഈറനണിയിച്ചിരുന്നു. റിലീസ് ചെയ്ത് കാലങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിൽ അഭിനയിക്കാൻ മമ്മൂട്ടിയെ ക്ഷണിച്ചതിനെ കുറിച്ച് പറയുകയാണ് നിർമാതാവ് കൂടിയായ നടൻ മുകേഷ്.
മമ്മൂട്ടിയുടെ വീട്ടിൽ എത്തിയാണ് താനും ശ്രീനിവാസനും കൂടി കഥ പറഞ്ഞതെന്ന് മുകേഷ് പറയുന്നു. എന്നാൽ കഥ കേൾക്കാൻ കൂട്ടാക്കാത്ത മമ്മൂട്ടി, തങ്ങളെ വിശ്വാസമാണെന്നും സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്ന് പറഞ്ഞുവെന്നും മുകേഷ് പറഞ്ഞു. 'മുകേഷ് സ്പീക്കിങ്ങി'ൽ ആയിരുന്നു നടന്റെ വെളിപ്പെടുത്തൽ.
'ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റ്, ഇങ്ങനെ പറയുന്ന മനുഷ്യനെ കേൾക്കില്ലെന്ന് വിദ്യാർത്ഥികൾ തീരുമാനിച്ചു'
മുകേഷ് പറഞ്ഞ കഥ ഇങ്ങനെ
ഞാനും ശ്രീനിവാസനും വളരെ നാളുകളായിട്ടുള്ള ആത്മബന്ധം ആണ്. ഒരിക്കൽ ഞാൻ അദ്ദേഹത്തോട് നമുക്കൊരു സിനിമ നിർമിക്കണമെന്ന് പറഞ്ഞു. നിങ്ങള്‍ സിനിമ എഴുതുകയും അഭിനയിക്കയും വേണം. ഞാനും അഭിനയിക്കണം. കയ്യിലിരിക്കുന്ന കാശ് കൊണ്ട് കളയാൻ ഭയങ്കര ആഗ്രഹമാണല്ലേ എന്നാണ് ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞത്. ഒരു വിവാഹ വേളയിൽ ആണ് കഥപറയുമ്പോൾ സിനിമയെ കുറിച്ച് അറിയുന്നത്. ശ്രീനിവാസന്‍ എഴുതിയ കഥ, സംവിധാനം ശ്രീനിവാസന്‍റെ അളിയൻ മോഹന്‍. കേന്ദ്ര കഥാപാത്രമായ ബാര്‍ബര്‍ ബാലനെ അവതരിപ്പിക്കുന്നത് ശ്രീനിവാസന്‍ തന്നെയാണ്. കാമിയോ റോൾ ചെയ്യാൻ വേണ്ടിയാണ് മമ്മൂട്ടിയെ കാണാൻ പോകുന്നത്. മമ്മൂക്കയുടെ വീട്ടിൽ വച്ചാണ് കൂടിക്കാഴ്ച. ഞങ്ങൾ വരുന്ന കാര്യം സുൽഫത്തിനോടും അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങളായത് കൊണ്ട് അവരും അവിടെ നിന്നു. കഥ പറയണ്ട എനിക്ക് വിശ്വാസമാണ് എന്ന് മമ്മൂക്ക പറഞ്ഞു. അതുമല്ല പല സന്ദർഭങ്ങളിലും ശ്രീനി എന്നോട് കഥ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. ഡേറ്റ് അദ്ദേഹം പറഞ്ഞപ്പോൾ, അതിന് മുൻപ് പ്രതിഫലത്തെ കുറിച്ചാണ് ഞങ്ങൾ ചോദിച്ചത്. എത്ര ആണെലും പറയാൻ പറഞ്ഞു. ഇതിങ്ങനെ പറഞ്ഞിരിക്കുമ്പോൾ മമ്മൂക്കയുടെ ഭാര്യ ഞങ്ങളെക്കാൾ ടെൻഷൻ ആയി നിൽക്കുകയാണ്. മമ്മൂക്ക എഴുന്നേറ്റ് ഞങ്ങളുടെ തോളിൽ കൈവച്ച് പറഞ്ഞു ഈ പടം ഞാൻ ഫ്രീയായി അഭിനയിക്കുന്നു. നിങ്ങളോട് കാശ് വാങ്ങിക്കാനോ. എന്റെ അഞ്ച് ദിവസം ഫ്രീ ആണ് എന്ന്. ഞങ്ങളെ രണ്ടുപേരെയും അത്ഭുതപ്പെടുത്തി കൊണ്ട് സുൽഫത്ത് മമ്മൂക്കയുടെ ബാക്കിലൂടെ വന്ന് കെട്ടിപിടിച്ച് പറഞ്ഞു, 'ഇച്ചാക്ക നന്നായി'. കഥപറയുമ്പോൾ സിനിമയെക്കാൾ ഇമോഷണലായ ഫാമിലി മൊമന്റ് ആയിരുന്നു അത്. എല്ലാവരുടെയും കണ്ണ് നിറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..