ഇരച്ചെത്തി ഡെലിഗേറ്റുകൾ; 'സംഘർഷ ഘടന' കാണാൻ നീണ്ട ക്യൂ
കൃഷാന്ദ് സംവിധാനം ചെയ്‍ത ചിത്രം
ഐഎഫ്എഫ്‍കെയില്‍ തിയറ്ററുകള്‍ക്ക് മുന്‍പിലുള്ള ക്യൂ നിത്യ സംഭവമാണ്. എന്നാലും ചില ചിത്രങ്ങളോട് ഡെലിഗേറ്റുകള്‍ക്കുള്ള താല്‍പര്യക്കൂടുതല്‍ വേറിട്ട് കാണാനാവും. ഞായറാഴ്ച തിയറ്ററിന് മുന്നില്‍ ഏറ്റവും വലിയ ക്യൂ രൂപപ്പെടുത്തിയ ചിത്രങ്ങളിലൊന്ന് കൃഷാന്ദ് സംവിധാനം ചെയ്ത സംഘര്‍ഷ ഘടന ആണ്.
അജന്ത തിയറ്ററില്‍ ഇന്ന് വൈകിട്ട് ആറ് മണിക്കായിരുന്നു ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം. ഫെസ്റ്റിവലില്‍ ഏറ്റവും സീറ്റിംഗ് കപ്പാസിറ്റിയുള്ള തിയറ്ററുകളിലൊന്നായ അജന്തയില്‍ ചിത്രം കാണാന്‍ മണിക്കൂറിന് മുന്‍പേ നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. പ്രദര്‍ശനസമയം അടുത്തതോടെ തിയറ്ററിന് മുന്നിലെ റോഡിലൂടെ ഏറെ ദൂരം നീണ്ടുപോയി ക്യൂ. അണ്‍റിസര്‍വ്ഡ് ക്യൂവില്‍ നിന്ന വലിയൊരു വിഭാഗത്തിനും പ്രവേശനം ലഭിക്കാതെ തിരികെ പോരേണ്ടിവന്നു. ഫെസ്റ്റിവലില്‍ ഇനി രണ്ട് പ്രദര്‍ശനങ്ങള്‍ കൂടി ഈ ചിത്രത്തിന് ഉണ്ട്.
വൃത്താകൃതിയിലുള്ള ചതുരം, ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള സംവിധായകനാണ് കൃഷാന്ദ്. തികച്ചും വേറിട്ട കഥയും ആഖ്യാനവുമാണ് ഈ സംവിധായകന്‍റെ ചിത്രത്തില്‍ ഉണ്ടാവാറ്. ഈ ചിത്രവും അതില്‍ നിന്ന് വിഭിന്നമല്ല. അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചൈനീസ് ജനറലായ സുങ് ത്സുവിന്റെ 'ആർട്ട് ഓഫ് വാർ' എന്ന പുസ്‍തകത്തെ ആസ്പദമാക്കിയാണ് കൃഷാന്ദ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
'ആർട് ഓഫ് വാർ' മലയാളീകരിച്ചതാണ് സംഘര്‍ഷ ഘടനയെന്നും അതുകൊണ്ടാണ് സിനിമയ്ക്കും ആ പേര് സ്വീകരിച്ചതെന്നും കൃഷാന്ദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിഷ്‍ണു അഗസ്‍ത്യനും സനൂപ് പടവീടനുമാണ് സിനിമയില്‍ നായക വേഷങ്ങളില്‍ എത്തുന്നത്. രാഹുല്‍ രാജഗോപാല്‍, ഷിൻസ് ഷാം, കൃഷ്‍ണൻ, മഹി, മേഘ, മൃദുല മുരളി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളായി ഉണ്ട്.
ALSO READ : ഫോട്ടോഗ്രാഫുകളിലൂടെ ചരിത്രം തിരയുമ്പോള്‍; 'ആന്‍ ഓസിലേറ്റിംഗ് ഷാഡോ' റിവ്യൂ