യുദ്ധവെറിയുടെ കാലത്ത് ചോദ്യങ്ങളുയര്‍ത്തി കൃഷാന്ദ് ആര്‍ കെയുടെ 'സംഘര്‍ഷ ഘടന'- അഭിമുഖം
ഐഎഫ്എഫ്‍കെയില്‍ പ്രദര്‍ശിപ്പിക്കുന്ന സംഘര്‍ഷ ഘടന കൃഷാന്ദുമായി അഭിമുഖം.
സിനിമാക്കാഴ്ചയിലെ വേറിട്ട ശൈലികള്‍ പിന്തുടര്‍ന്നവര്‍ക്ക് സംവിധായകൻ കൃഷാന്ദ് അപരിചിതനല്ല. സമീപകാലത്ത് മലയാളികള്‍ക്ക് ഒടിടിയിലൂടെയും ഐഎഫ്എഫ്‍കെയടക്കമുള്ള ചലച്ചിത്രോത്സവങ്ങളിലൂടെയും അടുത്തറിയാം കൃഷാന്ദിനെ. കഥാ ഭൂമികയുടെ പരിസരമറിഞ്ഞ് പരീക്ഷണാത്മകമായി സിനിമയെ സമീപിക്കുന്നതാണ് കൃഷാന്ദ് ആര്‍ കെയുടെ രീതി. വൃത്താകൃതിയിലുള്ള ചതുരവും ആവാസവ്യൂഹവും മത്സര വിഭാഗത്തിലാണ് ഐഎഫ്എഫ്‍കെയില്‍ പ്രദര്‍ശിപ്പിച്ചത്. ദേശീയ- സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും കൃഷാന്ദിനെ തേടിയെത്തി. വീണ്ടും ഒരു വേറിട്ട സിനിമയുമായി സംവിധായകൻ കൃഷാന്ദ് ആര്‍ കെ ഐഎഫ്എഫ്‍കെ വേദിയില്‍ എത്തിയിരിക്കുകയാണ്. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തില്‍ 'സംഘര്‍ഷ ഘടന'യാണ് കൃഷാന്ദിന്റേതായി പ്രദര്‍ശിപ്പിക്കുന്നത്. യുദ്ധത്തിന്റെ നിരർത്ഥകതയാണ് സിനിമ പ്രതിപാദിക്കുന്നത്. സംവിധായകൻ കൃഷാന്ദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുന്നു.
'ആർട്ട് ഓഫ് വാർ' സിനിമയാകുമ്പോള്‍
അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചൈനീസ് ജനറലായ സുങ് ത്സുവിന്റെ 'ആർട്ട് ഓഫ് വാർ' എന്ന പുസ്‍തകമാണ് സംഘര്‍ഷ ഘടനയെന്ന സിനിമക്ക് ആധാരം. യുദ്ധ തന്ത്രങ്ങളെ കുറിച്ചൊക്കെ പറയുന്ന പുസ്‍തകമാണത്. അതിനെ അവലംബിച്ചാണ് സിനിമ എടുത്തിരിക്കുന്നത്. 'ആർട് ഓഫ് വാർ' മലയാളീകരിച്ചതാണ് സംഘര്‍ഷ ഘടന. അതുകൊണ്ടാണ് സിനിമയ്ക്കും ആ പേര് സ്വീകരിച്ചത്.
ഒരു വാര്‍ ഫിലിം
സിനിമയ്ക്കായി സ്വീകരിച്ചിരിക്കുന്നത് വേറിട്ട ക്രാഫ്റ്റാണ്. ഡോക്യുമെന്റേഷൻ രീതി ഇതിലും അവലംബിച്ചിട്ടുണ്ട്. കൂടുതല്‍ വിശദമാക്കുന്നത് സ്‍പോയിലര്‍ ആകും. ഒരു വാര്‍ ഫിലിം എന്നൊക്കെ പറയാവുന്ന ചിത്രമാണ് സംഘര്‍ഷ ഘടന.
അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും
വിഷ്‍ണു അഗസ്‍ത്യനും സനൂപ് പടവീടനുമാണ് സിനിമയില്‍ നായകരായിട്ടുള്ളത്. ആവാസവ്യൂഹത്തിലെ നായകനായ രാഹുല്‍ രാജഗോപാല്‍. ഷിൻസ് ഷാം, കൃഷ്‍ണൻ, മഹി, മേഘ, മൃദുല മുരളി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളായി ഉണ്ട്. വിഷ്‍ണു അഗസ്‍ത്യയെ നേരിട്ട് തന്നെയാണ് ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്. കുറച്ചുപേരെ ഓഡിഷൻ വഴിയായിരുന്നു തെരഞ്ഞെടുത്തത്. അഭിനേതാക്കള്‍ക്കായി പ്രത്യേക വര്‍ക്‍ഷോപ്പും നടത്തിയിട്ടുണ്ട്. കുറച്ച് ദീര്‍ഘമായ സംഭാഷണ രംഗങ്ങളൊക്കെ സിനിമയിലുണ്ട്. അതൊക്കെ നമ്മള്‍ റിഹേഴ്‍സല്‍ ചെയ്‍ത് തേച്ചുമിനുക്കി ഇംപ്രവൈസേഷൻ ചെയ്‍താണ് സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സിങ്ക് സൗണ്ടും ചെറിയൊരു ഭാഗത്തുണ്ട്. പ്രകമ്പനം സ്റ്റുഡിയോയുടെ പ്രശാന്ത് മേനോനാണ് ഓഡിയോ ചെയ്‍തിരിക്കുന്നത്. സിനിമാറ്റോഗ്രാഫി പ്രയാഗ് മുകുന്ദനാണ് ചെയ്‍തിരിക്കുന്ന. കന്നഡയില്‍ തുരുത്തു നിര്‍ഗമന എന്ന സിനിമ ചെയ്‍ത ആളാണ് പ്രയാഗ് മുകുന്ദൻ.
സിനിമയും പ്രകൃതിയും
ആവാസവ്യൂഹം എന്ന സിനിമയുടെ ആശയത്തില്‍ തന്നെ പ്രകൃതി ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. പുരുഷപ്രേതം കൊച്ചിയിലായിരുന്നു പ്രധാനമായും ചിത്രീകരിച്ചത്. എത്‍നോഗ്രാഫി (Ethnography), ജോഗ്രഫി ഒക്കെ പറഞ്ഞില്ലെങ്കില്‍ കഥയ്‍ക്ക് പൂര്‍ണത കിട്ടില്ല എന്നതുകൊണ്ട് അവ കഥ പറയുമ്പോള്‍ സിനിമയില്‍ ചേര്‍ക്കാൻ നോക്കും. താല്‍പര്യത്തേക്കാള്‍ കൂടുതല്‍ കഥയുടെ ഭൂമിക സ്ഥാപിച്ചാല്‍ എളുപ്പമാകും എന്നതിനാലാണ് അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നത്. പുരുഷപ്രേതം ആണെങ്കില്‍ വിശ്വസനീയത ഉണ്ടെങ്കിലും മറ്റൊരു തരത്തില്‍ അങ്ങനെയില്ലാത്തെ സ്‍പേസിലാണ് നില്‍ക്കുന്നത്. എന്നാല്‍ വിശ്വസനീയത ഉണ്ടാകുന്നത് ആ ഭൂമികയുടെ വിശദാംശങ്ങളും കലാപരമായി ചേരുന്നതുതുകൊണ്ടാണ്. അങ്ങനെയാണ് പരിസരവും സിനിമയില്‍ പ്രതിഫലിക്കുന്നത്.
എന്നെ കണ്ടെത്തിയത് ഐഎഫ്എഫ്‍കെ
ഐഎഫ്‍എഫ്‍കെ ലോക സിനിമയിലേക്കുള്ള വാതിലാണ്. പേരു പോലും കേള്‍ക്കാത്ത സിനിമകള്‍ പണ്ട് വന്ന് കണ്ടത് പ്രചോദനമായിട്ടുണ്ട്. ഡെലിഗേറ്റ് ആയി വന്ന് കണ്ട സിനിമകള്‍ ഒരുപാടെണ്ണമുണ്ട്. സിനിമാക്കാരൻ എന്ന നിലയില്‍ എന്നെ കണ്ടെത്തിയത് ഐഫ്എഫ്‍കെയും ടി വി ചന്ദ്രൻ സാറും സുദേവൻ സാറുമൊക്കെയുള്ള ജൂറിയുമാണ്. വൃത്താകൃതിയിലുള്ള ചതുരം അവർ മത്സരവിഭാഗത്തിലേക്ക് എടുത്തത്. വൃത്താകൃതിയുള്ള ചതുരം പോലെ ഒരു സിനിമ ഐഎഫ്എഫ്‍കെയില്‍ എടുത്തത് ഒരു സംഭവമാണ്. ആ സിനിമയ്‍ക്ക് ജീവിതമുണ്ടായതും അങ്ങനെയായിരുന്നു. നമ്മുടെ ചിന്തയിലുള്ള സിനിമ കാണാൻ ആള്‍ക്കാരുണ്ടാകുമെന്ന് കരുതിയാണ് ആവാസവ്യൂഹം ചെയ്‍തത്. അതും ഐഎഫ്‍എഫ്‍കെയില്‍ മത്സര വിഭാഗത്തിലായിരുന്നു. വലിയ ഊര്‍ജ്ജമായിരുന്നു എനിക്ക് ഐഎഫ്എഫ്‍കെ. അല്ലെങ്കില്‍ ആവാസ വ്യൂഹം ഞാൻ ചെയ്യില്ലായിരുന്നു. ഐഎഫ്എഫ്‍കെ എന്റെ ചിന്തയില്‍ ഒരു സംഭവം ചെയ്യാൻ ആത്മവിശ്വാസം പകര്‍ന്ന ഒന്നാണ്.
സിനിമയിലേക്ക് എങ്ങനെ?
സിനിമ കുട്ടിക്കാലത്തേ ഒരു പാഷനായിരുന്നു. പക്ഷേ നമുക്ക് അതിലേക്ക് എത്താനാകുമെന്ന് കരുതിയില്ല. പ്ലസ് ടുവിന് പഠിക്കുമ്പോഴേ ഷോര്‍ട് ഫിലിം ഹാൻഡിക്യാമില്‍ ചെയ്‍തിട്ടുണ്ട്. ധീരജ് എന്ന സുഹൃത്തിന്റെ അച്ഛനാണ് ഹാൻഡി ക്യാം തന്നത്.
പിന്നീട് ബിടെക് ബയോടെക് ആൻഡ് ബയോകെമിക്കല്‍ ആയിരുന്നു.ഐഐടി ബോംബയില്‍ മാസ്റ്റര്‍ ഓഫ് ഡിസൈൻ കഴിഞ്ഞു. അവിടെ കോഴ്‍സില്‍ സ്റ്റൈപ്പൻഡ് കിട്ടും. ഫിലിം സ്‍കൂളില്‍ പൈസ നല്‍കണം. മാസ്റ്റര്‍ ഓഫ് ഡിസൈനില്‍ വരുന്ന ഒരു സബ്‍ജകറ്റ് വീഡിയോ കമ്മ്യൂണിക്കേഷൻ ആൻഡ് സിനിമ എന്നാണ്. സ്വദേശ് ബാല്‍ എന്ന ഫാക്കല്‍ടി ഉണ്ടായിരുന്നു. അദ്ദേഹം അക്കാലത്ത സിനിമ ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ റിസേര്‍ച്ച് അസോസിയേറ്റായി പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ കീഴില്‍ ടീച്ചര്‍ അസിസ്റ്റന്റുമായിരുന്നു. എന്റെ സാധ്യതകള്‍ കണ്ടെത്തിയത് അക്കാലത്താണ്. നിലവില്‍ ഐഐടിയില്‍ വിസിറ്റിംഗ് ഫാക്കല്‍ട്ടിയാണ്. പണ്ട് സോഫ്റ്റ്‍വെയര്‍, നെറ്റ്‍വര്‍ക്ക് എഞ്ചിനീയറായിരുന്നു.
സ്‍ട്രീമിംഗിന് തയ്യാറായി സംഭവവിവരണം നാലര സംഘം
സംഭവവിവരണം നാലര സംഘം എന്ന സീരീസാണ് ഇനിയെത്താനുള്ളത്. സോണിലിവിലാണ് സീരീസിന്റെ സ്‍ട്രീമിംഗ് നടക്കുക. സഞ്ജു ശിവറാം, നിരഞ്‍ജൻ മണിയൻപിള്ള രാജു എന്നിവര്‍ പ്രധാന വേഷത്തില്‍ ഉണ്ടാകും. പ്രശാന്ത് അലക്സാണ്ടര്‍, ഇന്ദ്രൻസ്, ശാന്തി ബാലചന്ദ്രൻ, അനൂപ് മോഹൻദാസ്, വിഷ്‍ണു അഗസ്‍ത്യ, ഹക്കിം ഷാജഹാൻ എന്നിവരുമുണ്ടാകും.
Read More: ഐഎഫ്എഫ്‍കെയില്‍ ഫെമിനിച്ചി ഫാത്തിമ, 67 ചിത്രങ്ങള്‍ ഇന്ന് www.asianetnews.com/entertainment-news/iffk-2024-third-day-film-lists-hrk-soijz8
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക