റംസാൻ പോടീയെന്ന് വിളിച്ചു, ഗെറ്റ് ഔട്ട് അടിച്ച് പ്രതികരിച്ച് സന്ധ്യാ മനോജ്, പ്രതിഷേധിച്ച് മണിക്കുട്ടൻ
മണിക്കുട്ടനും റംസാനും ഫിറോസും സന്ധ്യാ മനോജും തമ്മില്‍ രൂക്ഷമായ വാക്കേറ്റം.
ബിഗ് ബോസില്‍ വസ്‍ത്രം അലക്കുന്ന ടാസ്‍കാണ് ഇപോള്‍ നടക്കുന്നത്. രണ്ട് ടീമായി തിരിഞ്ഞും ഓരോ ടീമില്‍ നിന്ന് ഓരോരുത്തര്‍ ക്വാളിറ്റി ചെക്ക് ഇൻസ്‍പെക്ടര്‍മാരായും ആണ് മത്സരാര്‍ഥികള്‍ ടാസ്‍കില്‍ പങ്കെടുക്കുന്നത്. ഏറ്റവും കൂടുതല്‍ വസ്‍ത്രങ്ങള്‍ വൃത്തിയായി അലക്കുന്നവര്‍ ടാസ്‍കില്‍ വിജയിക്കുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ഇന്ന് ക്വാളിറ്റി ചെക്ക് ചെയ്യുന്ന സമയത്ത് ഇൻസ്‍പെക്ടര്‍ സന്ധ്യാ മനോജും മത്സരാര്‍ഥികളും രൂക്ഷമായി തര്‍ക്കം തന്നെയുണ്ടായി. കയ്യാങ്കളിയോളമെത്തുന്നതായിരുന്നു ഇന്നത്തെ തര്‍ക്കം. പോടീ എന്ന് വിളിച്ചുവെന്ന് പറഞ്ഞും സന്ധ്യാ മനോജ് എല്ലാ വസ്‍ത്രങ്ങളും റിജക്റ്റ് ചെയ്യുന്നതായും വ്യക്തമാക്കി.
വസ്‍ത്രങ്ങള്‍ അലക്കി തേച്ചത് ശരിയാണോ എന്ന് പരിശോധിക്കാനുള്ള ദിവസമായിരുന്നു ഇന്ന്. കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ വളരെ വാശിയോടെ മത്സരാര്‍ഥികള്‍ വസ്‍ത്രം അലക്കുകയും തേക്കുകയും ചെയ്യുകയായിരുന്നു. രണ്ട് ടീമുകളായി തിരിഞ്ഞായിരുന്നു മത്സരം. ഓരോ ടീമില്‍ നിന്ന് ക്വാളിറ്റി ചെക്കര്‍മാരായി സന്ധ്യാ മനോജും നോബിയുമായിരുന്നു. സന്ധ്യാ മനോജും നോബിയും വസ്‍ത്രങ്ങള്‍ പരിശോധിക്കുകയും ചെയ്‍തു. സന്ധ്യാ മനോജ് വസ്‍ത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി.
വെള്ളം ഉണങ്ങാതെ തേക്കുമ്പോള്‍ മെറ്റീരിയലിന് കോട്ടം ഉണ്ടാകുമെന്ന് ക്വാളിറ്റി ചെക്ക് ചെയ്യുന്നതിനിടയില്‍ ഒരു വസ്‍ത്രം കാട്ടി സന്ധ്യാ മനോജ് പറഞ്ഞു. എന്നാല്‍ വസ്‍ത്രത്തിന് ഉണ്ടായ കോട്ടം മുമ്പ് ഇട്ടവര്‍ തേച്ചപ്പോള്‍ സംഭവിച്ചതാകും എന്ന് മണിക്കുട്ടൻ മറുപടി നല്‍കി. ഒരു നൂല് ഒരു വസ്‍ത്രത്തില്‍ പൊന്തിനില്‍ക്കുന്നത് ചൂണ്ടിക്കാട്ടി ഇത് എടുത്ത് കളയാൻ പാടില്ലേയെന്ന് സന്ധ്യാ മനോജ് ചോദിച്ചു. എന്നാല്‍ വസ്‍ത്രം കീറിപ്പോകുമെന്നായിരുന്നു ഫിറോസും മണിക്കുട്ടനും റംസാനും മറുപടി പറഞ്ഞത്. നിങ്ങളുടെ ലോണ്‍ട്രി കമ്പനിയുടെ പേര് എന്തെന്ന് സന്ധ്യാ മനോജ് ചോദിച്ചപ്പോള്‍ ബിഗ് ബോസ് എന്നായിരുന്നു മറുപടി. എന്നാല്‍ ഒരു വസ്‍ത്രത്തില്‍ ബിഗ് ലോണ്‍ട്രി എന്ന് മാത്രം എഴുതിയിരിക്കുന്നത് സന്ധ്യാ മനോജ് ചൂണ്ടിക്കാട്ടി. മറ്റൊരാള്‍ എല്‍പ്പിച്ച വസ്‍ത്രം ചെക്ക് ചെയ്യാൻ പറ്റില്ല എന്നും സന്ധ്യാ മനോജ് പറഞ്ഞു. തര്‍ക്കിക്കുന്നതിനിടയില്‍ താൻ പോടോ എന്നു സന്ധ്യാ മനോജ് പറഞ്ഞു. എന്നാല്‍ പോടീ എന്നായിരുന്നു റംസാൻ തിരിച്ചുപറഞ്ഞത്. ഇതുകേട്ട് ക്ഷോഭിച്ച് സന്ധ്യാ മനോജ് എല്ലാ വസ്‍ത്രങ്ങളും റിജക്റ്റ് ചെയ്യുകയാണെന്ന് വ്യക്തമാക്കി. ഞങ്ങള്‍ തൊഴിലാളികളാണ്, കഷ്‍ടപ്പാടുകള്‍ മനസിലാക്കണം എന്ന് മണിക്കുട്ടൻ പറഞ്ഞു.
അതിനിടയില്‍ ശബ്‍ദമുയര്‍ത്തി സംസാരിച്ച ഫിറോസിനോട് പതുക്കെ സംസാരിക്കാൻ സന്ധ്യാ മനോജ് ആവശ്യപ്പെട്ടു. ഒച്ചത്തിലേ തനിക്ക് സംസാരിക്കാനാകൂവെന്ന് ഫിറോസ് പറഞ്ഞു. രൂക്ഷമായ വാക് തര്‍ക്കം എത്തിയപ്പോള്‍ എല്ലാവരോടും ഇറങ്ങിപ്പോകാനും സന്ധ്യാ മനോജ് ആവശ്യപ്പെട്ടു.
മത്സരം മുന്നോട്ടുപോകാൻ എന്തുചെയ്യണം എന്ന് ആരാഞ്ഞ് ക്യാപ്റ്റൻ സായ് വിഷ്‍ണു സംസാരിക്കുന്നതും കാണാമായിരുന്നു.