ഇത് വെറും വീക്കിലി ടാസ്‍ക് അല്ല, മാരത്തോണ്‍ ടാസ്‍ക്; വെളിപ്പെടുത്തി മോഹന്‍ലാല്‍
മാണിക്യക്കല്ല് എന്ന ടാസ്ക് ആണ് ഇതില്‍ ആദ്യം
ബിഗ് ബോസില്‍ എപ്പോഴും ആവേശം സൃഷ്ടിക്കാറുള്ള ഒന്നാണ് വീക്കിലി ടാസ്കുകള്‍. ക്യാപ്റ്റന്‍സി, ജയില്‍ നോമിനേഷനുകളെയൊക്കെ നേരിട്ട് സ്വാധീനിക്കുന്നതായതിനാല്‍ തന്നെ വീക്കിലി ടാസ്കിനെ മത്സരാര്‍ഥികള്‍ വലിയ പ്രാധാന്യത്തോടെയാണ് സമീപിക്കാറും. ഇത്തവണത്തെ വീക്കിലി ടാസ്കിന് ബിഗ് ബോസ് ഇന്ന് ആരംഭം കുറിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാത്തവണത്തെയും പോലെയല്ല ഇത്തവണത്തെ ടാസ്ക് എന്ന് ബിഗ് ബോസ് ഒരു സൂചന നല്‍കുക മാത്രം ചെയ്തിരുന്നു. ഇപ്പോഴിതാ ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയില്‍ ഇത് കേവലം വീക്കിലി ടാസ്ക് അല്ലെന്നും മറിച്ച് ഒരു മാരത്തോണ്‍ ടാസ്ക് ആണെന്നും പറയുകയാണ് മോഹന്‍ലാല്‍.
"ബിഗ് ബോസ് വീട്ടില്‍ ഇതാദ്യമായി മാരത്തോണ്‍ ടാസ്ക്. മത്സരാര്‍ഥികളുടെ മാനസികവും ശാരീരികവുമായ ശക്തി പരീക്ഷിക്കുന്നതും കലാമികവ് വെളിപ്പെടുത്തുന്നതുമായ ഒന്നിനൊന്ന് മികച്ച ടാസ്കുകള്‍. വിജയികളെ കാത്തിരിക്കുന്നതോ, അവരുടെ മുന്നോട്ടുള്ള യാത്രയെ സഹായിക്കുന്ന അംഗീകാരങ്ങളും", മോഹന്‍ലാല്‍ പറയുന്നു.
മാണിക്യക്കല്ല് എന്ന് പേരിട്ടിരിക്കുന്ന വീക്കിലി ടാസ്ക് ആണ് ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് മുന്നില്‍ ഇന്ന് അവതരിപ്പിച്ചത്. ഗാര്‍ഡന്‍ ഏരിയയില്‍ വച്ചിരിക്കുന്ന ഒരു കല്ല് മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ച് ഉപായത്തിലൂടെ സ്വന്തമാക്കേണ്ട വ്യക്തിഗത ഗെയിം ആണിത്. ബലപ്രയോഗത്തിലൂടെയല്ല കല്ല് സ്വന്തമാക്കേണ്ടതെന്ന് ബിഗ് ബോസ് എടുത്ത് പറഞ്ഞിരുന്നു. മൂന്ന് ദിവസത്തിനു ശേഷം ഫൈനല്‍ ബസര്‍ അടിക്കുമ്പോള്‍ ആരുടെ പക്കലാണോ കല്ല് അവരാവും ഗെയിമിലെ അന്തിമ വിജയി എന്നും. എന്നാല്‍ ഇതിനു ശേഷം മറ്റ് നിര്‍ദേശങ്ങള്‍ നല്‍കാമെന്ന് ബിഗ് ബോസ് പറഞ്ഞിരുന്നുവെങ്കിലും അത് എന്താണെന്ന് പറഞ്ഞിരുന്നില്ല. അതാണ് മോഹന്‍ലാല്‍ സംസാരിക്കുന്ന പ്രൊമോയിലൂടെ ബിഗ് ബോസ് വെളിപ്പെടുത്തിയിരിക്കുന്നത്. മാണിക്യക്കല്ല് ടാസ്കിന്‍റെ തുടര്‍ച്ചയായി നിരവധി ടാസ്കുകളും ചേരുന്ന മാരത്തോണ്‍ ടാസ്കിനാണ് മത്സരാര്‍ഥികളും പ്രേക്ഷകരും സാക്ഷികളാവാന്‍ പോകുന്നത്.
ALSO READ : 'എന്ത് ചെയ്യുന്നു'? ഒമറിനോട് വിഷ്‍ണുവിന്‍റെ ചോദ്യം; സംവിധായകന്‍റെ മറുപടി