നവംബറിൽ അവർ ഒത്തുചേരും, മരക്കുരിശുകളോ റീത്തോ വയ്ക്കും, നിശബ്ദരായിരിക്കും; 'ബൈക്കേഴ്‌സ് റിമംബറൻസ് ഡേ'
അനുസ്മരണ പരിപാടികളിൽ പങ്കെടുക്കുന്നവർ മരക്കുരിശുകളോ റീത്തുകളോ പ്രധാന ലാൻഡ്‌മാർക്കുകളിൽ സ്ഥാപിക്കുകയും ഇരകളെ അനുസ്മരിച്ചുകൊണ്ട് നിശബ്ദമായി അല്പസമയം ചെലവഴിക്കുകയും ചെയ്യും.
റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ട മോട്ടോർ സൈക്കിൾ യാത്രികരെ ഓർക്കുന്നതിനായി എല്ലാ വർഷവും നവംബർ മാസത്തിൽ പല രാജ്യങ്ങളിലും നടക്കുന്ന ഒരു അനുസ്മരണ പരിപാടിയാണ് 'ബൈക്കേഴ്‌സ് ക്രാഷ് റിമംബറൻസ് ഡേ' അല്ലെങ്കിൽ 'ബൈക്കേഴ്‌സ് റിമംബറൻസ് ഡേ'.
പരേഡുകളും അനുസ്മരണസമ്മേളനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ ദിവസം, റോഡപകടങ്ങളിൽ മരിച്ചവരെ ഓർക്കാൻ പ്രിയപ്പെട്ടവർക്കും സഹ ബൈക്ക് യാത്രികർക്കും അവസരം നൽകുന്നു. അനുസ്മരണ പരിപാടികളിൽ പങ്കെടുക്കുന്നവർ മരക്കുരിശുകളോ റീത്തുകളോ പ്രധാന ലാൻഡ്‌മാർക്കുകളിൽ സ്ഥാപിക്കുകയും ഇരകളെ അനുസ്മരിച്ചുകൊണ്ട് നിശബ്ദമായി അല്പസമയം ചെലവഴിക്കുകയും ചെയ്യും.
അത്തരത്തിലുള്ള ഒരു അനുസ്മരണ പരിപാടി നവംബർ 10 -ന് ഗ്രേറ്റർ മാഞ്ചസ്റ്ററിൽ നടന്നു. അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരക്കണക്കിന് ബൈക്കർമാർ റോഡിലിറങ്ങി. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് റോഡ് സുരക്ഷയെക്കുറിച്ച് അവബോധം വളർത്തുക, ഉത്തരവാദിത്തമുള്ള റൈഡിംഗിൻ്റെ പ്രാധാന്യം വ്യക്തമാക്കുക, ട്രാഫിക് നിയമങ്ങൾ പാലിക്കൽ, ലോകമെമ്പാടുമുള്ള ജനസമൂഹങ്ങൾക്കിടയിൽ മോട്ടോർ സൈക്കിൾ അപകടങ്ങളുടെ ആഘാതം ഊന്നിപ്പറയുക എന്നീ കാര്യങ്ങൾ ആയിരുന്നു പരിപാടിയുടെ ലക്ഷ്യം.
യു എൻ ആഗോളതലത്തിൽ ട്രാഫിക് ഇരകളെ ഓർമിപ്പിക്കുന്നതിനായി നടത്തുന്ന വേൾഡ് ഡേ ഓഫ് റിമംബറൻസ് ഫോർ റോഡ് വിക്ടിംസിൻ്റെ ഭാഗമായാണ് മാഞ്ചസ്റ്ററിൽ പരിപാടി സംഘടിപ്പിച്ചത്. എല്ലാവർഷവും നവംബർ മാസത്തിലാണ് യുഎൻ ആഗോളതലത്തിൽ ഇത്തരത്തിൽ ഒരു ദിനം ആചരിക്കുന്നത്. ഈ ദിനം റോഡ് അപകടത്തിൽപ്പെട്ട എല്ലാവരെയും ഓർമ്മിക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾക്ക് ഊന്നൽ നൽകുന്നതിനും വേണ്ടിയുള്ളതാണ്.
ഇന്ത്യയിലും ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികൾ ഇപ്പോൾ നടന്നു വരുന്നുണ്ട്.
'വൈകിയാണ് പോകുന്നത്, നാളെ വൈകിയേ ഓഫീസിലെത്തൂ'; ജൂനിയറിന്റെ മെസ്സേജ് പങ്കുവച്ച് യുവതി, വിമർശനം