'എന്‍റെ ജീവിതം എങ്ങോട്ടാണ് പോകുന്നതെന്ന് മനസിലാവുന്നില്ല'; സൂര്യ സൃഷ്‍ടിച്ച പ്രതിസന്ധി പറഞ്ഞ് മണിക്കുട്ടന്‍
"50 ദിവസം ആയിട്ടേ ഉള്ളൂ. എനിക്ക് ഇപ്പോഴും പിടികിട്ടുന്നില്ല, പുറത്തേക്ക് പോകുമ്പോള്‍ എന്താവുമെന്ന്.. ബിഗ് ബോസ് ഷോയില്‍ 100 ദിവസം നിന്നാല്‍ എനിക്ക് വലിയൊരു സന്തോഷമായിരിക്കും. പക്ഷേ പണം, പേര്, പ്രശസ്തി ഇതിനേക്കാള്‍ ഞാന്‍ വിശ്വസിക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളുണ്ട്, ചില ജീവിത രീതികളുണ്ട്. വളരെ ചെറിയ ജീവിതമാണ് ഞാന്‍ എപ്പോഴും ആഗ്രഹിച്ച് മുന്നോട്ടുപോകുന്നത്.."
ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ പ്രേക്ഷകര്‍ക്ക് കൗതുകമുണ്ടാക്കിയ ഒന്നാണ് സൂര്യ മണിക്കുട്ടനോട് പ്രകടിപ്പിക്കുന്ന അടുപ്പം. തനിക്ക് മണിക്കുട്ടനോട് പ്രണയമാണെന്ന് പലതവണ നേരിട്ടും അല്ലാതെയും സൂര്യ പറഞ്ഞിട്ടുണ്ടെങ്കിലും മണിക്കുട്ടന്‍ തനിക്ക് തിരിച്ച് തോന്നുന്നത് സൗഹൃദവും ബഹുമാനവും ആണെന്നേ പറഞ്ഞിട്ടുള്ളൂ. എന്നാല്‍ സൂര്യ നടത്തുന്നത് ഒരു ഗെയിം സ്ട്രാറ്റജി ആണോയെന്ന് സംശയിക്കുന്ന മണിക്കുട്ടനെയാണ് ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ ദിനങ്ങളില്‍ കണ്ടത്. തന്നോട് ഉണ്ടെന്ന് സൂര്യ പ്രകടിപ്പിക്കുന്ന പ്രണയത്തില്‍ സംശയമുണ്ടെന്ന് മണിക്കുട്ടന്‍ കഴിഞ്ഞ ദിവസം അനൂപ് കൃഷ്‍ണനോട് പറഞ്ഞിരുന്നു. തമിഴ് ബിഗ് ബോസിലെ ഓവിയയെ മാതൃകയാക്കിയുള്ള സൂര്യയുടെ സ്ട്രാറ്റജി ആണോ ഇതെന്ന സംശയവും മണിക്കുട്ടന്‍ പ്രകടിപ്പിച്ചിരുന്നു. ഇന്നലത്തെ ബിഗ് ബോസ് പ്ലസ്സില്‍ ബിഗ് ബോസിനു മുന്നില്‍ ഇക്കാര്യം ഗൗരവത്തോടെ അവതരിപ്പിക്കുന്ന മണിക്കുട്ടനെയും പ്രേക്ഷകര്‍ കണ്ടു. തനിക്ക് ബിഗ് ബോസിനോട് ഒരു കാര്യം സംസാരിക്കാനുണ്ടെന്നും അതിനായി കണ്‍ഫെഷന്‍ റൂമില്‍ ഒരു പത്ത് മിനിറ്റ് നല്‍കണമെന്നും ഒരു ക്യാമറയുടെ മുന്നില്‍പ്പോയി മണിക്കുട്ടന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ബിഗ് ബോസ് മണിക്കുട്ടനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയും ചെയ്‍തു.
എന്താണ് പറയാനുള്ളതെന്ന ബിഗ് ബോസിന്‍റെ ചോദ്യത്തിന് മണിക്കുട്ടന്‍റെ പ്രതികരണം ഇങ്ങനെ ആയിരുന്നു.
ബിഗ് ബോസിനോട് മണിക്കുട്ടന്‍ വെളിപ്പെടുത്തിയ ആശങ്ക
"50 ദിവസം ആയിട്ടേ ഉള്ളൂ. എനിക്ക് ഇപ്പോഴും പിടികിട്ടുന്നില്ല, പുറത്തേക്ക് പോകുമ്പോള്‍ എന്താവുമെന്ന്.. ബിഗ് ബോസ് ഷോയില്‍ 100 ദിവസം നിന്നാല്‍ എനിക്ക് വലിയൊരു സന്തോഷമായിരിക്കും. പക്ഷേ പണം, പേര്, പ്രശസ്തി ഇതിനേക്കാള്‍ ഞാന്‍ വിശ്വസിക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളുണ്ട്, ചില ജീവിത രീതികളുണ്ട്. വളരെ ചെറിയ ജീവിതമാണ് ഞാന്‍ എപ്പോഴും ആഗ്രഹിച്ച് മുന്നോട്ടുപോകുന്നത്. അതിനിടയ്ക്ക് വേറൊരു സംഭവം- സൂര്യയുടെ കേസ്, ബിഗ് ബോസിന് അറിയാമല്ലോ.. ആ കത്ത് തന്നപ്പോഴും വളരെ രഹസ്യമായിട്ടാണ് ഞാന്‍ സൂക്ഷിച്ചു വച്ചിരുന്നത്. ആ കുട്ടിയെ അതിന്‍റെ പേരില്‍ ആരും കളിയാക്കരുത് എന്നുള്ളതുകൊണ്ട്. കഴിഞ്ഞ ദിവസം പറഞ്ഞുതീര്‍ത്ത ഒരു കാര്യമാണ്. അതിനു ശേഷം പെട്ടെന്നൊരു ട്വിസ്റ്റ് ആയി, ഉച്ച തൊട്ട് വൈകുന്നേരം വരെ മണിക്കുട്ടനെ ഞാന്‍ ഭയങ്കരമായി സ്നേഹിച്ചിരുന്നു, പക്ഷേ സുഹൃത്തിനെപ്പോലെ കാണുന്നു, സ്നേഹം തിരിച്ചുകിട്ടുന്നില്ല എന്നൊക്കെ സൂര്യ പറയുന്നതുകേട്ടു. എന്‍റെ ജീവിതം ഇതെങ്ങോട്ടാണ് പൊയ്ക്കൊണ്ടിരിക്കുന്നത് എനിക്ക മനസിലാവുന്നില്ല ബിഗ് ബോസ്.
15 വര്‍ഷമായി എനിക്ക് സിനിമയേ അറിയുകയുള്ളൂ ബിഗ് ബോസ്. 15 വര്‍ഷമായിട്ട് സിനിമയല്ലാതെ എനിക്ക് വേറെ ജോലിയൊന്നുമില്ല. പല ബിസിനസ് അടക്കം പലതും ഞാന്‍ ശ്രമിച്ചിരുന്നു, പക്ഷേ അതൊക്കെ പാളിപ്പോയി. മാത്രമല്ല സിനിമ എനിക്ക് ഭയങ്കര പാഷന്‍ ആണ്. അത് ഞാനിങ്ങനെ കൊണ്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്. ഒരുപാട് സിനിമകള്‍ ചെയ്യുന്നില്ലെങ്കിലും പ്രേക്ഷകര്‍ക്ക് എന്തോ എന്നെ ഇഷ്ടമാണ്. ഈയൊരു കാരണം കൊണ്ട് അത് നഷ്ടപ്പെടുമോ എന്ന പേടി എനിക്ക് ഭയങ്കരമായിട്ട് ഉണ്ട്. എനിക്ക് മുന്നോട്ടുള്ള യാത്ര ഭയങ്കര പ്രശ്നമാണ്. കാരണം പ്രൊവോക്കിംഗിന്‍റെ അങ്ങേയറ്റമായി പല കാര്യങ്ങളും വരുന്നുണ്ട്. അതിലും ഇന്‍വോള്‍വ്‍ഡ് ആകുമോ എന്ന് ഒരു പേടി എന്നില്‍ ഭയങ്കരമായിട്ട് കിടപ്പുണ്ട്. എന്നെ എങ്ങനെയെങ്കിലും ബിഗ് ബോസ് ഒന്ന് സഹായിക്കണം", മണിക്കുട്ടന്‍ പറഞ്ഞു.
മണിക്കുട്ടനെ ആശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു ബിഗ് ബോസിന്‍റെ പ്രതികരണം
"മണിക്കുട്ടന്‍, ക്യാപ്റ്റന്‍സി ടാസ്‍കില്‍ ആയാലും മറ്റ് ഏതു ടാസ്‍കില്‍ ആയാലും ഇവിടെ ക്യാമറയില്‍ പതിയുന്നതും പ്രേക്ഷകര്‍ കാണുന്നതും വളരെ ആരോഗ്യകരമായ മത്സരമാണ്. മത്സരത്തിനിടെ വിജയിക്കാന്‍ വേണ്ടി മാനസികവും ശാരീരികവുമായ തന്ത്രപരമായ നീക്കങ്ങള്‍ എതിരാളികളുടെ ഭാഗത്തുനിന്നും ഉണ്ടായേക്കാം. അതിലൊന്നും തളരാതെ മുന്‍പ് നിങ്ങളില്‍ ഉണ്ടായിരുന്ന മത്സരബുദ്ധിയും പോരാട്ടവീര്യവും നിലനിര്‍ത്തിക്കൊണ്ടും വര്‍ധിപ്പിച്ചുകൊണ്ടും മികച്ച രീതിയില്‍ മുന്നോട്ട് പോവുക. സമാധാനത്തോടെ സന്തോഷത്തോടെ പോകൂ. മികച്ച രീതിയില്‍ മത്സരിക്കൂ. എല്ലാ ആശംസകളും", ബിഗ് ബോസ് പറഞ്ഞു. ബിഗ് ബോസിന് നന്ദി പറഞ്ഞുകൊണ്ടാണ് മണിക്കുട്ടന്‍ കണ്‍ഫെഷന്‍ റൂമിന് പുറത്തേക്ക് പോയത്.
സൂര്യയുടെ കാര്യത്തെക്കുറിച്ച് കഴിഞ്ഞ ദിവസം അനൂപിനോട് മണിക്കുട്ടന്‍ പറഞ്ഞത്
"ഇവള്‍ പറയുന്നു എന്‍റടുത്ത് സ്നേഹമുണ്ടെന്ന്. ഞാന്‍ ഇവളോട് പറഞ്ഞു എന്നോട് ഒരാള്‍ ദേഷ്യപ്പെടുന്നത് എനിക്ക് സ്റ്റോപ്പ് ചെയ്യാന്‍ പറ്റില്ല. അതുപോലെ എന്നെ ഒരാള്‍ സ്നേഹിക്കുന്നതും എനിക്ക് സ്റ്റോപ്പ് ചെയ്യാന്‍ പറ്റില്ല എന്ന്. അത് അവരുടെ കാര്യം. എനിക്ക് ദൈവമായിട്ട് തോന്നിപ്പിച്ചാണ് ഞാന്‍ അന്ന് പറഞ്ഞത്, നിങ്ങള്‍ ഇതിനെ പ്രണയമാക്കരുത്, നമ്മള്‍ ഫ്രണ്ട്സ് മാത്രമാണ് എന്ന്. പക്ഷേ ഇത് ഇങ്ങനെ പോയിരുന്നെങ്കിലുണ്ടല്ലോ. ഈ കൊച്ച് തമിഴ് (ബിഗ് ബോസ്) ഒക്കെ കണ്ടിട്ടു വന്നിട്ട്.. ഫസ്റ്റ് സീസണില്‍ ഓവിയ പ്രണയത്തിന്‍റെ പേരില്‍ പൂളില്‍ ചാടിയല്ലോ. കഴിഞ്ഞതിന്‍റെ മുമ്പലത്തെ ആഴ്ച ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ചുമ്മാതെ ചോദിച്ചതാണ് തമിഴില്‍ ഏറ്റവും ഇഷ്ടം ആരെ ആയിരുന്നെന്ന്. എന്നോട് പറഞ്ഞു മലയാളത്തില്‍ ഉണ്ടായിരുന്നിട്ട് പിന്നെ തമിഴില്‍ പോയി സിനിമ ചെയ്‍ത കുട്ടി എന്ന്.. ഓവിയ ആര്‍മിയുടെ കാര്യമൊക്കെ നമ്മളും കേട്ടിട്ടുണ്ടല്ലോ. അതെന്തായി എന്നിട്ടെന്ന് ഞാന്‍ ചോദിച്ചു. അവര്‍ക്കൊരു പ്രണയമുണ്ടായിരുന്നു, അവസാനം എന്തോ ഒരു പ്രശ്‍നം ഉണ്ടായപ്പോള്‍ അവള്‍ പൂളില്‍ ചാടി. പക്ഷേ അതുകൊണ്ട് ആള്‍ക്കാരെല്ലാംകൂടി അവരെ ഭയങ്കരമായിട്ട് അക്സെപ്റ്റ് ചെയ്തു എന്നൊക്കെ എന്നോട് പറഞ്ഞു.
എടാ, എനിക്ക് 12 വര്‍ഷമായിട്ട് സൂര്യയെ അറിയാം. സൂര്യ എന്‍റെകൂടെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വച്ച് കണ്ടിട്ടുണ്ട്. അപ്പോഴൊന്നും സൂര്യ ഇതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇവിടെവന്നിട്ട് ഉണ്ടാവാന്‍ പാടില്ലെന്ന് എനിക്ക് പറയാന്‍ പറ്റില്ല. പക്ഷേ ഒരു ദിവസം കൊണ്ടോ രണ്ടു ദിവസം കൊണ്ടോ പെട്ടെന്ന് ഉണ്ടാവുന്നു എന്ന് പറഞ്ഞാല്‍.. അതിനെ ഞാന്‍ സംശയിക്കുന്നില്ല. അതിനെ അവഹേളിക്കുന്ന രീതിയില്‍ ഇതുവരെ ഞാന്‍ പെരുമാറിയിട്ടില്ല. അതിനെ വളരെ റെസ്പെക്റ്റോടെയേ കണ്ടിട്ടുള്ളൂ. പക്ഷേ ഇവര്‍ സംസാരിക്കുമ്പൊ ഇത് പറയുന്നു- ഞാന്‍ മണിക്കുട്ടനെ സ്നേഹിക്കുന്നുണ്ട് ഒരുപാട്. പക്ഷേ എനിക്കറിയാം തിരിച്ച് ഒരു സുഹൃത്ത് ആണെന്ന്. സ്നേഹം തിരിച്ചുകിട്ടുന്നില്ല എന്നൊക്കെ പറഞ്ഞുതുടങ്ങി. ഇവളെന്താണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് എനിക്ക് തോന്നി. പ്രണയത്തെ വേറെ രീതിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് എനിക്ക് പേടിയുണ്ട്. ഇഷ്ടവും സൗഹൃദവും റെസ്പെക്റ്റും ഞാന്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ ഇവര്‍ പ്രണയത്തെ വേറൊരു രീതിയില്‍ കൊണ്ടുപോയി ദു:ഖപുത്രി എന്ന നിലയില്‍ പോയിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍", മണിക്കുട്ടന്‍ തന്‍റെ ആശങ്ക അനൂപിനോട് വ്യക്തമാക്കി.