'ഫൈനല്‍ 5ല്‍ എത്തുക നമ്മള്‍ അഞ്ചു പേര്‍'; ഭാഗ്യലക്ഷ്‍മിയോട് തന്‍റെ പുതിയ പ്ലാന്‍ അവതരിപ്പിച്ച് കിടിലം ഫിറോസ്

ഫൈനല്‍ 5ല്‍ എത്തുമെന്ന് താന്‍ കരുതുന്ന ആളുകളുടെ പേരുകള്‍ പ്രഖ്യാപിച്ചതിനു ശേഷമാണ് ഫിറോസ് ഇതിനെക്കുറിച്ച് പറഞ്ഞത്

kidilam firoz shares his plan to go forward in bigg boss 3

ബിഗ് ബോസ് മലയാളം സീസണ്‍ 3 ഏഴാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ രണ്ട് സീസണുകളില്‍ നിന്ന് പല വ്യത്യാസങ്ങളുമുണ്ട് ഈ സീസണിന്. ഒന്നോ രണ്ടോ മത്സരാര്‍ഥികള്‍ക്ക് അസാധാരണ ഫാന്‍ ഫോളോവിംഗും മറ്റുള്ളവര്‍ക്ക് തീരെ ആരാധകരില്ലാത്ത അവസ്ഥയും ഇത്തവണ ഇല്ല. മറിച്ച് ഏറിയോ കുറഞ്ഞോ പ്രേക്ഷകശ്രദ്ധ ഏതെങ്കിലുമൊക്കെ തരത്തില്‍ നേടിയെടുത്ത മത്സരാര്‍ഥികളാണ് നിലവില്‍ ഹൗസില്‍ ഉള്ളത്. ഈ സീസണിലെ സീനിയേഴ്സ് ആയ ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ്, നോബി തുടങ്ങിയവര്‍ പുറത്തെ തങ്ങളുടെ പ്രതിച്ഛായ മനസില്‍വച്ച് സേഫ് ഗെയിം ആണ് കളിക്കുന്നതെന്ന് മത്സരാര്‍ഥികള്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും അഭിപ്രായം ഉയര്‍ന്നിരുന്നു. അവരെക്കൊണ്ട് ഈ മാനസികാവസ്ഥ ബ്രേക്ക് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു ടാസ്ക് വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ നല്‍കിയിരുന്നു. ഒരു പ്രത്യേക കസേരയില്‍ ഇരിക്കുന്നവരോട് എന്ത് ചോദ്യവും ചോദിക്കാം എന്നതായിരുന്നു ടാസ്‍ക്. കിടിലം ഫിറോസ്, ഭാഗ്യലക്ഷ്മി, നോബി എന്നിവരെക്കൂടാതെ കസേര ലഭിച്ചത് സന്ധ്യക്കായിരുന്നു. പലരും തങ്ങള്‍ക്ക് ചോദിക്കാനുള്ളത് ഇവരോട് തുറന്ന് ചോദിക്കുകയും ചെയ്തു. ഈ ടാസ്കിനുശേഷം സീസണ്‍ 3ല്‍ ചില പുതിയ ബലതന്ത്രങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. തങ്ങളുടെ സേഫ് ഗെയിം വിടാന്‍ തീരുമാനിച്ചിരിക്കുന്നതായി ഭാഗ്യലക്ഷ്‍മിയും കിടിലം ഫിറോസും വ്യക്തമാക്കിക്കഴിഞ്ഞു. അക്കൂട്ടത്തില്‍ തന്‍റെ മനസിലുള്ള മറ്റൊരു ആശയവും കിടിലം ഫിറോസ് പങ്കുവച്ചിരുന്നു.

ഫൈനല്‍ 5ല്‍ എത്തുമെന്ന് താന്‍ കരുതുന്ന ആളുകളുടെ പേരുകള്‍ പ്രഖ്യാപിച്ചതിനു ശേഷമാണ് ഫിറോസ് ഇതിനെക്കുറിച്ച് പറഞ്ഞത്. തന്നെക്കൂടാതെ ഡിംപല്‍, മണിക്കുട്ടന്‍, ഭാഗ്യലക്ഷ്മി, റംസാന്‍ എന്നിവരാണ് ഫൈനല്‍ അഞ്ചില്‍ ഇടംപിടിക്കുക എന്നാണ് കിടിലം ഫിറോസിന്‍റെ കണക്കുകൂട്ടല്‍. ഈ അഞ്ചുപേരും അവസാന ആഴ്ച വരെ ഒരുമിച്ച് നിന്നാല്‍ ഫെയര്‍ ഗെയിം നടക്കുമെന്നും ഫിറോസ് പറയുന്നു. ഡിംപലിന്‍റെ കൂടി സാന്നിധ്യത്തില്‍ ഭാഗ്യലക്ഷ്മിയോട് തന്‍റെ പ്ലാന്‍ അവതരിപ്പിച്ച ഫിറോസ് മണിക്കുട്ടനോട് പിന്നീട് ഒറ്റയ്ക്കും ഈ ആശയം വിശദീകരിച്ചു. 

"ഞാന്‍ ഇതുവരെ പ്ലാന്‍ഡ് അല്ല. പക്ഷേ എനിക്ക് ആ കസേരയില്‍ ഇരുന്ന് എഴുന്നേറ്റപ്പോള്‍ മുതല്‍.. ഞാന്‍ അത് ആദ്യം ഷെയര്‍ ചെയ്‍തത് ഇവളോടാണ് (ഡിംപലിനെ ചൂണ്ടിക്കാട്ടിക്കൊണ്ട്). എന്തോ ട്രസ്റ്റ് ഫാക്റ്റര്‍ കൊണ്ട്. ഞാന്‍ ചേച്ചിയോട് അത് പറഞ്ഞില്ല. അത് ട്രസ്റ്റ് ഫാക്റ്റര്‍ ഇല്ലാത്തതുകൊണ്ടല്ല. അവളോട് ഇന്നലെ ഞാന്‍ അത് ചര്‍ച്ച ചെയ്തു. പക്ഷേ എന്‍റെ മനസില്‍ കിടക്കുന്ന പ്രശ്‍നം, ബാക്കി രണ്ടു പേരോട് ഞാന്‍ അത് ഡിസ്‍കസ് ചെയ്താല്‍ അവര്‍ ചിലപ്പോള്‍ അത് ഗ്രൂപ്പ് സ്ട്രാറ്റജി ആയിട്ട് മനസിലാക്കും. പ്ലാന്‍ സിംപിള്‍ ആണ്. അഞ്ച് പേരാണ് ഫൈനല്‍ ഫൈവിലേക്ക് വരേണ്ടത്. അവിടെ നില്‍ക്കാന്‍ യോഗ്യതയുള്ളവരെന്ന് നമുക്ക് തോന്നുമല്ലോ. ടൈറ്റില്‍ വിന്‍ ചെയ്യുന്നത് മാറ്റിവെക്കൂ. ടൈറ്റില്‍ ജയിക്കാന്‍ ഈ സ്ട്രാറ്റജി ഒന്നും നടക്കില്ല. ഫൈനല്‍ ഫൈവില്‍ എത്തിയാല്‍ ടാസ്‍കിനും മുകളില്‍ ടാസ്‍ക്.. അതാണ് സംഗതി. അവിടെ എത്തിയാല്‍ പിന്നെ പരസ്‍പരം ഫൈറ്റ് ഇല്ല. റിയല്‍ ഫൈറ്റ് ആണ്. അവശേഷിക്കുന്ന ആറ് ആഴ്ചകള്‍.. സത്യത്തില്‍ ചെയ്യേണ്ടത് ഫൈനല്‍ ഫൈവില്‍ വരുമെന്ന് നമുക്കുകൂടി ബോധ്യമുള്ള അഞ്ചു പേര്‍ ഒരുമിച്ച് നില്‍ക്കുകയല്ലേ? എന്‍റെ മനസില്‍ ഞാന്‍ ഫൈനല്‍ 5ല്‍ ഉണ്ട്. ഡിംപുവും ചേച്ചിയുമുണ്ട്. മണി എന്‍റെ മനസില്‍ ഫൈനല്‍ ഫൈവില്‍ ഉണ്ട്. പിന്നെ എന്‍റെ മനസില്‍ ഉണ്ടായിരുന്നത് പാത്തു ആയിരുന്നു. പക്ഷേ പാത്തു പോയി. ആ സ്ഥാനത്തേക്ക് റംസാന്‍ വന്നേക്കാം", കിടിലം ഫിറോസ് ഭാഗ്യലക്ഷ്മിയോട് പറഞ്ഞു. അതേസമയം ഫിറോസിന്‍റെ ഈ പദ്ധതിയോട് ഭാഗ്യലക്ഷ്മിയോ ഡിംപലോ മണിക്കുട്ടനോ പ്രതികരിക്കുന്നതായി ബിഗ് ബോസ് കാണിച്ചിട്ടില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios